ഇസ്രയേൽ ഗാസ സംഘർഷം അവസാനിപ്പിക്കാൻ ഇരുപത് നിർദേശങ്ങളുമായി ട്രംപ്; എന്തെല്ലാമാണവ? വിശദമായി വായിക്കാം

എന്തൊക്കെയാണ് ട്രംപ് മുന്നോട്ടുവെച്ച 20 നിർദേശങ്ങൾ? വിശദമായി വായിക്കാം

ഗാസയുടെ ഭാവിയിൽ പ്രതീക്ഷയേകി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച നടന്നിരിക്കുകയാണ്.യുദ്ധം അവസാനിപ്പിക്കാൻ ഇരുപത് നിർദേശങ്ങളാണ് ട്രംപ് മുന്നോട്ടുവെച്ചത്. ഇവ നെതന്യാഹു അംഗീകരിച്ചു കഴിഞ്ഞു. ഇനി ഹമാസ് കൂടി ഈ നിർദേശങ്ങൾ അംഗീകരിച്ചാൽ രണ്ട് വർഷത്തോടടുക്കുന്ന, പശ്ചിമേഷ്യയെ അശാന്തിയുടെ മുൾമുനയിൽ നിർത്തിയ ക്രൂരമായ രക്തച്ചൊരിച്ചിലിന് ഒരു അവസാനമുണ്ടാകും.

എന്തൊക്കെയാണ് ട്രംപ് മുന്നോട്ടുവെച്ച 20 നിർദേശങ്ങൾ. വിശദമായി വായിക്കാം

  • ഗാസ സമീപ രാജ്യങ്ങൾക്ക് ഭീഷണിയല്ലാത്ത, 'തീവ്രവാദ' മുക്ത മേഖലയായിരിക്കും
  • ഗാസയിലെ ജനങ്ങൾ ആവശ്യത്തിലധികം ദുരിതം അനുഭവിച്ചുകഴിഞ്ഞു. അവർക്ക് പ്രയോജനം ലഭിക്കുന്ന രീതിയിൽ ഗാസയെ പുനർനിർമിക്കും
  • ഇസ്രയേലും ഹമാസും ഈ നിർദേശം അംഗീകരിക്കുന്ന പക്ഷം, യുദ്ധം അവസാനിക്കും. ഇസ്രയേലി സൈന്യം ബന്ദികളുടെ മോചനത്തിനായി തയ്യാറെടുക്കും. ഈ സമയത്ത് എല്ലാ സൈനിക നടപടികളും നിർത്തിവെക്കുകയും പൂർണ പിന്മാറ്റത്തിൽ തീരുമാനമാകുന്നതുവരെ അതിർത്തികൾ മരവിപ്പിക്കുകയും ചെയ്യും.
  • ഇസ്രയേൽ ഈ നിർദേശം അംഗീകരിച്ച് 72 മണിക്കൂറിനുള്ളിൽ തന്നെ ബന്ദികളെ മോചിപ്പിച്ചുതുടങ്ങണം.

  • ബന്ദികളെ മോചിപ്പിച്ചുകഴിഞ്ഞാൽ ഇസ്രയേൽ 250 തടവുകാരെയും 1700 -ാളം ഗാസ പൗരന്മാരെയും മോചിപ്പിക്കും. ബന്ദികളാക്കപ്പെട്ടിരുന്നതിനിടെ മരണപ്പെട്ട ഇസ്രയേലി പൗരന്മാരുടെ ഭൗതികാവശിഷ്ടങ്ങൾ കൈമാറിയാൽ, ഗാസക്കാരുടെ ഭൗതികാവശിഷ്ടങ്ങൾ ഇസ്രയേൽ വിട്ടുകൊടുക്കും.
  • ബന്ദിമോചനം പൂർണമായും അവസാനിച്ചാൽ, ആയുധം താഴെവെയ്ക്കുന്ന, സമാധാനത്തിന്റെ പാത സ്വീകരിക്കുന്ന ഹമാസ് അംഗങ്ങൾക്ക് മാപ്പ് നൽകും. ഗാസ വിട്ടുപോകാൻ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങൾക്ക് അതിനുള്ള സൗകര്യമൊരുക്കും.
  • നിർദേശം അംഗീകരിക്കപ്പെട്ടാൽ, ഗാസ മുനമ്പിലേക്ക് ഉടൻ സഹായമെത്തിക്കും. ജനുവരി 19 2025ന് അംഗീകരിക്കപ്പെട്ട കരാറിനനുസൃതമായിരിക്കും സഹായങ്ങൾ.അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം, ആശുപത്രികൾ, ബേക്കറികൾ തുടങ്ങിയവ അവയിൽ ഉൾപ്പെടും.
  • ഹമാസിന്റെയും ഇസ്രയേലിന്റെയും ഇടപെടൽ ഇല്ലാതെ ഗാസ മുനമ്പിലേക്ക് സഹായമെത്തും. യുഎന്നും അവയുടെ ഏജൻസികളുടെയും മേൽനോട്ടത്തിലായിരിക്കും ഇത് നടക്കുക. ജനുവരി 19ന് അംഗീകരിക്കപ്പെട്ട കരാറിനനുസരിച്ച് റഫാഹ് ക്രോസിംഗ് തുറക്കുന്നതിൽ തീരുമാനമാകും
  • താത്കാലിക ഭരണകൂടത്തിനായിരിക്കും ഗാസയുടെ ചുമതല. യോഗ്യതയുള്ള പലസ്തീൻ വംശജരും അന്താരാഷ്ട്ര വിദഗ്ധരും അടങ്ങുന്ന 'ബോർഡ് ഓഫ് പീസ്' എന്നറിയപ്പെടുന്ന സമിതിയുടെ തലവൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ആണ്. ഈ സംഘത്തിനായിരിക്കും ഗാസയുടെ പുനർനിർമാണത്തിന്റെ ചുമതല. നിക്ഷേപം ലഭ്യമാക്കുക, ഗാസയിൽ സുസ്ഥിര ഭരണകൂടം സ്ഥാപിക്കുക തുടങ്ങിയവ ഈ സമിതിയുടെ ലക്ഷ്യമാകും.
  • പശ്ചിമേഷ്യയിലെ പല രാജ്യങ്ങളെയും പോലെ അമേരിക്കയുടെയും ട്രംപിന്റെയും നേതൃത്വത്തിൽ ഗാസയെ പുനർനിർമിക്കാനുള്ള പദ്ധതി തയ്യാറാക്കും. നിരവധി അന്താരാഷ്ട്ര ഗ്രൂപ്പുകൾ ഗാസയ്ക്കായി നിക്ഷേപ പദ്ധതികളും മറ്റും തയ്യാറാക്കിയിട്ടുണ്ട്. ഇവ ഗാസയിലേക്കെത്തിക്കുന്നതിനും അവ നടപ്പിലാകുന്നതിനുമായി നടപടിയുണ്ടാകും. ഇവ ഗാസയുടെ ഭാവിക്ക് ഗുണം ചെയ്യുകയും തൊഴിലുകളും സാധ്യതകളും സൃഷ്ടിക്കുകയും ചെയ്യും.
  • പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.
  • ഒരാൾക്കും ഗാസയിൽ നിന്ന് പുറത്തുപോകേണ്ടിവരില്ല. അങ്ങനെ പോകാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ അവരെ തടയുകയുമില്ല. ജനങ്ങളെ ഗാസയിൽ നിലനിർത്താനും ഗാസയുടെ ഭാവിക്ക് വേണ്ടി പരിശ്രമിക്കാനും പ്രേരിപ്പിക്കും.
  • ഹമാസിനോ മറ്റ് സംഘടനകൾക്കോ ഗാസയുടെ ഭരണത്തിൽ ഒരു പങ്കും ഉണ്ടാകില്ല. തണലുകൾ, ആയുധ നിർമാണ ശാലകൾ തുടങ്ങിയവയെ എല്ലാം നശിപ്പിക്കും. നിരായുധീകരണം നടപ്പിലാക്കാൻ സ്വതന്ത്ര നിരീക്ഷകരുണ്ടാകും. അയൽരാജ്യങ്ങളുമായി സമാധാനപൂർവം നിലനിൽക്കാൻ കഴിയുന്ന ഒരു ഗാസയെ നിർമിക്കും.
  • ഹമാസും അവരുടെ വിഭാഗങ്ങളും വാക്ക് പാലിക്കുന്നുണ്ടെന്നും പുതിയ ഗാസ അയൽരാജ്യങ്ങൾക്ക് ഭീഷണിയാകില്ല എന്ന് ഉറപ്പാക്കാനും പ്രാദേശിക പങ്കാളി രാജ്യങ്ങൾ ഗ്യാരണ്ടികൾ നൽകും.
  • ഗാസയിൽ ഉടനടി ഒരു ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്‌സ് (ഐഎസ്എഫ്) സ്ഥാപിക്കാനായി അറബ് രാജ്യങ്ങൾക്കൊപ്പം യുഎസ് പ്രവർത്തിക്കും. ഐഎസ്എഫ് പലസ്തീനിയൻ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. ഇതിനായി ഈ മേഖലയിൽ പ്രവൃത്തിപരിചയമുളള ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെ സമീപിക്കും. പലസ്തീനിയൻ പൊലീസ് സേനയ്‌ക്കൊപ്പവും ഇസ്രയേലിനും ഈജിപ്‌തിനൊപ്പവും ഐഎസ്‌എഫും അതിർത്തി നിരീക്ഷണത്തിന് വിന്യസിക്കപ്പെടും.ഗാസയിലേക്ക് യുദ്ധോപകരണങ്ങൾ പ്രവേശിക്കുന്നത് തടയാനും ഗാസയെ പുനർനിർമിക്കാനും മറ്റും സാധനങ്ങളുടെ ഒഴുക്ക് ഉണ്ടാകേണ്ടത് നിർണായകമാണ്. ഇതിനായി ഒരു സംഘർഷ രഹിത സംവിധാനം ഒരുക്കും.
  • ഇസ്രയേൽ ഗാസ പിടിച്ചെടുക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യില്ല. ഐഡിഎഫ്, ഐഎസ്എഫ്, യുഎസ് തുടങ്ങിയവരുമായി നടത്തിയ ചർച്ചകളുടെ ഫലമായി ഇസ്രയേലി പ്രതിരോധ സേന പിൻവാങ്ങും. ഗാസയിൽ നിന്ന് പൂർണമായും പിൻവാങ്ങുന്നതുവരെ, കരാറുകൾ അനുസരിച്ച്, തങ്ങൾ പിടിച്ചുവെച്ചിരിക്കുന്ന ഗാസ പ്രദേശങ്ങൾ ഐഡിഎഫ് പതിയെ ഐഎസ്എഫിന് കൈമാറും. സുരക്ഷാ ഭീഷണി മുൻനിർത്തി, ഗാസയിലെ ഭീകരസാന്നിധ്യം പൂർണമായും ഒഴിയുന്നത് വരെ ഒരു ചെറിയ പ്രദേശം ഒഴികെയായിരിക്കും ഐഡിഎഫ് തിരിച്ചുനൽകുക
  • ഏതെങ്കിലും കാരണത്താൽ ഹമാസ് ഈ നീക്കങ്ങൾ വൈകിപ്പിച്ചാൽ, ഭീകരതയില്ലാത്ത പ്രദേശങ്ങളിൽ മേല്പറഞ്ഞ പ്രവർത്തനങ്ങൾ തുടരും.
  • ഇസ്രയേലികളുടെയും പലസ്തീനികളുടെയും ചിന്താഗതികൾ മാറ്റാനും, ഇരുവരുടെയും സമാധാനപരമായ നിലനിൽപ്പിനും സഹവർത്തിത്വത്തിനും വേണ്ടി പല വിശ്വാസങ്ങളിൽ നിന്നും മറ്റും ഉൾപ്പെടുന്നവരുടെ ഒരു സമാധാന സംഭാഷണ പ്രക്രിയ ഉണ്ടാകും.
  • ഗാസ പുനർനിർമാണവും മറ്റും നടക്കുമ്പോൾ തന്നെ പലസ്തീനികളുടെ ചിരകാല അഭിലാഷമായ പലസ്തീൻ രാജ്യം ഉണ്ടായേക്കാം. സ്വയംഭരണാവകാശമുളള ഒരു പലസ്തീൻ രാജ്യം എന്നത് പലസ്തീനികളുടെ ഒരു സ്വപ്നമാണ്.
  • ഇസ്രയേലികളും പലസ്തീനികളും സമാധാനപരമായി നിലകൊളളാനും ജീവിക്കാനും, ഇരുവരുമായുളള ചർച്ചയ്ക്ക് യുഎസ് മുൻകൈ എടുക്കും.

Content Highlights: 20 points by trump to stop hamas israel conflict explained

To advertise here,contact us