ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ; മെഗാ മീറ്റിംഗ് വിളിച്ച് ബിജെപി! ആരിഫ് മുഹമ്മദ് ഖാന് നറുക്ക് വീഴുമോ?

ധൻകറിന്റെ രാജിക്ക് പിന്നിലെ പ്രധാന കാരണമായി രാഷ്ട്രീയ നിരീക്ഷകർ അടക്കം ചൂണ്ടിക്കാണിക്കുന്നത്, ജസ്റ്റിസ് യശ്വന്ത് വർമയുടെ ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട വിഷയമാണ്

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരു മാസം പോലും ഇനി ബാക്കിയില്ല. ഭാരതീയ ജനത പാർട്ടി അഥവാ ബിജെപി തങ്ങളുടെ നോമിനിയെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു. നിലവിൽ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ സാധ്യത കൂടുതലുള്ളത് ഡൽഹി ലഫ്. ഗവർണർ വികെ സക്‌സേനയും ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമാണ്.

റിപ്പോർട്ടുകൾ പറയുന്നത്, ഈ പട്ടികയിൽ വീണ്ടും പേരുകൾ ഉൾപ്പെടുന്നുണ്ടെന്നാണ്. ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, കർണാടക ഗവർണർ തവർചന്ദ് ഗെഹ്ലോട്ട്, സിക്കിം ഗവർണർ ഓം മാതുർ, ജമ്മു കശ്മീർ ലഫ.ഗവർണർ മനോജ് സിന്ഹ എന്നിവരുടെ പേരും ബിജെപി പരിഗണിക്കുന്നുണ്ട്. സെപ്തംബർ 9നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. സ്വയംസേവകനും മാധ്യമപ്രവർത്തകനും രാഷ്ട്രീയപ്രവർത്തകനുമായ ശേഷാദ്രി ചാരിയും ബിജെപിയുടെ നോമിനി ലിസ്റ്റിൽ പെടുന്നുണ്ട്. നിലവിലെ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷിനെയും ഉപരാഷ്ട്രപതി നോമിനിയായി പരിഗണിക്കണോ എന്ന ചർച്ച നടക്കുന്നുണ്ട് എന്നാണ് മറ്റു ചില പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.

പാർട്ടിയുമായും ആർഎസ്എസുമായും അടുത്ത ബന്ധമുള്ള ആളായിരിക്കണം അടുത്ത ഉപരാഷ്ട്രപതിയെന്നൊരു അജണ്ട ബിജെപിക്കുള്ളിലുണ്ടെന്നത് മുമ്പ് ചില നേതാക്കൾ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ വരുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് മുൻനിർത്തി കൂടിയാവും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനെ ബിജെപി നേരിടുക.

ചില ഗവർണർമാരും ലെഫ്റ്റനന്റ് ഗവർണർമാരും പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലായ് 21ന് ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ദൻകർ അപ്രതീക്ഷിതമായി വിരമിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ടായത്. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ രാജി. 2027 ഓഗസ്റ്റ് വരെയുണ്ടായ കാലാവധി തീരും മുമ്പേ കേന്ദ്ര നേതൃത്വവുമായി ഉണ്ടായ അഭിപ്രായ ഭിന്നത മൂലമാണ് രാജിയെന്നാണ് പരക്കെ പ്രചരിക്കുന്ന വിവരം.

ധൻകറിന്റെ രാജിക്ക് പിന്നിലെ പ്രധാന കാരണമായി രാഷ്ട്രീയ നിരീക്ഷകർ അടക്കം ചൂണ്ടിക്കാണിക്കുന്നത്, ജസ്റ്റിസ് യശ്വന്ത് വർമയുടെ ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട വിഷയമാണ്. സർക്കാരിനെ പരിഗണിക്കാതെ ഉപരാഷ്ട്രപതി ഏകപക്ഷീയമായ തീരുമാനങ്ങൾ കൈകൊള്ളുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടയിൽ ജസ്റ്റിസ് യശ്വന്ത് വർമയുടെ ഇംപീച്ച്‌മെന്റുമായി മുന്നോട്ട് പോകാനുള്ള താൽപര്യം ധൻകറിനില്ലായിരുന്നു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബിജെപി നയിക്കുന്ന എൻഡിഎ ഉപരാഷ്ട്രപതി നോമിനിയെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നത് പ്രധാനമന്ത്രിയെയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയെയുമാണ്. അടുത്താഴ്ച ബിജെപിയിലെ മുതിർന്ന നേതാക്കളും അടുത്ത സഖ്യകക്ഷികളുമായി മെഗാ മീറ്റിംഗ് നടത്താനൊരുങ്ങുകയാണ് ബിജെപിയെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ എൻഡിഎ എംപിമാരെല്ലാം പങ്കെടുക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

രാജ്യസഭയിലെയും ലോക്‌സഭയിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും, രാജ്യസഭയിലെ നോമിനേറ്റഡ് അംഗങ്ങൾക്കും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താം.Content Highlights: BJP begun work to finalise Vice President nominee

To advertise here,contact us