പ്രവാസ ജീവിതത്തിലേക്ക് കടക്കുന്ന എല്ലാവരെയും പോലെ ഒരു കൂട്ടം സ്വപ്നങ്ങളും കയ്യിൽ പിടിച്ചായിരുന്നു നിമിഷപ്രിയയും കുടുംബവും യെമനിലേക്ക് വിമാനം കയറിയത്. ജോലി തേടി, പുതിയ ജീവിതം കെട്ടിപ്പടുക്കാൻ വിദേശത്തേക്ക് പറന്ന മലയാളി യുവതി, പക്ഷെ, അവിടെയും വിധി അവർക്ക് വേണ്ടി കാത്തുവച്ചത് നിറംപിടിപ്പിച്ച ജീവിതമായിരുന്നില്ല. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കണ്ണീരൊഴുക്കി പ്രാർത്ഥിച്ചിരുന്നു കേരള ജനത. എന്നാൽ ഒരു രാജ്യത്തിന്റെ മുഴുവൻ ശ്രമങ്ങളും വിഫലമാക്കിക്കൊണ്ട് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള തിയതി വന്നിരിക്കുകയാണ്. യെമൻ പൗരൻ തലാൽ അബു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ യെമനിലെ ജയിലിൽ കഴിയുകയായിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കും. ഇത് സംബന്ധിച്ച ഉത്തരവിൽ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചിരുന്നു.
വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞെന്നും, സനായിലുള്ള തലാല് അബു മഹ്ദിയുടെ കുടുംബം മാപ്പ് നൽകിയാൽ മാത്രമെ ഇനി നിമിഷപ്രിയയ്ക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയുകയുള്ളു എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിനായി തലാലിന്റെ കുടുംബത്തെ കാണാനുള്ള ശ്രമങ്ങളും നടത്തി വരികയാണ്. നിലവിൽ വധശിക്ഷയ്ക്കുള്ള ഉത്തരവ് ജയിലിൽ എത്തിയിട്ടുള്ളതായി നിമിഷപ്രിയയെയും യെമനിലെ ഇന്ത്യൻ എംബസിയെയും അറിയിച്ചിട്ടുണ്ട്. തലാലിന്റെ കുടുംബത്തിന് 10 കോടി ഡോളർ (ഏകദേശം 8.57 കോടി രൂപ) ദയാധനമായി നൽകാമെന്ന് അറിയിച്ചിരുന്നു. ഇനി കുടുംബവുമായുള്ള ചർച്ചയിൽ പണം വാങ്ങി അവർ മാപ്പ് നൽകിയാൽ മാത്രമെ നിമിഷപ്രിയയെ രക്ഷിക്കാൻ കഴിയൂ.
യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായിലാണ് നിമിഷപ്രിയ കഴിയുന്നത്. ഹൂതികളുമായി ബന്ധമുള്ള ഇറാൻ സർക്കാരുമായി ചർച്ച നടത്തി നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചെങ്കിലും ഇക്കാര്യത്തിൽ തുടർ നീക്കങ്ങൾ സാധ്യമായിരുന്നില്ല. യെമനുമായി ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി സെയ്ദ് അബ്ബാസ് ഇന്ത്യയെ അറിയിച്ചെങ്കിലും, ചർച്ചയിൽ പിന്നീട് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും യെമനിൽ തന്നെ തുടരുകയാണ്. 2024 ഏപ്രിലിലായിരുന്നു പ്രേമകുമാരി സനായിലെത്തുകയും, 11 വർഷങ്ങൾക്ക് ശേഷം നിമിഷപ്രിയയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രത്തലവന്മാരുമായി ചർച്ച നടത്താനാണ് സാമുവൽ ജെറോം എന്ന മനുഷ്യാവകാശ പ്രവർത്തകനോടൊപ്പം പ്രേമകുമാരി സനായിലെത്തിയതെങ്കിലും ഈ ചർച്ച കാര്യമായി മുന്നോട്ട് പോയിരുന്നില്ല.
പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേർന്ന് യെമനിലേക്ക് പോയത്. നാട്ടിൽ നഴ്സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിലും ജോലി നേടി. അതിനിടെയാണ് ഇവർ തലാൽ അബ്ദുൾ മഹ്ദി എന്ന യെമൻ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തതിൽ ഒരു ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുന്നതും. യെമനിൽ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാൻ നിർവ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്.
ബിസിനസ് ആരംഭിക്കുന്നതിനായി നിമിഷപ്രിയയും ഭർത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം തലാലിനെ ഏൽപ്പിച്ചു. എന്നാൽ ക്ലിനിക് തുടങ്ങാൻ ഈ പണം മതിയാവാതെ വന്നതോടെ കൂടുതൽ പണം കണ്ടെത്തുന്നതിനും ഇരുവരും കുഞ്ഞിനെയും കൊണ്ട് നാട്ടിലേക്ക് തിരികെ പോന്നു. പിന്നീട് നിമിഷപ്രിയയാണ് ആദ്യം തിരികെ യെമനിലേക്ക് പോയത്. ബിസിനസിൽ കൂടുതൽ നേട്ടങ്ങളുണ്ടാകുമെന്നും, തലാൽ ഒരിക്കലും ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ ആദ്യം പോയെങ്കിലും, കുറച്ച് ദിവസങ്ങൾക്ക് ശേഷം തിരികെ പോകാനായിരുന്നു ടോമി ഉദ്ദേശിച്ചിരുന്നത്. എന്നാൽ സൗദി-യെമൻ യുദ്ധത്തെ തുടർന്ന് അദ്ദേഹത്തിന്റെ യാത്ര മുടങ്ങുകയായിരുന്നു.
ബിസിനസ് പങ്കാളി എന്ന നിലയിൽ ആദ്യമൊക്കെ മാന്യമായി പെരുമാറിയിരുന്ന തലാലിന്റെ സ്വഭാവം പതിയെ മാറാൻ തുടങ്ങി. ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാൽ എല്ലാവരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. പങ്കാളിത്തത്തിൽ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാൽ സ്വന്തമാക്കാൻ തുടങ്ങി. പാസ്പോർട്ട് തട്ടിയെടുക്കുകയും, അവരുടെ പക്കലുണ്ടായിരുന്ന സ്വർണം വിൽക്കുകയും ചെയ്തു. സഹിക്കാൻ വയ്യെന്ന ഘട്ടത്തിൽ നിമിഷപ്രിയ അധികൃതർക്ക് പരാതി നൽകി, ഇതോടെ തലാൽ ശാരീരിക ഉപദ്രവങ്ങൾ ആരംഭിച്ചു. ജീവൻ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താൻ തലാലിനെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയ വ്യക്തമാക്കിയിട്ടുള്ളത്.
മാനസിക-ശാരീരിക പീഡനങ്ങൾ സഹിക്കാൻ പറ്റാതെ വന്നതോടെ ഇതിൽ നിന്ന് രക്ഷനേടാൻ തലാലിനെ കൊലപ്പെടുത്തി എന്നതാണ് നിമിഷപ്രിയയ്ക്കെതിരെയുള്ള കേസ്. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു, പാസ്പോർട്ട് പിടിച്ചുവച്ച് നാട്ടിലേക്ക് വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങൾക്കിരയാക്കി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തുടങ്ങിയ വാദങ്ങളായിരുന്നു നിമിഷപ്രിയയ്ക്കുണ്ടായിരുന്നത്. നിമിഷപ്രിയയെ കൂടാതെ ഇവരുടെ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന ഹനാൻ എന്ന യെമനി യുവതിയെയും തലാൽ നിരന്തരം മർദിച്ചിരുന്നു. തലാലിൻറെ ഉപദ്രവം അസഹനീയമായപ്പോൾ നിമിഷപ്രിയ ഹനാനൊപ്പം ചേർന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾ പിന്നിട്ടതോടെ വാട്ടർ ടാങ്കിൽനിന്ന് ദുർഗന്ധം വന്നു. ഇതോടെ പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.
പിന്നീട് നടന്ന കേസ് അന്വേഷണത്തിൽ നിമിഷപ്രിയയും ഹനാനും ചേർന്നാണ് കൊലപാതകം നടത്തിയത് എന്ന് പൊലീസ് കണ്ടെത്തി. എന്നാൽ കോടതിയിൽ എത്തിയപ്പോൾ അറബിയിൽ തയ്യാറാക്കിയ കുറ്റപത്രത്തിൽ തന്നെക്കൊണ്ട് നിർബന്ധിച്ച് ഒപ്പ് വപ്പിച്ചു എന്നും നിമിഷപ്രിയ കൂട്ടിച്ചേർത്തു. കോടതിയിൽ ദ്വിഭാഷിയുടെ സേവനം പോലും നിമിഷപ്രിയയ്ക്ക് ലഭിച്ചില്ല. സംഭവത്തിന് കൂട്ടുനിന്ന ഹനാന് ജീവപര്യന്തം ശിക്ഷ വിധിച്ചു. വിചാരണയ്ക്ക് ശേഷം 2018ൽ യെമൻ കോടതി നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചു. മരിക്കണമെന്ന ഉദ്ദേശത്തോടെയല്ല മരുന്ന് കുത്തിവച്ചത് എന്ന നിമിഷപ്രിയയുടെ വാദത്തെ കോടതി ചെവിക്കൊണ്ടില്ല. അപ്പീൽ പോയെങ്കിലും അപ്പീൽ കോടതിയും വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. ശിക്ഷ ഇളവ് ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഴി യെമന് നിവേദനം നൽകിയിരുന്നെങ്കിലും ഇതും പരിഗണനയിലെടുത്തില്ല.
Content Highlight; Who Is Kerala Nurse Nimisha Priya Facing Death Penalty in Yemen?