'മോഹന്ലാല് വെറുമൊരു നടന് മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല് ആര്മിയില് ലെഫ്റ്റനന്റ് കേണല് എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണ്. ഇന്ത്യ- പാക് സംഘര്ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയില്, ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന് ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടന അദ്ദേഹത്തെ ആദരിക്കുന്നത് വളരെ വിരോധാഭാസവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്', ഷാർജയിൽ നടന്ന 'ഗള്ഫ് മാധ്യമം' പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ നടൻ മോഹൻലാലിനെതിരെ ആർഎസ്എസ് മുഖപത്രം ഓർഗനൈസർ പങ്കുവെച്ച ലേഖനത്തിൽ പറയുന്ന വരികലാണിവ. ലെഫ്റ്റനന്റ് കേണൽ പദവിയിലിരിക്കെ മോഹൻലാൽ പരിപാടിയിൽ പങ്കെടുത്തത് ശരിയല്ലെന്നും മോഹൻലാലിന്റെ പദവി പിൻവലിക്കണം എന്നും ലേഖനത്തിൽ പറയുന്നു.
ഇത് ആദ്യമായല്ല മോഹൻലാൽ എന്ന നടനെതിരെ സംഘപരിവാർ ആക്രമണം നടക്കുന്നത്. 2024 ൽ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങില് പങ്കെടുക്കാൻ ക്ഷണം ലഭിച്ച വ്യക്തികളിൽ മോഹൻലാലും ഉണ്ടായിരുന്നു. എന്നാൽ മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ പ്രമോഷന് തിരക്കുകൾ മൂലം ചടങ്ങിൽ അദ്ദേഹം പങ്കെടുത്തില്ല. അക്കാരണത്താൽ മോഹൻലാലിനെതിരെ സംഘപരിവാര് അനുകൂല പ്രൊഫെെലുകളില് നിന്ന് വലിയ തോതിൽ വിമർശനവും ഉയർന്നു. അതായിരുന്നു മോഹൻലാലിനെതിരെയുള്ള സംഘപരിവാർ ആക്രമണങ്ങളുടെ തുടക്കം.
പിന്നീട് ഇങ്ങോട്ട് പല കുറി മോഹൻലാൽ എന്ന വ്യക്തിക്കെതിരെ പല തരത്തിലുള്ള ആക്രമണങ്ങളും നടന്നു. അതിൽ ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഏറ്റവും വലിയ ഉദാഹരണമാണ് എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ. മാർച്ച് 27 ന് സിനിമ റിലീസ് ചെയ്ത്, ഏതാനും മണിക്കൂറുകൾ പിന്നിടും മുൻപേ സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ സിനിമയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നു. 2002ലെ ഗുജറാത്ത് കലാപം എമ്പുരാന്റെ കഥാപശ്ചാത്തലത്തില് പ്രാധാന്യത്തോടെ കടന്നുവന്നത് മുതൽ ബാബ ബജ്രംഗി എന്ന സിനിമയിലെ വില്ലന്റെ പേര് വരെ പലരെയും ചൊടിപ്പിച്ചു.
അന്നും ഓർഗനൈസർ രൂക്ഷ ഭാഷയിൽ വിമർശനവുമായി രംഗത്ത് വന്നിരുന്നു. തീവ്രവാദത്തെ ന്യായീകരിക്കുന്ന ചിത്രമാണ് എമ്പുരാൻ എന്നും വർഗീയ സംഘർഷങ്ങൾ ആളിക്കത്തിക്കുന്ന സിനിമയാണ് എമ്പുരാനെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയെ ദുരന്തങ്ങളുടെ രാജാവായി ചിത്രികരിക്കുകയാണ് ചിത്രമെന്നും ഓർഗനൈസർ അന്ന് ആരോപിച്ചു. ഇത്തരത്തിലുളള നിരവധി വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമൊടുവിൽ മോഹൻലാൽ ഖേദം പ്രകടിപ്പിക്കുകയും ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേൽ ലഭിച്ച പ്രഹരം പോലെ എമ്പുരാൻ സിനിമയിൽ 24 കട്ടുകളും വന്നു. പിന്നാലെ സിനിമയുടെ നിര്മാതാക്കളില് ഒരാളായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡും നടത്തിയിരുന്നു.
പഹല്ഗാം ഭീകരാക്രമണത്തില് അനുശോചനമറിയിച്ച് മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചപ്പോൾ പോലും എമ്പുരാൻ സിനിമയുമായി ബന്ധപ്പെടുത്തി ആ പോസ്റ്റിന് താഴെ വന്ന ഹേറ്റ് കമന്റുകൾക്ക് കൈയും കണക്കുമില്ല. 'ഈ ആക്രമണത്തെയും വെളുപ്പിക്കാൻ ഒരു സിനിമയെടുക്കൂ ലാലേട്ടാ', 'ഒരേ സമയം ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും ആണെന്ന് നിങ്ങള് നേരത്തേ തെളിയിച്ചതാണ്. അതുകൊണ്ട് ഈ പോസ്റ്റിന് യാതൊരു വിശ്വാസ്യതയില്ല', 'പാകിസ്ഥാനില് നിന്ന് പരിശീലനം കഴിഞ്ഞ് ഇന്ത്യയിലേക്ക് വരുന്ന സയീദ് മസൂദ് മാരെ സൂക്ഷിക്കു', എന്നിങ്ങനെ പോകുന്നു മോഹൻലാലിന്റെ പോസ്റ്റിന് താഴെ അന്ന് നടന്ന സൈബർ അറ്റാക്കുകൾ.
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണം സംബന്ധിച്ച് മോഹൻലാൽ നടത്തിയ പ്രതികരണത്തിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. 'മോഹൻലാൽ എന്ന നടൻ (വെറും നടൻ ) എമ്പുരാൻ എന്ന ചരിത്രം വളച്ചൊടിച്ച ജിഹാദി സിനിമയിൽ അഭിനയിച്ച അന്ന് തീർന്നു, നിങ്ങളോടുള്ള ആരാധന. ഇനി മസൂദ് അസ്ഹർ മനുഷ്യ സ്നേഹി എന്ന സിനിമയേ പറ്റി ആലോചിക്കുക', 'നാണം ഇല്ലേ… ജിഹാദികളെ വെള്ള പൂശി സിനിമ എടുത്തിട്ട് ഇപ്പോൾ പോസ്റ്റും കൊണ്ട് വന്നേക്കുന്നു', 'അബ്രാം ഖുറേഷി വേണ്ട, സോഫിയ ഖുറേഷി മതി' എന്നിങ്ങനെയായിരുന്നു സംഘപരിവാര് അനുകൂല പ്രൊഫെെലുകളില് നിന്ന് വന്ന കമന്റുകൾ.
ഇപ്പോൾ 'ഗള്ഫ് മാധ്യമം' സംഘടിപ്പിച്ച 'കമോണ് കേരള' ഏഴാം എഡിഷനില് മോഹന്ലാലിനെ ആദരിച്ചതാണ് ഇവരെ വീണ്ടും ചൊടിപ്പിച്ചിരിക്കുന്നത്. ജനം ടി വി അവതാരകനായ അനില് നമ്പ്യാരും മോഹന്ലാലിനെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു.
പാക് തീവ്രവാദികള് നമ്മുടെ സ്വന്തം ഭാരതത്തിന് നേരെ മിസൈലുകളും ഡ്രോണുകളും ഷെല്ലുകളും വര്ഷിക്കുമ്പോള് ഗള്ഫില് പോയി മൗദൂദി പത്രത്തിന്റെ പുരസ്കാരം ഏറ്റുവാങ്ങിയ ലഫ്റ്റനന്റ് കേണല് മോഹന്ലാലിന്റെ ആ മനസ് ആരും കാണാതെ പോകരുത്. ഇസ്ലാമിസ്റ്റുകൾ എത്ര പണം കൊടുത്താണ് മോഹന്ലാലിനെ ഈ പരിപാടിയില് ഇറക്കിയതെന്ന് അറിയില്ല. എന്തായാലും രാജ്യസ്നേഹത്തിന് മുകളിലാണ് ഭീകരവാദികളുടെ പണമെന്ന് തെളിയിച്ചല്ലോ എന്നും മോഹന്ലാലിനെ അധിക്ഷേപിച്ചുകൊണ്ട് അനില് നമ്പ്യാര് കുറിച്ചത്.
മോഹൻലാൽ മാത്രമല്ല, കഴിഞ്ഞ ഏതാനും നാളുകൾ മാത്രം നോക്കിയാൽ ഇത്തരം ആക്രമണങ്ങൾക്ക് ഇരയാകുന്നവർ ചുരുക്കമല്ല എന്ന് മനസിലാകും. പഹല്ഗാമിലെ ഭീകരാക്രമണത്തില് കൊല്ലപ്പെട്ട എന് രാമചന്ദ്രന്റെ മകള് ആരതിയും നേവി ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാളുമെല്ലാം സൈബർ ആക്രമണങ്ങൾക്ക് ഇരയായത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
പഹല്ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഒരു അനിയത്തിയെ പോലെ തന്നെ കശ്മീരി ഡ്രൈവര്മാരായ മുസാഫിറും സമീറും സഹായിച്ചുവെന്ന് പറഞ്ഞത് മൂലമാണ് ആരതിക്കെതിരെയും ഭീകരാക്രമണത്തിന്റെ പേരിൽ കശ്മീരികളെയും മുസ്ലിങ്ങളെയും വേട്ടയാടരുതെന്ന അഭ്യർത്ഥനയുടെ പേരിലാണ് ഹിമാൻഷിയും ചിലരുടെ ആക്രമണങ്ങൾക്ക് ഇരയായത്. യുദ്ധം കൊതിക്കുന്ന, വിദ്വേഷങ്ങൾ പടർത്തുന്ന ആളുകൾ ഓരോ സമയങ്ങളിലും മറ്റുള്ളവരെ ആക്രമിച്ചുകൊണ്ടിരിക്കും. അതിനെതിരെ ഉറച്ച് നിൽക്കുക എന്നതും ഒരു നിലപാട് തന്നെയാണ്.
Content Highlights: Mohanlal receives cyber abuse at various times of his career