ഈസ്റ്റേൺ മെഡിറ്ററേനിയൻ ഗേറ്റ്വേ ആക്റ്റ് (Eastern Mediterranean Gateway Act) എന്ന ഒരു ബിൽ ഏതാനും ദിവസം മുൻപ് (2026 ഏപ്രിൽ 29-ന്) യുഎസ് സെനറ്റിൽ അവതരിപ്പിക്കപ്പെട്ടു. ഭരണ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഡേവ് മക് കോർമിക്, പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയിലെ കോറി ബുക്കർ എന്നീ സെനറ്റർമാർ ചേർന്നാണ് ഈ ഉഭയകക്ഷി (Bipartisan) ബിൽ സെനറ്റിൽ അവതരിപ്പിച്ചത്. നേരത്തെ 2025 മെയ് മാസത്തിൽ ഇത് യുഎസ് ജനപ്രതിനിധി സഭയിലും (യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ്) അവതരിപ്പിച്ചിരുന്നു.
ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന, ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇക്കണോമിക് കോറിഡോർ (IMEC) എന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് യുഎസ് സെനറ്റിൽ ഈസ്റ്റേൺ മെഡിറ്ററേനിയൻ ഗേറ്റ് വേ ആക്റ്റ് എന്ന ഈ പുതിയ ബിൽ അവതരിപ്പിച്ചത്. 2023 സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ ചേർന്ന G20 ഉച്ചകോടിയിലാണ് IMEC പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ഐമെക്കിന്റെ ഭാഗമായ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ തുറമുഖങ്ങൾ, ഡിജിറ്റൽ ഇടനാഴികൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് യുഎസ് ഫണ്ടിങും നയതന്ത്ര പിന്തുണയും ലഭ്യമാക്കുക എന്നതാണ് ഈസ്റ്റേൺ മെഡിറ്ററേനിയൻ ഗേറ്റ്വേ ആക്റ്റ് (Eastern Mediterranean Gateway Act) എന്ന ഈ പുതിയ ബില്ലിന്റെ ലക്ഷ്യം.
ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ സ്വാധീനത്തിൽ നിന്നും കടൽത്തീര-ഊർജ്ജ വ്യാപാര പാതകളെ സംരക്ഷിക്കാൻ യുഎസ് രൂപപ്പെടുത്തിയ തന്ത്രപരമായ ഒരു ബൃഹദ് പദ്ധതി തന്നെയാണിത്. കൃത്യമായ നിയമനിർമ്മാണത്തിലൂടെ സെനറ്റ് ഇത് പാസാക്കിക്കൊടുത്താൽ മാത്രമേ ട്രംപിനും കൂട്ടർക്കും ഐമെക് പ്രോജക്റ്റിൽ തുടർനടപടികളുമായി നീങ്ങാൻ പറ്റൂ. ഗ്രീസ്, ഇസ്രായേൽ, സൈപ്രസ് തുടങ്ങിയ സഖ്യകക്ഷികളുമായി ചേർന്ന് പ്രവർത്തിക്കാനും ഐമെക് ബിൽ യുഎസ് സർക്കാരിന് അധികാരം നൽകുന്നുണ്ട്.
ഐമെക് പദ്ധതിക്കും, അതിനെ പിന്തുണയ്ക്കുന്ന ഈ പുതിയ ബില്ലിനും ജിയോ പൊളിറ്റിക്കൽ (ഭൗമരാഷ്ട്രീയ) തലത്തിൽ വലിയ പ്രാധാന്യമുണ്ട്. ആഗോള സാമ്പത്തിക-വ്യാപാര കുത്തക എന്ന പദവി കൈവരിക്കാൻ ചൈന തീവ്രമായി ആവിഷ്ക്കരിച്ചു കൊണ്ടിരിക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (BRI) എന്ന പദ്ധതിക്ക് ശക്തമായ ഒരു ബദൽ മാർഗ്ഗമാണ് ഐമെക്.
ആഗോള ചരക്കുനീക്കത്തിന്റെ സമയം 40 ശതമാനത്തോളവും അതിന്റെ പണച്ചെലവ് 30 ശതമാനത്തോളവും ലാഭിക്കാനും, അതുവഴി ഗതാഗതച്ചെലവ് മൊത്തത്തിൽത്തന്നെ ഗണ്യമായി കുറയ്ക്കാനും ഈ പദ്ധതി സഹായിക്കും.
ഇന്ത്യയെ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയായി ഐമെക് മാറുമെന്നാണ് കരുതപ്പെടുന്നത്. ഊർജ്ജ സുരക്ഷ, എണ്ണ, പ്രകൃതിവാതകം, ഹരിത ഊർജ്ജം (Green Hydrogen pipeline) എന്നിവയുടെ സുരക്ഷിതമായ വിതരണത്തിൽ വലിയ തോതിൽ ഈ ഇടനാഴി സഹായകമാകും. ചൈനയുടെ 'ബെൽറ്റ് ആൻഡ് റോഡ്' (Belt and Road Initiative - BRI) പദ്ധതിക്ക് ബദലായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഐമെക്.
ചൈനീസ് ആധിപത്യത്തെ സാമ്പത്തികമായും നയതന്ത്രപരമായും ശ്വാസം മുട്ടിക്കുക എന്നതാണ് അമേരിക്കൻ ലക്ഷ്യം.കര-കടൽ മാർഗ്ഗങ്ങളിലൂടെ യൂറോപ്പിലേക്ക് ചരക്കുകൾ എത്തിക്കുന്നതിനുള്ള വലിയ ശൃംഖലയാണ് ചൈനയുടെ ബെൽറ്റ് റോഡ് ഇനിഷ്യേറ്റീവ് (BRI) എന്ന പദ്ധതി. ഐമെക് നിലവിൽ വരുന്നതോടെ, ഇന്ത്യയിൽ നിന്നും മിഡിൽ ഈസ്റ്റ് (സൗദി അറേബ്യ, യു.എ.ഇ.) വഴി യൂറോപ്പിലേക്ക് വേഗത്തിലും കുറഞ്ഞ ചെലവിലും ചരക്കുകൾ എത്തിക്കാൻ സാധിക്കും. ഇത് ചൈനയുടെ വ്യാപാര കുത്തകയ്ക്ക് വലിയ വെല്ലുവിളിയാണ്.
സൂയസ് കനാലിനെ മാത്രം ആശ്രയിക്കുന്നതിന് പകരം, പുതിയ റെയിൽവേ-തുറമുഖ ശൃംഖലകൾ ഉപയോഗിക്കുന്നതിലൂടെ ഏഷ്യയും യൂറോപ്പും തമ്മിലുള്ള വ്യാപാര ദൂരവും സമയവും 40 ശതമാനത്തോളം കുറയും. ഇത് അന്താരാഷ്ട്ര വിപണിയിൽ ചൈനീസ് ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് മറ്റ് രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മത്സരക്ഷമത നൽകുന്നു. ഐമെക് വഴി ഗൾഫ് രാജ്യങ്ങളും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാകും. ഇത് ചൈനയ്ക്ക് ഗൾഫ് മേഖലയിലുള്ള അമിത ആശ്രയത്വം കുറയ്ക്കാനും, അമേരിക്കൻ സഖ്യകക്ഷികൾക്ക് ഊർജ്ജ സുരക്ഷ ഉറപ്പാക്കാനും സഹായിക്കും. അമേരിക്കൻ സെനറ്റിൽ അവതരിപ്പിച്ച ഈസ്റ്റേൺ മെഡിറ്ററേനിയൻ ഗേറ്റ്വേ ആക്ട് (Eastern Mediterranean Gateway Act) പ്രകാരം, തുറമുഖങ്ങൾ, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജ്ജ പൈപ്പ്ലൈനുകൾ എന്നിവയിലൂടെ മിഡിൽ ഈസ്റ്റിനെയും യൂറോപ്പിനെയും ബന്ധിപ്പിക്കാൻ അമേരിക്ക മുൻകൈയെടുക്കുന്നുണ്ട്.
ചൈനയുടെ വിപുലീകരണ തന്ത്രങ്ങളെ പ്രതിരോധിക്കാൻ ഈ മേഖലയെ തന്ത്രപ്രധാനമായ ഒരു ഹബ്ബാക്കി മാറ്റാനാണ് അമേരിക്കയുടെ ശ്രമം. ഇന്ത്യയെയും യൂറോപ്പിനെയും നേരിട്ട് ബന്ധിപ്പിക്കുക. അതുവഴി ചൈനയുടെ ആഗോള വ്യാപാര മേധാവിത്വത്തെ സാമ്പത്തികമായി തളയ്ക്കുക. ഇതാണ്, ഇതുതന്നെയാണ് ഐമെക് ഇടനാഴിയിലൂടെ അമേരിക്കയുടെ ലക്ഷ്യം.ഈസ്റ്റ് കോറിഡോർ, നോർത്ത് കോറിഡോർ എന്നിങ്ങനെ രണ്ട് ഇടനാഴികളായാണ് ഐമെക് വിഭാവനം ചെയ്തിരിക്കുന്നത്. ഈസ്റ്റ് കോറിഡോർ ഇന്ത്യയെ അറേബ്യൻ ഗൾഫുമായും നോർത്ത് കോറിഡോർ അറേബ്യൻ ഗൾഫിനെ യൂറോപ്പുമായും ബന്ധിപ്പിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ചരക്ക് ഗതാഗതത്തിന് പുതിയ റെയിൽവേ ലൈനുകൾ നിർമ്മിക്കുകയും നിലവിലുള്ളവയുമായി അത് ബന്ധിപ്പിക്കുകയും ചെയ്യും. ഇത് കടൽമാർഗ്ഗമുള്ള യാത്രയുടെ സമയം ഏറെ കുറയ്ക്കും.
കടൽ/കര മാർഗ്ഗ ഗതാഗത സംയോജനത്തിന് (Multimodal Transport): തുറമുഖങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന കപ്പൽ സർവീസുകളും കരമാർഗ്ഗമുള്ള റോഡ് ശൃംഖലകളും ഈ പദ്ധതിയിൽ ഉണ്ടാകും. ഹരിത ഹൈഡ്രജൻ (Green Hydrogen), പ്രകൃതിവാതകം എന്നിവ കൊണ്ടുപോകു ന്നതിനുള്ള പൈപ്പ്ലൈനുകൾ, ഡാറ്റാ കൈമാറ്റത്തിനായി ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, അതിർത്തികൾ കടന്നുള്ള ഊർജ്ജ വിതരണത്തിനായി പ്രത്യേക പവർ ഗ്രിഡുകൾ എന്നിവയും സ്ഥാപിക്കും. പ്രാഥമിക കണക്കുകൾ പ്രകാരം ഈ ബൃഹദ് പദ്ധതി പൂർത്തിയാക്കാൻ 20 ബില്യൺ യുഎസ് ഡോളർ (ഏകദേശം 1.6 ലക്ഷം കോടി രൂപ) ചെലവ് വരുമെന്നാണ് അനുമാനം. സർക്കാർ ഫണ്ടുകൾക്ക് പുറമേ, സ്വകാര്യ നിക്ഷേപങ്ങളെയും (Public-Private Partnership - PPP) G7 രാജ്യങ്ങളുടെ 'PGII' (Partnership for Global Infrastructure and Investment) പോലുള്ള ആഗോള പദ്ധതികളെയും ഇതിനായി ആശ്രയിക്കുന്നു. റെയിൽവേ ഉൾപ്പെടെയുള്ള കോർ സെഗ്മെന്റുകൾക്കായി ഏകദേശം 5 ബില്യൺ ഡോളറിന്റെ അധിക ഫണ്ടിങ്ങ് വേറെയും കണ്ടെത്തേണ്ടതുണ്ട്. നിലവിൽ, സൂയസ് കനാൽ വഴി താണ്ടുന്ന ദൂരത്തേക്കാൾ 40% സമയം ഐമെക് പാതയിൽ ലാഭിക്കാനാകും. പ്രതിവർഷം 22 ബില്യൺ ഡോളറിന്റെ അധിക കയറ്റുമതി വളർച്ചയാണ് ഇതിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുക.
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ (IMEC) പദ്ധതിയുടെ ഭാഗമായുള്ള പ്രധാന റെയിൽവേ ശൃംഖല, തുറമുഖ വികസനം, ലോജിസ്റ്റിക് ഹബ്ബുകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2025 ഏപ്രിലിൽത്തന്നെ തുടങ്ങി. ഇന്ത്യയെയും യുഎഇ-യെയും ബന്ധിപ്പിക്കുന്ന മാരിടൈം (കടൽ) ലോജിസ്റ്റിക് ശൃംഖലയും ഡിജിറ്റൽ സംവിധാനങ്ങളും ഇതിനകം തന്നെ പ്രവർത്തനക്ഷമ മാക്കാനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായി വരുന്നു. പദ്ധതിയുടെ പൂർണ്ണതോതിലുള്ള പ്രവർത്തനം (റെയിൽവേ ലൈനുകൾ, ഊർജ്ജ പൈപ്പ്ലൈനുകൾ, മെഡിറ്ററേനിയൻ തുറമുഖങ്ങൾ എന്നിവ ഉൾപ്പെടെ) 2030ൽ പ്രവർത്തനക്ഷമമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ അസ്ഥിരതകളും ഭൂമിശാസ്ത്രപരമായ സംഘർഷങ്ങളും കാരണം ചില ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ വേഗത കുറഞ്ഞിട്ടുണ്ട്.
2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടന്ന G20 ഉച്ചകോടിയിലാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ (IMEC) എന്ന ആശയം ഔദ്യോഗികമായി അവതരിപ്പിച്ചത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നാണ് ഈ ആശയം G20 ഉച്ചകോടിയിൽ അവതരിപ്പിച്ചത്. ചൈനയുടെ 'ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്' (BRI) ബദലായി G7 രാജ്യങ്ങൾ മുന്നോട്ടുവെച്ച 'പാർട്ണർഷിപ്പ് ഫോർ ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ്' (PGII) എന്ന ആശയത്തിന്റെ ഭാഗമായാണ് ഐമെക് എന്ന ഈ ഇടനാഴി G20 ഉച്ചകോടിയിലെ സുപ്രധാന പ്രഖ്യാപനമായി മാറിയത്. പശ്ചിമേഷ്യയിലെ നയതന്ത്ര മാറ്റങ്ങളെ തുടർന്ന് അബ്രഹാം ഉടമ്പടിയുടെ (Abraham Accords) പശ്ചാത്തലത്തിൽ ഇസ്രായേലും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതും, ഈ രാജ്യങ്ങളെ ഒന്നിച്ച് ഒരു സാമ്പത്തിക ഇടനാഴിയിൽ കൊണ്ടുവരാൻ അനുകൂലമായ സാഹചര്യം ഒരുക്കി. കോവിഡ് മഹാമാരിയും ഉക്രൈൻ യുദ്ധവും മൂലം ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ ഒഴിവാക്കാനും, കൂടുതൽ സുരക്ഷിതമായ വ്യാപാര പാതകൾ കണ്ടെത്താനുമുള്ള ആഗോള ആവശ്യകതയാണ് ഈ ആശയത്തിലേക്ക് നയിച്ചത്.
2023 സെപ്റ്റംബർ 9-ന് G20 ഉച്ചകോടിയുടെ വേദിയിൽ വെച്ച് ഇന്ത്യ, യുഎസ്, സൗദി അറേബ്യ, യുഎഇ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ഇതിനായുള്ള ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. ഈസ്റ്റേൺ മെഡിറ്ററേനിയൻ ഗേറ്റ് വേ ആക്റ്റ് എന്ന ബിൽ ഇപ്പോൾ ഈ തൊട്ടടുത്ത ദിവസങ്ങളിലാണ് (ഏപ്രിൽ 29ന് ) യുഎസ് സെനറ്റിൽ എത്തിയതെങ്കിലും, സെനറ്റിന്റെ തന്നെ ഭാഗമായ യുഎസ് ഹൗസിൽ ഒരു വർഷം മുൻപേ ഇതവതരിപ്പിക്ക പ്പെട്ടിരുന്നു. 2025 മെയ് മാസത്തിൽ യുഎസ് ജനപ്രതിനിധി സഭയിൽ (House of Representatives) അവതരിപ്പിച്ച ഈ ബില്ല് (H.R. 3307) തുടർനടപടികൾക്കായി ഹൗസ്, ഫോറിൻ അഫയേഴ്സ് കമ്മിറ്റിക്ക് (Committee on Foreign Affairs) അയച്ചു. 2026 ജനുവരിയിൽ യുഎസ് കോൺഗ്രഷണൽ ബജറ്റ് ഓഫീസ് (CBO) ഈ ബില്ലിന്റെ ചെലവുകൾ സംബന്ധിച്ച സാമ്പത്തിക അനുമാനം (Cost Estimate) പുറത്തുവിട്ടു. ബിൽ പാസാക്കുന്നതുവഴി വരുന്ന അധികച്ചെലവ് വളരെ കുറവാണെന്നും (വർഷം 500,000 ഡോളറിൽ താഴെ), ആകയാൽ ഇത് പ്രായോഗികമാണെന്നുമാണ് സിബിഒ -യുടെ വിലയിരുത്തൽ. ഹൗസിൽ അവതരിപ്പിച്ച ബില്ലിന് പുറമേ, ഇപ്പോൾ 2026 ഏപ്രിൽ 29-ന് യുഎസ് സെനറ്റിലും ഉഭയകക്ഷി പിന്തുണയോടെ (Bipartisan Bill) ഇതേ ബിൽ, സെനറ്റർമാരായ കോറി ബുക്കറും ഡേവ് മക് കോർമിക്കും ചേർന്ന് ഔദ്യോഗികമായി അവതരിപ്പിക്കുകയുണ്ടായല്ലൊ. യുഎസിന്റെ സെനറ്റിലും ജനപ്രതിനിധി സഭയിലും നിലവിൽ ഈ ബിൽ സജീവമായ ചർച്ചകളിലാണ്. രണ്ട് സഭകളിലും അംഗീകാരം ലഭിച്ചതിനു ശേഷമേ ബിൽ നിയമമായി മാറുകയും ഫണ്ടിങ്ങ് ലഭ്യമാവുകയും ചെയ്യുകയുള്ളൂ.
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ എന്ന ഐമെക് പദ്ധതിക്ക് നേതൃത്വം നൽകുന്നതാരാണ്? അമേരിക്ക. അതെങ്ങനെ, ഐമെക് പദ്ധതിയിൽ ഉൾപ്പെടുന്ന രാജ്യമല്ലല്ലൊ അമേരിക്ക. ശരിയാണ്. ഈ പദ്ധതിയിൽപെട്ട രാജ്യമല്ല അമേരിക്ക. എങ്കിലും, ഈ പദ്ധതിയുടെ വിജയത്തിന് അമേരിക്ക വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇതെന്തുകൊണ്ടെന്നാൽ, ചൈനയുടെ ആഗോള സ്വാധീനത്തെ ചെറുക്കുന്നതിനായി G7 രാജ്യങ്ങളുടെ കൂട്ടായ്മയായ PGII-ലൂടെ (Partnership for Global Infrastructure and Investment) അമേരിക്ക ഈ പദ്ധതിക്ക് സാമ്പത്തികവും നയതന്ത്രപരവുമായ പിന്തുണ നൽകുന്നു.ഈസ്റ്റേൺ മെഡിറ്ററേനിയൻ ഗേറ്റ്വേ ആക്റ്റ് എന്ന പദ്ധതി നടപ്പാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ യുഎസ് സെനറ്റിലും ഹൗസിലും ബില്ലുകൾ അവതരിപ്പിച്ച് ഫണ്ടിങ്ങും നയതന്ത്ര സഹകരണവും ഉറപ്പാക്കുന്നത് അമേരിക്കയാണ്.
ഐമെക്ലെ യഥാർത്ഥ അംഗങ്ങൾ ഇന്ത്യ,സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), യൂറോപ്യൻ യൂണിയൻ (ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവയുൾപ്പെടെ), ഇസ്രായേൽ, ജോർദാൻ, ഗ്രീസ് എന്നീ രാജ്യങ്ങളാണ്. അതായത്, അമേരിക്കയാണ് ലോക പൊലീസ്. ആകയാൽ ലോകത്തിന്റെ ശരിതെറ്റുകൾ അമേരിക്ക നിശ്ചയിക്കും. അത് അനുസരിക്കാത്തത് ഇറാനായാലും വെനിസ്വേല ആയാലും ക്യൂബയോ ലാറ്റിനമേരിക്കയോ ലബനനോ റഷ്യയോ ഉത്തര കൊറിയയോ ചൈനയോ ആരുതന്നെയായാലും, നയവും തന്ത്രവും തങ്ങൾ നിശ്ചയിച്ച് നടപ്പാക്കും എന്നതാണല്ലൊ അമേരിക്കൻ ഹുങ്ക്. അതിന്റെ അവസാനത്തെ തെളിവാകുന്നു ഐമെക്.
(മുതിർന്ന മാധ്യമ പ്രവർത്തകനാണ് ലേഖകൻ)
Content Highlights: The United States is developing strategies to counter China’s global dominance, with a focus on the IMEC corridor. This initiative is seen as a key geopolitical and economic move aimed at reshaping trade routes and reducing China’s influence in international markets