'സണ്ണി വക്കീല്‍' ഇനി കെപിസിസി അമരത്ത്; മികച്ച സംഘാടകനെന്ന പേര് കരുത്തായി

അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്ന കെ സുധാകരനും സണ്ണി ജോസഫിനെയാണ് പിന്തുണച്ചത്.

കണ്ണൂര്‍: പാര്‍ട്ടിക്കാര്‍ക്കും പത്രക്കാര്‍ക്കും അടുപ്പക്കാര്‍ക്കും സണ്ണി ജോസഫ് എംഎല്‍എ സണ്ണി വക്കീലാണ്. ആ സണ്ണി വക്കീലാണ് ഇനി സംസ്ഥാനത്തെ കോണ്‍ഗ്രസിനെ നയിക്കാനെത്തുന്നത്. തൊടുപുഴയില്‍ നിന്ന് കണ്ണൂര്‍ ഉളിക്കല്‍ പുറവയലിലേക്ക് കുടിയേറിയതാണ് കുടുംബം.

1970 മുതല്‍ കെഎസ്‌യുവിന്റെ സജീവപ്രവര്‍ത്തകനായി. കോഴിക്കോട്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായ സിന്‍ഡിക്കേറ്റ് മെമ്പറായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു. ഉളിക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, തലശ്ശേരി കാര്‍ഷിക വികസന സഹകരണ സൊസൈറ്റി പ്രസിഡന്റ്, മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.

മൂന്ന് തവണയായി പേരാവൂരില്‍ നിന്നുള്ള നിയമസഭാംഗമാണ്. അതോടൊപ്പം കണ്ണൂര്‍ ജില്ലാ യുഡിഎഫ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2011ല്‍ സിറ്റിംഗ് എംഎല്‍എയായിരുന്ന കെ കെ ശൈലജയെ പരാജയപ്പെടുത്തിയാണ് എംഎല്‍എയായത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പിലെല്ലാം പേരാവൂര്‍ സണ്ണി ജോസഫിനോടൊപ്പം നിലയുറപ്പിച്ചു.

മികച്ച സംഘാടകനെന്ന പേര് സണ്ണി ജോസഫുണ്ടാക്കിയിട്ടുണ്ട്. അതേ പോലെ തന്നെ സഭാ നേതൃത്വങ്ങളുമായി നല്ല ബന്ധവും. ഇത് തന്നെയാണ് സണ്ണി ജോസഫിനെ കെപിസിസി അദ്ധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചത്. അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്ന കെ സുധാകരനും സണ്ണി ജോസഫിനെയാണ് പിന്തുണച്ചത്.

കണ്ണൂര്‍ ഉളിക്കല്‍ പുറവയലിലെ പരേതനായ വടക്കേക്കുന്നേല്‍ ജോസഫ്-റോസക്കുട്ടി ദമ്പതികളുടെ മൂത്ത മകനാണ് സണ്ണി ജോസഫ്. തൊടുപുഴ ന്യൂമാന്‍ കോളേജിലായിരുന്നു ബിരുദ പഠനം. ഈ കാലയളവില്‍ കേരള സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയനില്‍ അംഗമായി. പിന്നീട് കാലിക്കറ്റ് സര്‍വകലാശാല യൂണിയന്റെയും ഭാഗമായി. എല്‍സി ജോസഫാണ് ഭാര്യ. മക്കള്‍ അഷ റോസ്, ഡോ. അഞ്ജു റോസ്.

Content Highlights: Sunny Joseph will now lead KPCC

To advertise here,contact us