ഡ്രൈവറുടെ അശ്രദ്ധ, ഇല്ലാതായത് 2292 ജീവനുകൾ; മൃഗങ്ങൾ കുറുകെ ചാടി മരിച്ചത് 25 പേർ; ആശങ്കയാകുന്ന അപകടകാരണങ്ങള്‍

ഇക്കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം അപകടമുണ്ടായത് എറണാകുളം ജില്ലയിലാണ്

പാലക്കാട് കല്ലടിക്കോടിലെ നാല് കുട്ടികളുടെ ദാരുണാന്ത്യം നല്‍കിയ നടുക്കും മാറുന്നതിന് മുമ്പേ, കളര്‍ക്കോടില്‍ ഡോക്ടറാകാന്‍ പ്രതീക്ഷിച്ച് എംബിബിഎസ് പഠനം ആരംഭിച്ച ആറ് വിദ്യാര്‍ത്ഥികളുടെ മരണത്തിന്റെ വേദന മറക്കുന്നതിന് മുമ്പേ ഇന്നും കേരളത്തില്‍ വാഹനാപകടത്തില്‍ നാല് ജീവന്‍ നഷ്ടമായിരിക്കുകയാണ്. കാറിലേക്ക് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നവദമ്പതികളടക്കം ഒരു കുടുംബത്തിലെ നാല് പേരുടെ മരണം കേട്ടാണ് കേരളം ഇന്ന് ഉറക്കമുണര്‍ന്നത്.

മുമ്പെങ്ങും കാണാത്ത തരത്തില്‍ തുടരെതുടരെയുള്ള വാഹനാപകടവും കൂട്ടമരണവും റോഡിന്റെ സുരക്ഷയെ സംബന്ധിച്ചും അപകട കാരണങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം കോതമംഗലം-നീണ്ടപാറ ചെമ്പന്‍കുഴിയില്‍ ആന പന പിഴുതെറിഞ്ഞ് ബൈക്ക് യാത്രികയായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചത് മറ്റൊരു സങ്കടപ്പെടുത്തുന്ന വാര്‍ത്ത.

ഈ വര്‍ഷം ഒക്ടോബര്‍ വരെ 40821 അപകടങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതില്‍ 3168 മരണം സംഭവിച്ചു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കേരളത്തിലുണ്ടായ അപകടങ്ങളെക്കുറിച്ചും അപകടമരണങ്ങളെക്കുറിച്ചുമുള്ള കണക്കുകളും നമ്മെ ഭീതിപ്പെടുത്തുന്നതാണ്. അപകട കാരണങ്ങളും പഠനവിധേയമാക്കേണ്ടതും മുന്‍കരുതലെടുക്കേണ്ടതുമാണ്. ഇത്തരത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെയുണ്ടായ വാഹനാപകടങ്ങളെക്കുറിച്ചും അതിന്റെ കാരണത്തെയും കുറിച്ചുമുള്ള കണക്കുകള്‍ പരിശോധിക്കാം.

Also Read:

Kerala
എട്ട് വർഷം നീണ്ട പ്രണയം; ഒടുവിൽ മരണത്തിലും ഒരുമിച്ച്, താങ്ങാനാകാതെ കുടുംബം

എട്ട് വര്‍ഷത്തിനിടെ നടന്ന വാഹനാപകടങ്ങള്‍

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കേരളത്തിലെ വാഹനാപകടങ്ങള്‍ കൂടി വരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016ല്‍ 39420 അപകടങ്ങളാണ് നടന്നതെങ്കില്‍ 2024 ഒക്ടോബര്‍ വരെ 40821 അപകടങ്ങള്‍ നടന്നെന്നാണ് കേരള പൊലീസിന്റെ റോഡ് അപകടങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം അപകടം മൂലമുള്ള മരണസംഖ്യ കുറയുന്നതായും കാണാം. 2016ല്‍ 4287 ആണെങ്കില്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ 3168 മരണമാണ് സംഭവിച്ചത്.

എട്ട് വര്‍ഷത്തെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നതും ഏറ്റവും കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതും കഴിഞ്ഞ വര്‍ഷമാണ്. 48,091 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്തുണ്ടായത്. എന്നാല്‍ ഏറ്റവും കൂടുതല്‍ മരണം നടന്നത് 2019ലാണ്. 4440 പേര്‍ക്കാണ് 2019ല്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ടത്. ഏറ്റവും കുറവ് മരണം നടന്നതാകട്ടെ 2020ലാണ്. 2979 പേരാണ് 2020ല്‍ മാത്രം മരിച്ചത്.

Also Read:

DEEP REPORT
രാഷ്ട്രീയ പാർട്ടിക്കുള്ളിൽ 'പോഷ് ആക്ട്' നടപ്പാകുമോ? വനിതാ പ്രവർത്തകര്‍ക്ക് നിയമപരിരക്ഷ ലഭിക്കുമോ?

ഏറ്റവും കൂടുതല്‍ അപകടം എറണാകുളത്ത്

ഇക്കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം അപകടമുണ്ടായത് എറണാകുളം ജില്ലയിലാണ്. 7128 അപകടമാണ് എറണാകുളത്ത് മാത്രം നടന്നത്. ഇതില്‍ 459 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. റോഡപകടങ്ങളില്‍ കുറവ് അപകടമുണ്ടായത് വയനാടാണ്. 910 അപകടം നടന്നതില്‍ 638 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 84 പേരാണ് വയനാട്ടില്‍ മരിച്ചത്. യഥാക്രമം മരണസംഖ്യ കൂടുതലും കുറവും ഇതേ ജില്ലകളില്‍ തന്നെയാണ്. എന്നാല്‍ ഓരോ വാഹനാപകടത്തിലും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ നിരവധിയുണ്ട്. നട്ടെല്ലിന് ക്ഷതം സംഭവിച്ചും, കൈയ്യും കാലുമൊടിഞ്ഞും തുടയെല്ലുപൊട്ടിയുമെല്ലാം മാസങ്ങളും വര്‍ഷങ്ങളും കിടക്കയിലാവുന്നവരും നിരവധിയാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങളുണ്ടാകുന്നത് ഡിസംബര്‍, ജനുവരി മാസങ്ങളിലാണെന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 ജനുവരിയില്‍ 4,474 വാഹനാപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ 408 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2023 ഡിസംബറില്‍ 4171 വാഹനാപകടങ്ങളില്‍ 392 പേരുടെ ജീവനാണ് പൊലിഞ്ഞത്. 2022 ജനുവരിയില്‍ വാഹനാപകടങ്ങളുടെ എണ്ണം 3893 ആയിരുന്നെങ്കില്‍ അതില്‍ മരിച്ചവരുടെ എണ്ണം 383 ആയിരുന്നു. അതേ വര്‍ഷം ഡിസംബറില്‍ 4088 റോഡപകടങ്ങള്‍ ഉണ്ടായപ്പോള്‍ 405 പേരുടെ ജീവനാണ് പൊലിഞ്ഞത്.

Also Read:

DEEP REPORT
കല്ലടിക്കോട്, കളര്‍ക്കോട്, നാട്ടിക...മാറുന്ന സ്ഥലപ്പേരും തുടരുന്ന അപകടകഥകളും; കേരളത്തിൽ വർധിക്കുന്ന റോഡപകടങ്ങൾ

അപകട കാരണം അനവധി

പല കാരണങ്ങളാലാണ് വാഹനാപകടങ്ങളുണ്ടാകുന്നത്. കാര്‍ ബസിലേക്ക് ഇടിച്ചു കയറ്റിയാണ് ഇന്നത്തെ അപകടമുണ്ടായതെങ്കില്‍ മദ്യപിച്ച് ലക്കുകെട്ട് 200 കിലോമീറ്ററോളം ദൂരം വാഹനമോടിച്ച ലോറി ഡ്രൈവറും ക്ലീനറുമാണ് തൃശൂര്‍ നാട്ടികയില്‍ ഉറങ്ങിക്കിടന്ന നാടോടി സംഘത്തിനിടയിലേക്ക് വാഹനമോടിച്ച് കയറ്റിയതും അഞ്ച് പേരുടെ മരണത്തിന് കാരണമായതും. ആന്‍മേരിയുടെ മരണത്തിന് സമാനരീതിയില്‍ മൃഗങ്ങള്‍ വാഹനത്തിന് കുറുകെ ചാടി മരണം വരിച്ചവരും നിരവധിയാണ്. ഇക്കാലയളവില്‍ 25 പേരാണ് മൃഗങ്ങള്‍ കുറുകെ ചാടി മരിച്ചത്.

എന്നാല്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ഡ്രൈവറുടെ അശ്രദ്ധ കാരണമുണ്ടായ അപകടത്തിലാണ്. 2292 പേര്‍ക്കാണ് ഈ ഒരൊറ്റ കാരണത്താല്‍ ജീവന്‍ നഷ്ടമായത്. മറ്റ് വാഹനമോടിച്ചവരുടെ അശ്രദ്ധ കാരണം ജീവന്‍ നഷ്ടമായതാകട്ടെ 512 പേര്‍ക്കും. റോഡിന്റെ അശാസ്ത്രീയത കാരണം മാത്രം 13 പേരാണ് മരിച്ചത്.

ഇത്തരത്തില്‍ നിരവധി കാരണങ്ങളാലാണ് ദിനംപ്രതി വാഹനാപകടങ്ങള്‍ കൂടുന്നതും അത് പലരുടെയും മരണത്തിലേക്ക് നയിക്കുന്നതും. റോഡിന്റെ അശാസ്ത്രീയതയും വാഹനത്തിന്റെ സാങ്കേതികതയും സാധാരണക്കാര്‍ക്ക് പരിഹരിക്കാന്‍ സാധിക്കുന്നതല്ല. അധികൃതരും വാഹനക്കമ്പനികളും മറ്റും ഇക്കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുമാണ്. ഇതോടൊപ്പം വാഹനമോടിക്കുന്നവരും കാല്‍നടയാത്രക്കാരുമുള്‍പ്പെടെ റോഡ് നിയമങ്ങള്‍ പാലിച്ച്, ശ്രദ്ധയോടെ വാഹനമോടിച്ചാല്‍ ഒരു പരിധി വരെ നമുക്ക് തന്നെ ഇത്തരം അപകടങ്ങളില്‍ നിന്നും പരിഹാരമുണ്ടാക്കാം.Content Highlights: Road accident statics and reasons in Kerala

To advertise here,contact us