ചരിത്ര ഗാഥകളുടെ കഥാകാരൻ; എം മുകുന്ദന് ഇന്ന് എൺപത്തിരണ്ടാം പിറന്നാൾ

അനാദിയായി പടർന്നു കിടക്കുന്ന സമുദ്രത്തിൽ അങ്ങകലെ വലിയ കണ്ണീർത്തുള്ളിപോലെ വെള്ളിയാങ്കല്ലിനെ കാണാമെന്ന് പറഞ്ഞ് മോഹിപ്പിച്ച എഴുത്തുകാരന് നിറഞ്ഞ സന്തോഷത്തോടെ പിറന്നാളാശംസകൾ.

icon
dot image

മയ്യഴിപ്പുഴയുടെ തീരങ്ങളിലിരുന്ന് വിശാലമായ ലോകം സ്വപ്നം കണ്ടയാളാണ് എം മുകുന്ദൻ. ആ സ്വപ്നത്തിന് അൻപത് വയസ്സാവുമ്പോൾ അതിന്റെ എഴുത്തുകാരൻ എൺപത്തിരണ്ടിലേക്ക് കാലെടുത്തുവെക്കുന്നു. ഫ്രഞ്ചുകാർ നാടുവിട്ടുപോയെങ്കിലും അവർ അവശേഷിപ്പിച്ച സംസ്കാരവും പൈതൃകവും നെഞ്ചേറ്റുന്ന ഒരു വലിയ വിഭാഗത്തിന്റെ പ്രതിനിധിയാണ് മുകുന്ദൻ എന്ന എഴുത്തുകാരൻ. ദാസനെയും അൽഫോൻസച്ചനെയും മാഗി മദാമ്മയെയും ഒരു പോലെ കാണുന്നയാൾ. ജീവാത്മാവും പരമാത്മാവും മയ്യഴിയാണെങ്കിലും ആ എഴുത്തുകാരനെ സ്ഫുടം ചെയ്തെടുത്തത് ഡൽഹിക്കാലമാണ്.

Image

ഡൽഹി, ഹരിദ്വാറിൽ മണികൾ മുഴങ്ങുമ്പോൾ, ആദിത്യനും രാധയും മറ്റു ചിലരും എന്നിവയെല്ലാം ആ കാലത്തിന്റെ തീഷ്ണത നെഞ്ചേറ്റിയ രചനകളാണ്. നോവലിസ്റ്റ് എന്ന ലേബലിൽ തിളങ്ങി നിൽക്കുമ്പോഴും ചെറുകഥ എഴുതുന്നതിലും കുറവുണ്ടായിരുന്നില്ല. റഷ്യയും തേവിടിശ്ശിക്കിളിയും കള്ളനും പൊലീസുമെല്ലാം അക്കാലത്തെ വായനാ പകലുകളെ സമ്പന്നമാക്കിയവയാണ്.

മുകുന്ദന് കമ്യൂണിസം ആശയം മാത്രമായിരുന്നില്ല. സമത്വ സുന്ദരമായ സോഷ്യലിസ്റ്റ് ലോകം പുലരുന്ന സ്വപ്നം കണ്ടവരിൽ മുകന്ദൻ മുന്നിലുണ്ടായിരുന്നു. സവർണ മേധാവിത്ത ചിന്തകളെ അങ്ങേയറ്റം വെറുത്തതിനൊപ്പം അതിനെ ചോദ്യം ചെയ്യാൻ ഒരു മാധ്യമം എന്ന നിലയിൽ എഴുത്തിനെ ഉപയോഗപ്പെടുത്തുക കൂടിയായിരുന്നു മുകുന്ദൻ.

ആ മനസ്സിന്റെ വിഹ്വലത എന്താണെന്നറിയാൻ ഒരു ദളിത് യുവതിയുടെ കദനകഥ ഒറ്റത്തവണ വായിച്ചാൽ മതി. ഭക്തിയും ലഹരിയും സമന്വയിക്കുന്ന ഹരിദ്വാറിലെ ജീവിതം മലയാളികളറിഞ്ഞത് ഈ രചനകളിലൂടെയാണ്. അധികാരത്തിന്റെ വെള്ളിവെളിച്ചത്തിനപ്പുറമുള്ള ഡൽഹിയിലെ ജീവിതം അവിടുത്തെ ഇരുണ്ട ഗലിയും ഭാംഗും പച്ചമാംസത്തിന് വിലപറയുന്ന തെരുവും മലയാളികൾ അറിഞ്ഞത് അരവിന്ദനെന്ന ചിത്രകാരനിലുൂടെയാണ്. ഇന്നും ആ കാഴ്ചകളുടെ പ്രസക്തി നഷ്ടമായിട്ടില്ല എന്നതാണ് എഴുത്തുകാരന്റെ വിജയം. ക്ഷുഭിതയൌവനം വിഷാദത്തിലേക്ക് പടിയിറങ്ങിപ്പോയ കാലം കൂടിയാണത്.

എംബസിയിലെ ജോലി മുകുന്ദനിലെ എഴുത്തുകാരനെ കൂടുതൽ മൂർച്ഛയുള്ളതാക്കി. കാലങ്ങൾക്കിപ്പുറം എഴുത്തിന്റെ കുത്തൊഴുക്കിന് കുറവുണ്ടെങ്കിലും ആ രചനകളുടെ ഓളം ഇനിയും അടങ്ങിയിട്ടില്ല. അനാദിയായി പടർന്നു കിടക്കുന്ന സമുദ്രത്തിൽ അങ്ങകലെ വലിയ കണ്ണീർത്തുള്ളിപോലെ വെള്ളിയാങ്കല്ലിനെ കാണാമെന്ന് പറഞ്ഞ് മോഹിപ്പിച്ച എഴുത്തുകാരന് നിറഞ്ഞ സന്തോഷത്തോടെ പിറന്നാളാശംസകൾ.

To advertise here,contact us
To advertise here,contact us
To advertise here,contact us