കുട്ടികൾക്ക് സൈക്കിൾ സുരക്ഷിതമായി ഓടിക്കാനും റോഡ് നിയമങ്ങൾ പരിചയപ്പെടുത്താനും ലക്ഷ്യമിട്ട് പുതിയ സ്കൂൾ സൈക്ലിങ് പദ്ധതിയുമായി ദുബായ്. ദുബായ് സൈക്ലിസ്റ്റ് പ്രോഗ്രാം എന്ന പേരിലുള്ള പദ്ധതിയിലൂടെ സ്വകാര്യ സ്കൂളുകളിലെ കായിക വിദ്യാഭ്യാസ ക്ലാസുകളിൽ പ്രായത്തിനനുസരിച്ചുള്ള സൈക്കിൾ പരിശീലനം ഉൾപ്പെടുത്തും. 2033ഓടെ 250,000-ത്തിലധികം വിദ്യാർത്ഥികളിലേക്ക് പദ്ധതി എത്തിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ഏകദേശം 6,400 കുട്ടികൾക്ക് പരിശീലനം നൽകും.
നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ (KHDA) നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ക്ലാസ് മുറികളിലെ പഠനത്തോടൊപ്പം പ്രായോഗിക പരിശീലനവും നൽകും. സൈക്കിൾ നിയന്ത്രണം, റോഡ് നിയമങ്ങൾ, സുരക്ഷിതമായ യാത്രാരീതികൾ എന്നിവയാണ് പരിശീലനത്തിൽ ഉൾപ്പെടുക. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA), ദുബായ് പൊലീസ്, ദുബായ് മുനിസിപ്പാലിറ്റി, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ദുബായിൽ നിലവിൽ 630 കിലോമീറ്ററിലധികം സൈക്കിൾ ട്രാക്കുകളുണ്ട്. താമസമേഖലകളെയും പ്രധാന കേന്ദ്രങ്ങളെയും പൊതുഗതാഗത സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്നതാണ് ഈ ശൃംഖല. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും അവരുടെ കഴിവുകൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചുള്ള പരിശീലനം നൽകും.
സ്കൂൾ കായിക വിദ്യാഭ്യാസ ക്ലാസുകളിലൂടെ അടിസ്ഥാന പരിശീലനം നൽകുന്നതാണ് ആദ്യ പഠനരീതി. നിയന്ത്രിത സാഹചര്യങ്ങളിൽ യഥാർഥ റോഡ് യാത്രയ്ക്ക് സമാനമായ പരിശീലനം നൽകുന്നതാണ് രണ്ടാമത്തേത്. അപകടസാധ്യതകൾ തിരിച്ചറിയാനും മറ്റ് റോഡ് ഉപയോക്താക്കളെ പരിഗണിച്ച് സുരക്ഷിതമായ തീരുമാനങ്ങൾ എടുക്കാനും ഇതിലൂടെ കുട്ടികളെ പ്രാപ്തരാക്കും. ദുബായ് ഫിറ്റ്നസ് ചലഞ്ചിനോട് അനുബന്ധിച്ച് ആരംഭിച്ച പദ്ധതി, കുട്ടികളിൽ ചെറുപ്പം മുതൽ സുരക്ഷിത സൈക്കിൾ യാത്രാശീലം വളർത്താനും ലക്ഷ്യമിടുന്നു.
Content Highlights: Dubai has launched a school cycling programme aimed at reaching 250,000 students by 2033 through cycling lessons and road safety training.