ദുബായ് ഹാർബറിൽ നടക്കുന്ന 32-ാമത് ദുബായ് രാജ്യാന്തര ബോട്ട് ഷോ സന്ദർശിച്ച് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സമുദ്ര വ്യവസായത്തിന്റെയും ആഡംബര യാട്ട് മേഖലയുടെയും ആഗോള കേന്ദ്രമായി ദുബായ് വളരുന്നതിന്റെ തെളിവാണ് പ്രദർശനമെന്ന് അദ്ദേഹം വിലയിരുത്തി.
ദുബായ് വേൾഡ് ട്രേഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ 25ലധികം രാജ്യങ്ങളിൽ നിന്നുള്ള 300ലധികം കമ്പനികളും ബ്രാൻഡുകളും പങ്കെടുക്കുന്നുണ്ട്. നൂറിലധികം ആഡംബര യാട്ടുകൾക്കും വിവിധ ജലയാനങ്ങൾക്കും പ്രദർശനത്തിൽ ഇടമുണ്ട്. നവംബർ 29 വരെ നീളുന്ന ബോട്ട് ഷോയിൽ യാട്ടുകളുടെ രൂപകൽപ്പന, എൻജിനീയറിങ്, നിർമാണം തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ നേട്ടങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നു.
യുഎഇയിൽ തദ്ദേശീയമായി നിർമിച്ച നിരവധി യാട്ടുകൾ ആഗോള, പ്രാദേശിക വിപണികളിൽ ആദ്യമായി അവതരിപ്പിക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. രാജ്യാന്തര സമുദ്ര വ്യവസായ രംഗത്ത് യുഎഇയുടെ വളർന്നുവരുന്ന സാന്നിധ്യവും പ്രാദേശിക യാട്ട് നിർമാണ മേഖലയിലെ മികവും പ്രദർശനം എടുത്തുകാട്ടുന്നു.
Content Highlights: UAE Prime Minister Sheikh Mohammed bin Rashid Al Maktoum visited the Dubai International Boat Show, exploring the latest marine displays and innovations.