യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വാഹനമോടിക്കുന്നവർക്ക് നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ അവസരമൊരുക്കി അബുദാബി പൊലീസ്. ‘സെലിബ്രേറ്റ് സേഫ്ലി’ (Celebrate Safely) എന്ന പ്രത്യേക ക്യാമ്പയിനിലൂടെയാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ ഗതാഗത നിയമലംഘനങ്ങൾ നടത്താതെയും അപകടങ്ങൾക്ക് കാരണമാകാതെയും വാഹനമോടിക്കുന്നവർക്കാണ് നാല് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ അർഹത.
ക്യാമ്പയിന്റെ ഭാഗമായി ഗതാഗത സുരക്ഷാ പ്രതിജ്ഞയിൽ പങ്കുചേരുകയും വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച മാർഗനിർദേശങ്ങളും റോഡ് സുരക്ഷാ നിയമങ്ങളും കൃത്യമായി പാലിക്കുകയും വേണം. അബുദാബി പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ക്യാമ്പയിനിൽ രജിസ്റ്റർ ചെയ്യാം.
ഉത്തരവാദിത്തമുള്ള ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുക, അപകടകരമായ ഡ്രൈവിങ് പ്രവണതകൾ തടയുക, ദേശീയ ദിനാഘോഷങ്ങൾ സുരക്ഷിതമാക്കുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം. പൊലീസ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും റോഡിലെ എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Content Highlights: Abu Dhabi Police has launched the Celebrate Safely campaign, offering drivers a chance to reduce four black points during National Day celebrations.