കടൽ വിനോദസഞ്ചാര മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിച്ച് ദുബായ്. ആധുനിക സൗകര്യങ്ങളും എളുപ്പത്തിലുള്ള യാത്രാ നടപടികളും ഒരുക്കിയതോടെ ദുബായിലേക്കുള്ള ആഡംബര നൗകകളുടെ വരവും പോക്കും കുത്തനെ കൂടി. ദുബായ് ഹാർബറിൽ നടക്കുന്ന 32-ാമത് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോയിൽ ദുബായ് ഇമിഗ്രേഷൻ വിഭാഗം പുറത്തുവിട്ട കണക്കുകളാണ് കടൽ ടൂറിസത്തിന്റെ വളർച്ച വ്യക്തമാക്കുന്നത്.
നൗകകൾ നിർത്തിയിടുന്ന സ്ഥലത്ത് തന്നെ യാത്രാനുമതി നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന 'മൊബൈൽ മറീന' സേവനത്തിലൂടെ ഇതുവരെ 1,972 ആഡംബര നൗകകളുടെ യാത്രകൾ സുഗമമാക്കി. 2024 ഒക്ടോബർ 10-ന് ഔദ്യോഗികമായി ആരംഭിച്ച ഈ സേവനത്തിലൂടെ 2026 നവംബർ 25 വരെ 1,023 വരവുകളും 949 യാത്രകളും പൂർത്തിയായി. 2023-ലെ പരീക്ഷണ ഘട്ടം കൂടി ചേർത്താൽ ആകെ 3,612 നൗക യാത്രകളാണ് കൈകാര്യം ചെയ്തത്.
നൗകകളിലെ ജീവനക്കാർക്ക് പലതവണ എളുപ്പത്തിൽ വന്നുപോകാൻ സഹായിക്കുന്ന പ്രത്യേക വിസ പദ്ധതിയിലൂടെ 5,693 വിസകളും ഇതിനകം അനുവദിച്ചു. 2025 ഫെബ്രുവരിയിൽ തുടങ്ങിയ ഈ സൗകര്യം കടൽ യാത്രാ മേഖലയിലെ ജീവനക്കാർക്കും ഉടമകൾക്കും വലിയ സൗകര്യമാണ് നൽകുന്നത്. ആഗോള കടൽ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ഇത്തരം സേവനങ്ങൾ സഹായിക്കുമെന്ന് ദുബായ് ഇമിഗ്രേഷൻ വിഭാഗം മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
നൗക ഉടമകൾക്കും സന്ദർശകർക്കുമായി ദീർഘകാല താമസാനുമതി, പ്രത്യേക കാർഡുകൾ, വിമാനത്താവളത്തിലെ പ്രത്യേക സ്വീകരണ സൗകര്യങ്ങൾ എന്നിവയും ബോട്ട് ഷോയിലെ സ്റ്റാളിൽ പരിചയപ്പെടുത്തുന്നുണ്ട്. നവംബർ 25 മുതൽ 29 വരെയാണ് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ നടക്കുന്നത്.
Content Highlights: Dubai's marine tourism sector is witnessing significant growth, supported by expanding marina infrastructure and improved facilities for luxury yachts. Dubai Harbour recorded around 184,000 visitors for boating and marine activities in October 2026, a 53% increase compared with September. The destination also has 705 berths, including dedicated spaces for large luxury yachts and superyachts. Across Dubai, the maritime sector is supported by 20 marinas and more than 4,200 berths.