കഴിഞ്ഞ വർഷം 10,539 വാഹനങ്ങളും സെെക്കിളുകളും പിടിച്ചെടുത്തതായും ജേവാക്കിങ്- ക്രോസ്സിങ് റോഡുകൾ അനധികൃതമായി മുറിച്ചുകടന്നതിന് 4,709 പിഴകൾ ഈടാക്കിയതായും ദുബായ് പൊലീസ് പറഞ്ഞു. ഇതിൽ 3,434 മോട്ടോർ വാഹനങ്ങളും 7,105 സെെക്കിളുകളും ഇലക്ട്രോണിക് സെെക്കിളുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
പൊതുജനങ്ങളുടെ പരാതികളെ തുടർന്ന് ആറ് മേഖലകളിലായി പ്രത്യേക ഫീൽഡ് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും ദുബായ് പൊലീസ് വ്യക്തമാക്കി.
ഇതിലൂടെ അമിതമായ ശബ്ദം പുറപ്പെടുവിച്ചതിന് 750 ഓളം പരാതികളും അശ്രദ്ധമായി വാഹനം ഓടിച്ചതിന് 926 പരാതികളും ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. നിയമലംഘനങ്ങൾ നിരീക്ഷിക്കുകയും പെട്രോളിംഗ് ശക്തമാക്കുകയും അപകടകരമായ ഡ്രൈവിംഗും തടസ്സപ്പെടുത്തുന്ന പെരുമാറ്റവും ആവർത്തിച്ച് സംഭവിക്കുന്ന സ്ഥലങ്ങൾ ലക്ഷ്യമിടുകയും ചെയ്തതായി ദുബായ് പൊലീസ് കൂട്ടിച്ചേർത്തു. കൂടാതെ അമിതമായ വാഹന ശബ്ദം, അശ്രദ്ധമായ ഡ്രൈവിംഗ്, നിയമവിരുദ്ധ വാഹന മോഡിഫിക്കേഷനുകൾ എന്നിവ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ വിശകലനം അത്തരം ലംഘനങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ട വാഹന വിഭാഗങ്ങളെ തിരിച്ചറിഞ്ഞതായും അധികൃതർ പറഞ്ഞു.
ഈ കണ്ടെത്തലുകൾ എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങൾക്ക് സഹായിക്കുമെന്നും ബോധവൽക്കരണ ക്യാമ്പെയ്നുകൾക്കായി മുൻഗണനാ പ്രേക്ഷകരെ തിരിച്ചറിയാനും, അപകടകരമായ ഡ്രൈവിംഗ് കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രതിരോധ നടപടികളെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് ദുബായ് പോലീസിന്റെ കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പറഞ്ഞു. ജേവാക്കിങ്ങിനെതിരെ കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പുനൽകി. യുഎഇയുടെ ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 89 പ്രകാരം ട്രാഫിക് സിഗ്നലുകൾ അവഗണിക്കുകയോ നിയുക്ത സ്ഥലങ്ങളിൽ റോഡ് മുറിച്ചുകടക്കുകയോ ചെയ്യുന്ന കാൽനടയാത്രക്കാർക്ക് 400 ദിർഹം പിഴ ചുമത്താമെന്നും ദുബായ് പൊലീസ് പറഞ്ഞു.
Content Highlights: Dubai Police reported that 10,539 vehicles were seized last year as part of enforcement operations across the emirate.