സൗദിയിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനം അറിയിക്കുന്നതായും വ്യക്തമാക്കിയ യുഎഇ, പരിക്കേറ്റവർ എത്രയും വേഗം സൗഖ്യം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.

സൗദി അറേബ്യയിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. രണ്ട് പേരുടെ മരണത്തിനും നിരവധി സാധാരണക്കാർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ ആക്രമണം കടുത്ത ഞെട്ടലുളവാക്കുന്നതാണെന്ന് യുഎഇ പ്രതികരിച്ചു.

സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കടുത്ത ഭീഷണിയുയർത്തുന്ന ഇത്തരം ഭീകരപ്രവർത്തനങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ല. സൗദി അറേബ്യയോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച യുഎഇ, രാജ്യത്തിന്റെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ പ്രതിരോധ നടപടികൾക്കും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനം അറിയിക്കുന്നതായും വ്യക്തമാക്കിയ യുഎഇ, പരിക്കേറ്റവർ എത്രയും വേഗം സൗഖ്യം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.

സൗദി ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒക്ടോബര്‍ 21 ബുധനാഴ്ച വൈകുന്നേരമാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായും സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു.

Content Highlights: The UAE has strongly condemned the Houthi strike on Saudi Arabia’s King Fahd International Airport, which killed two people and injured several others, reaffirming solidarity with the Kingdom and support for its security.

To advertise here,contact us