സൈബർ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ നൽകാൻ യുഎഇ; തടവും ലക്ഷങ്ങളുടെ പിഴയും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സോഷ്യൽ മീഡിയയെ വ്യക്തിപരമായ ആക്രമണങ്ങൾക്കോ പരിഹാസങ്ങൾക്കോ ഉപയോഗിക്കാതെ മാന്യമായ അഭിപ്രായ പ്രകടനങ്ങൾക്കായി മാത്രം വിനിയോഗിക്കണമെന്ന് കാമ്പെയ്ൻ ഓർമ്മിപ്പിക്കുന്നു

സമൂഹമാധ്യമ ഉപയോക്താക്കൾക്ക് കടുത്ത മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ മറ്റുള്ളവരെ അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്താൽ തടവുശിക്ഷയ്ക്ക് പുറമെ ഭാരിച്ച തുക പിഴയായി ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരെയാണ് ലക്ഷ്യമിടുന്നതെങ്കിൽ ശിക്ഷയുടെ വ്യാപ്തി കൂടുതൽ കർശനമായിരിക്കും.

'നിങ്ങളുടെ ഡിജിറ്റൽ അവബോധത്തിലൂടെ യുഎഇ സുരക്ഷിതമാണ്' എന്ന വിശാലമായ ബോധവത്ക്കരണ കാമ്പെയ്‌ന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തികളെ അപമാനിക്കുക, അപകീർത്തിപ്പെടുത്തുക, തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുക എന്നിവ കടുത്ത നിയമലംഘനമാണ്. ദുബായ് പൊലീസും ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്ററും ചേർന്നാണ് ഈ സൈബർ സുരക്ഷാ അവബോധ കാമ്പെയ്‌ൻ സംഘടിപ്പിക്കുന്നത്.

കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള നിയമപ്രകാരമാണ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക. കുറ്റം തെളിയിക്കപ്പെട്ടാൽ തടവുശിക്ഷയ്ക്ക് പുറമെ 2.5 ലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെയാണ് ഇത്തരം പരാമർശങ്ങളെങ്കിൽ അതികഠിനമായ ശിക്ഷാനടപടികളാകും ഉണ്ടാകുക.

സോഷ്യൽ മീഡിയയെ വ്യക്തിപരമായ ആക്രമണങ്ങൾക്കോ പരിഹാസങ്ങൾക്കോ ഉപയോഗിക്കാതെ മാന്യമായ അഭിപ്രായ പ്രകടനങ്ങൾക്കായി മാത്രം വിനിയോഗിക്കണമെന്ന് കാമ്പെയ്ൻ ഓർമ്മിപ്പിക്കുന്നു. ഓൺലൈൻ തട്ടിപ്പുകൾ, കൃത്രിമബുദ്ധിയുടെ ദുരുപയോഗം എന്നിവ തടയാനും ഉത്തരവാദിത്തമുള്ള ഡിജിറ്റൽ സംസ്കാരം വളർത്തിയെടുക്കാനുമായി ഒക്ടോബർ മാസം മുഴുവൻ ഈ ബോധവത്ക്കരണ പരിപാടികൾ തുടരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Content Highlights: The UAE has warned social media users that online insults and defamation can lead to imprisonment and fines of up to AED 500,000. Authorities urge residents to communicate responsibly and avoid offensive online posts.

To advertise here,contact us