യുഎഇയിൽ ടെസ്‌ലയുടെ പുതിയ റോഡ്‌സ്റ്ററിന് ബുക്കിങ് തുടങ്ങി

ടെസ്‌ലയുടെ യുഎഇ വെബ്‌സൈറ്റിലെ വെഹിക്കിൾ വിഭാഗത്തിൽ ‘റിസർവ് നൗ’ എന്ന ഓപ്ഷൻ വഴിയാണ് ബുക്കിങ് നടത്താനാകുക

ടെസ്‌ലയുടെ ഏറ്റവും പുതിയ റോഡ്‌സ്റ്റർ കാറിനായി യുഎഇയിൽ ബുക്കിങ് ആരംഭിച്ചു. 210,000 ദിർഹം മുതലാണ് ബുക്കിങ്ങിനുള്ള ഡെപ്പോസിറ്റ് തുക. ഇതിൽ 20,000 ദിർഹം ബുക്കിങ് സമയത്ത് നൽകിയാൽ മതിയാകും. ഈ തുക പൂർണമായും തിരികെ ലഭിക്കുകയും ചെയ്യും. എന്നാൽ ബാക്കി 190,000 ദിർഹം 10 ദിവസത്തിനുള്ളിൽ അടയ്ക്കണം. കാറിന്റെ ഡെലിവറി തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ടെസ്‌ലയുടെ യുഎഇ വെബ്‌സൈറ്റിലെ വെഹിക്കിൾ വിഭാഗത്തിൽ ‘റിസർവ് നൗ’ എന്ന ഓപ്ഷൻ വഴിയാണ് ബുക്കിങ് നടത്താനാകുക. കഴിഞ്ഞ ആഴ്ച ടെക്സസിൽ നടന്ന പ്രദർശനത്തിലാണ് ഇലോൺ മസ്ക് പുതിയ മോഡൽ അവതരിപ്പിച്ചത്. റോഡ്‌സ്റ്ററിന്റെ രണ്ട് വേർഷനുകളാണ് നിലവിൽ ബുക്കിങ്ങിനായി അവതരിപ്പിച്ചിരിക്കുന്നത്. പെർഫോമൻസ് (Performance) വേർഷൻ റോഡുകളിൽ ഉപയോഗിക്കാൻ തയ്യാറായ മോഡലായാണ് കമ്പനി വിശേഷിപ്പിക്കുന്നത്. രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ഈ കാറിൽ സജീവ എയറോഡൈനാമിക് സംവിധാനങ്ങളും ഗ്രിപ്പും നിയന്ത്രണവും മെച്ചപ്പെടുത്തുന്ന മൾട്ടി-മോഡ് സക്ഷൻ സംവിധാനവുമുണ്ട്.

ത്രസ്റ്റ് (Thrust) വേർഷനെ റേസ് ട്രാക്കുകൾക്ക് അനുയോജ്യമായ മോഡലായാണ് വിശേഷിപ്പിക്കുന്നത്. അധിക ആക്സിലറേഷൻ ത്രസ്റ്ററുകളാണ് ഇതിന്റെ പ്രത്യേകത. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലെത്താൻ ഒരു സെക്കൻഡിൽ താഴെ മതിയാകുമെന്നാണ് ടെസ്‌ലയുടെ അവകാശവാദം. ഈ വേർഷനും ബുക്കിങ് സമയത്ത് 20,000 ദിർഹം നൽകണം. തുടർന്ന് 10 ദിവസത്തിനുള്ളിൽ ഒരു മില്യൺ ദിർഹം കൂടി അടയ്ക്കണം. ഓരോ ഉപഭോക്താവിനും ഒരു ബുക്കിങ് മാത്രമേ അനുവദിക്കൂവെന്നും ഒരേ വ്യക്തിയുടെ ഒന്നിലധികം ബുക്കിങ്ങുകൾ റദ്ദാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

റോക്കറ്റ് എന്ന മൂന്നാമത്തെ വേർഷനാണ് ഏറ്റവും ശ്രദ്ധേയമായത്. പറക്കാൻ കഴിയുന്ന മോഡലായാണ് ടെസ്‌ല ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരാൾക്ക് മാത്രം യാത്ര ചെയ്യാവുന്ന ഈ കാറിന്റെ വിവിധ ഭാഗങ്ങളിൽ കോൾഡ്-ഗ്യാസ് ത്രസ്റ്ററുകൾ ഘടിപ്പിച്ചിരിക്കുന്നുണ്ട്. വാഹനം ഉയർത്താനും മുന്നോട്ടു നീക്കാനും വായുവിൽ വശങ്ങളിലേക്ക് തിരിക്കാനും ഈ സംവിധാനത്തിന് കഴിയുമെന്നാണ് കമ്പനി പറയുന്നത്. വാഹനത്തിന്റെ സ്ഥിരത നിലനിർത്തുന്നതിനായി സെക്കൻഡിന്റെ ചെറിയ അംശങ്ങൾക്കുള്ളിൽ ത്രസ്റ്ററുകൾ ക്രമീകരണങ്ങൾ നടത്തുമെന്നും ടെസ്‌ല പറയുന്നു. കമ്പനിയുടെ വെബ്‌സൈറ്റിലെ വിവരണം അവസാനിക്കുന്നത് ‘So yes,it can fly’ എന്ന പ്രഖ്യാപനത്തോടെയാണ്.

Content Highlights: Tesla has opened bookings for its next-generation Roadster in the UAE, with reservation deposits starting at Dh210,000. Delivery dates and the final purchase price remain unconfirmed.

To advertise here,contact us