45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ നാല് മുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറുമ്പോൾ സന്ദർശകരെ കാത്തിരിക്കുന്നത് വേറിട്ട അനുഭവങ്ങൾ. 'മേഡ് ഓഫ് സ്റ്റോറീസ്' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ പുസ്തകങ്ങൾ വാങ്ങുന്നതിനപ്പുറം സന്ദർശകർക്ക് തങ്ങളുടെ സ്വന്തം ജീവിതാനുഭവങ്ങളും കഥകളും മനോഹരമായ കവിതകളാക്കി മാറ്റി ആസ്വദിക്കാനുള്ള അപൂർവ്വ അവസരമൊരുങ്ങുന്നു. ചൊവ്വാഴ്ച ഷാർജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് ഇത്തവണത്തെ പുത്തൻ ആകർഷണങ്ങൾ പ്രഖ്യാപിച്ചത്.
ഇതിനായി പ്രത്യേകമായി സജ്ജീകരിക്കുന്ന 'പോയറ്റ്സ് കോർണറിലാണ്' സന്ദർശകർക്ക് തങ്ങളുടെ കഥകൾ പങ്കുവെക്കാനാവുക. ഇവിടെയെത്തുന്ന ആളുകളുടെ വ്യക്തിപരമായ അനുഭവങ്ങളെ തത്സമയം അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ മനോഹരമായ കവിതകളാക്കി മാറ്റി നൽകും. കുട്ടികൾക്ക് വിവിധ തൊഴിൽ മേഖലകളെ ഇന്ററാക്ടീവ് രീതിയിൽ പരിചയപ്പെടുത്തുന്ന 'ഫ്യൂച്ചർ ഹാൻഡ്സ് ഡിസ്ട്രിക്റ്റ്' ആണ് മറ്റൊരു പ്രധാന ആകർഷണം. കുറ്റാന്വേഷണ സാഹിത്യപ്രേമികൾക്കായി നവംബർ ഏഴ് മുതൽ 10 വരെ അന്താരാഷ്ട്ര എഴുത്തുകാരെ പങ്കെടുപ്പിച്ച് 'ത്രില്ലർ ഫെസ്റ്റിവലിന്റെ' അഞ്ചാം പതിപ്പും നടക്കും.
ഈ വർഷത്തെ വിശിഷ്ട അതിഥി രാജ്യമായ സുൽത്താനേറ്റ് ഓഫ് ഒമാനിൽ നിന്ന് 41 എഴുത്തുകാരും കവികളും ഉൾപ്പെടെ 50 അംഗ പ്രതിനിധി സംഘമാണ് മേളയ്ക്കെത്തുന്നത്. ഒമാന്റെ സാംസ്കാരിക പൈതൃകവും സാഹിത്യവും വിളിച്ചോതുന്ന 15 സാഹിത്യ ചർച്ചകൾ, കുട്ടികൾക്കായുള്ള വർക്ക്ഷോപ്പുകൾ, നാടോടി സംഗീത പ്രകടനങ്ങൾ, തത്സമയ പാചക പ്രദർശനങ്ങൾ എന്നിവ ഒമാൻ പവലിയനിൽ ഒരുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ പങ്കാളിത്തം ഉപകരിക്കുമെന്ന് ഒമാൻ സാംസ്കാരിക മന്ത്രാലയം പ്രതിനിധി അഹമ്മദ് ബിൻ സൗദ് അൽ റവാഹി പറഞ്ഞു.
124 രാജ്യങ്ങളിൽ നിന്നായി 2,673 പ്രസാധകരും എക്സിബിറ്റർമാരുമാണ് ഇത്തവണ പുസ്തകോത്സവത്തിൽ അണിനിരക്കുന്നത്. 25 രാജ്യങ്ങളിൽ നിന്നുള്ള 106 പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും 1,500-ഓളം സാംസ്കാരിക പരിപാടികളുടെ ഭാഗമാകും. പ്രമുഖ സിനിമാ താരം ഖാലിദ് എൽ സാവിയുടെ ആക്ടിംഗ് വർക്ക്ഷോപ്പും അന്താരാഷ്ട്ര ഷെഫുമാർ പങ്കെടുക്കുന്ന ലൈവ് കുക്കിംഗ് സെഷനുകളും മേളയ്ക്ക് മാറ്റുകൂട്ടും. അമ്പതാം വാർഷികം ആഘോഷിക്കുന്ന ഇത്തിസലാത്ത് ഗ്രൂപ്പ് തന്നെയാണ് ഇത്തവണയും മേളയുടെ പ്രധാന സ്പോൺസർ.
Content Highlights: Sharjah International Book Fair 2026 introduces Poets’ Corner, where visitors can transform personal stories into Arabic or English poems, alongside new interactive activities for children.