സർക്കാർ സേവനങ്ങൾ നൽകുന്ന രീതിയിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ മാറ്റം പ്രഖ്യാപിക്കുമെന്ന് യുഎഇ. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ കാര്യം അറിയിച്ചത്.
അടുത്ത മാസം ഒരു പ്രധാന പരിപാടിയിലൂടെയായിരിക്കും പ്രഖ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി. കൺസൾട്ടിങ് സ്ഥാപനമായ ബിസിജി നടത്തിയ സർക്കാർ ഡിജിറ്റൽ സേവനങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സർവേ ഉദ്ധരിച്ച അദ്ദേഹം സർക്കാർ ഡിജിറ്റൽ സേവനങ്ങളോടുള്ള ഉപഭോക്തൃ സംതൃപ്തിയിൽ യുഎഇ ഒന്നാം സ്ഥാനത്താണെന്നും പറഞ്ഞു. അന്താരാഷ്ട്ര തലത്തിലെ പൊതുവായ പ്രവണതയ്ക്ക് വിപരീതമായി 75 ശതമാനത്തിലധികം പേർ യുഎഇ സർക്കാരിന്റെ സേവനങ്ങൾ സ്വകാര്യ മേഖലയിലെ ഡിജിറ്റൽ സേവനങ്ങളേക്കാൾ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി യുഎഇ സർക്കാർ തുടർച്ചയായി പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയും സർക്കാർ സേവനങ്ങളിൽ വ്യാപകമായി ഉൾപ്പെടുത്തുന്നുണ്ട്. രണ്ട് വർഷത്തിനുള്ളിൽ സർക്കാർ നൽകുന്ന സേവനങ്ങളിൽ പകുതിയും എഐ ഏജന്റുമാർ വഴി പ്രവർത്തിപ്പിക്കുമെന്ന് ഈ വർഷം ആദ്യം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഓഗസ്റ്റിൽ അജെൻ്റിക് എഐ (Agentic AI) അടിസ്ഥാനമാക്കിയുള്ള സർക്കാർ സേവനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള ഏകീകൃത മാർഗനിർദേശവും യുഎഇ പുറത്തിറക്കിയിരുന്നു. ഇതിനകം നൽകിയ വിവരങ്ങൾ വീണ്ടും ആവശ്യപ്പെടാതിരിക്കുക, സേവനത്തിന്റെ ഓരോ ഘട്ടത്തെക്കുറിച്ചും ഉപഭോക്താവിനെ അറിയിക്കുക, സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുക തുടങ്ങിയ മാനദണ്ഡങ്ങളും മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും ഉപഭോക്താക്കൾക്കും സർക്കാർ ജീവനക്കാർക്കും ആവശ്യമായ നടപടികളുടെ എണ്ണം കുറയ്ക്കുന്നതിനുമായി അജെൻ്റിക് എഐ (Agentic AI) ഉപയോഗിക്കുന്നതിനെക്കുറിച്ച് യുഎഇ ധനമന്ത്രാലയം പഠിച്ചുവരുന്നതായും കഴിഞ്ഞ മാസം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു.
Content Highlights: UAE is advancing a major transformation in government services by expanding digital platforms, artificial intelligence and proactive services for residents and businesses.