വിമാനത്താവളത്തിലെ തിരക്കിനിടയിൽ വഴിയറിയാതെ നിൽക്കുന്ന ഒരാൾ. സഹായം തേടുന്ന വയോധികൻ. കുട്ടികളുമായി ബുദ്ധിമുട്ടുന്ന കുടുംബം. പരിചയമില്ലാത്ത ഇടത്ത് എന്തുചെയ്യണമെന്നറിയാതെ ആശങ്കപ്പെടുന്ന യാത്രക്കാരൻ. അവർക്കരികിലേക്ക് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ടെത്തുന്നു. കാര്യം ചോദിച്ചറിയുന്നു. വേണ്ട സഹായം നൽകുന്നു. എല്ലാം ശരിയായെന്ന് ഉറപ്പാക്കിയശേഷം മാത്രം അടുത്ത യാത്രക്കാരനിലേക്ക് നീങ്ങുന്നു.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ഇങ്ങനെ യാത്രക്കാർക്കിടയിലൂടെ നടന്നുനീങ്ങുന്ന പാസ്പോർട്ട് മോണിറ്ററിങ് വിഭാഗം മേധാവി ലഫ്റ്റനന്റ് കേണൽ ജുമുഅ ബിൻ സ്വബീഹിന്റ സേവനമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അറബി ദിനപത്രമായ ‘അൽ ഖലീജ്’- സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ കരുതൽ നിറഞ്ഞ സേവനത്തിന്റെ ദൃശ്യങ്ങൾ പൊതുജനശ്രദ്ധയിലെത്തിയത്.
ദിവസേന ആയിരക്കണക്കിന് യാത്രക്കാർ കടന്നുപോകുന്ന വിമാനത്താവളത്തിൽ എല്ലാവരുടെയും മുഖം ഓർത്തുവെക്കുക അസാധ്യമാണ്. എന്നാൽ സഹായം ആവശ്യമുള്ള ഒരാളുടെ മുഖത്തെ ആശങ്ക തിരിച്ചറിയാൻ വലിയ സമയം വേണ്ട. അതാണ് മുഖദ്ദം ജുമുഅ ബിൻ സ്വബീഹിന്റെ പ്രവർത്തനരീതിയിലും കാണുന്നത്. സഹായം തേടുന്ന വയോധികനായാലും പ്രത്യേക പരിഗണന ആവശ്യമുള്ള യാത്രക്കാരനായാലും കുട്ടികളുമായി പ്രയാസപ്പെടുന്ന കുടുംബമായാലും അദ്ദേഹം അടുത്തെത്തും. അവരുടെ ആവശ്യം കേൾക്കും. വേണ്ട സഹായം ലഭ്യമാക്കും. നടപടികൾ സുഗമമായി പൂർത്തിയാകുന്നുവെന്ന് ഉറപ്പാക്കും. തങ്ങൾക്ക് കൈത്താങ്ങായി എത്തിയിരിക്കുന്നത് ഒരു മുതിർന്ന ഉദ്യോഗസ്ഥനാണെന്ന് പല യാത്രക്കാരും അറിഞ്ഞെന്നുപോലും വരില്ല.
ജനങ്ങളോട് അടുത്തുനിന്ന് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കണമെന്ന ദുബായിയുടെ ഭരണ-സേവന സംസ്കാരത്തിന്റെ പ്രതിഫലനം കൂടിയാണ് ഇത്തരം ഇടപെടലുകൾ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുന്നോട്ടുവെക്കുന്ന ജനകേന്ദ്രിത സേവനകാഴ്ചപ്പാടും ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുടെ പ്രവർത്തനസ്ഥലങ്ങളിലെ നേരിട്ടുള്ള സാന്നിധ്യവും ജീവനക്കാരുമായും യാത്രക്കാരുമായുമുള്ള അടുപ്പവും ഈ സേവനസംസ്കാരത്തിന് കരുത്തേകുന്നു.
അപരിചിതമായ ഒരു രാജ്യത്തെത്തുന്ന യാത്രക്കാരന് വിമാനത്താവളമാണ് ആ നാടിന്റെ ആദ്യമുഖം. അവിടെ ലഭിക്കുന്ന ഒരു പുഞ്ചിരിയും ക്ഷമയോടെയുള്ള മറുപടിയും ആവശ്യനേരത്തെ ഒരു കൈത്താങ്ങും ആ രാജ്യത്തെക്കുറിച്ചുള്ള ആദ്യ ഓർമയായി മാറാം. മുഖദ്ദം ജുമുഅ ബിൻ സ്വബീഹിന്റെ ഇടപെടലുകളിൽ ദുബായ് ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുന്ന ആ ആതിഥ്യ മര്യാദയുടെ ഊഷ്മളതയാണ് പ്രകടമാകുന്നത്.
Content Highlights: Dubai International Airport official is drawing attention for personally assisting passengers and ensuring they receive the support they need at Terminal 3.