ബിസിനസ്സ് സഞ്ചാരികൾ തിരികെയെത്തുന്നു; ദുബായിലെ ഹോട്ടൽ വാടകയിൽ വൻ വർദ്ധനവ്

വരും മാസങ്ങളിൽ ദുബായിലെ വിനോദസഞ്ചാര സീസൺ കൂടി ആരംഭിക്കുന്നതോടെ ഹോട്ടൽ മേഖലയിലെ ഈ ഉയർന്ന ഡിമാൻഡ് വർഷാവസാനം വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്

വേനൽക്കാലത്തിന് വിടചൊല്ലി അന്താരാഷ്ട്ര പ്രദർശനങ്ങളുടെയും സമ്മേളനങ്ങളുടെയും സീസണിലേക്ക് ദുബായ് കടന്നതോടെ നഗരത്തിലെ ഹോട്ടലുകളിൽ തിരക്ക് വർദ്ധിക്കുന്നു. ബിസിനസ്സ് ഇവന്റുകൾ സജീവമായതോടെ സെപ്റ്റംബർ മാസത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിന് സമീപമുള്ള ഹോട്ടലുകളിലെ മുറിവാടകയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ഡിമാൻഡ് ഉയർന്നതാണ് നിരക്ക് കുതിച്ചുയരാൻ കാരണം.

ബുക്കിംഗ് ഡോട്ട് കോം (Booking.com) വിവരങ്ങൾ അടിസ്ഥാനമാക്കി ഖലീജ് ടൈംസ് നടത്തിയ പരിശോധനയിൽ വേൾഡ് ട്രേഡ് സെന്റർ പ്രദേശത്തെ പ്രമുഖ ഹോട്ടലുകളിലെ നിരക്കിൽ 86 ശതമാനം വരെ ശരാശരി വർദ്ധനവ് ഉണ്ടായതായി കണ്ടെത്തി. നൊവോട്ടൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ മുമ്പ് 300 ദിർഹമായിരുന്ന മുറിവാടക 825 ദിർഹമായി (175 ശതമാനം വർദ്ധനവ്) ഉയർന്നു. ഐബിസ് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നിരക്ക് 233 ദിർഹത്തിൽ നിന്ന് 618 ദിർഹമായും കോർട്യാർഡ് ബൈ മാരിയറ്റിൽ 231 ദിർഹത്തിൽ നിന്ന് 558 ദിർഹമായും വർദ്ധിച്ചു. ജുമൈറ ലിവിംഗ്, ദി എച്ച് ദുബായ് തുടങ്ങിയ മറ്റ് പ്രമുഖ ഹോട്ടലുകളിലും വലിയ രീതിയിലുള്ള നിരക്ക് വർദ്ധനവാണ് രേഖപ്പെടുത്തിയത്.

സെപ്റ്റംബറിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് എനർജി, അറേബ്യൻ ട്രാവൽ മാർക്കറ്റ്, ജിസെക് ഗ്ലോബൽ, ക്രിപ്റ്റോ എക്സ്പോ തുടങ്ങി നിരവധി വൻകിട അന്താരാഷ്ട്ര മേളകളാണ് ഹോട്ടലുകളിലെ തിരക്ക് വർദ്ധിപ്പിച്ചത്. വേൾഡ് ട്രേഡ് സെന്റർ, ഷെയ്ഖ് സായിദ് റോഡ്, ഡിഐഎഫ്‌സി, ഡൗൺടൗൺ തുടങ്ങിയ മേഖലകളിലെ ഹോട്ടലുകളെയാണ് എക്സിബിഷനുകളിൽ പങ്കെടുക്കാൻ ലോകമെമ്പാടു നിന്നും എത്തുന്ന ആയിരക്കണക്കിന് പ്രതിനിധികളും വ്യാപാരികളും പ്രധാനമായും ആശ്രയിക്കുന്നത്.

സാധാരണയായി വേനൽക്കാലത്ത് ഹോട്ടൽ മുറിവാടക കുറവായിരിക്കുമെങ്കിലും സെപ്തംബറോടെ ബിസിനസ്സ് സീസൺ ആരംഭിക്കുന്നതാണ് ഈ മാറ്റത്തിന് കാരണമെന്ന് മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. വരും മാസങ്ങളിൽ ദുബായിലെ വിനോദസഞ്ചാര സീസൺ കൂടി ആരംഭിക്കുന്നതോടെ ഹോട്ടൽ മേഖലയിലെ ഈ മികച്ച മുന്നേറ്റവും ഉയർന്ന ഡിമാൻഡും വർഷാവസാനം വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Business travellers are returning to Dubai, driving up demand for accommodation and leading to a significant increase in hotel rates. The trend highlights the continued recovery and growth of Dubai's business tourism sector.

To advertise here,contact us