വിദേശ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരുടെ നിയമന നടപടികൾ കൂടുതൽ എളുപ്പവും വേഗത്തിലുമാക്കാൻ ഡിജിറ്റൽ വർക്ക് പെർമിറ്റ് സംവിധാനം അവതരിപ്പിച്ച് യുഎഇ. രാജ്യത്തെ മാനവവിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയമാണ് പുതിയ ഓൺലൈൻ സേവനത്തിന് തുടക്കമിട്ടത്. ആഗോളതലത്തിലെ മികച്ച യോഗ്യതയുള്ള പ്രതിഭകളെയും തൊഴിലാളികളെയും യുഎഇയിലെ കമ്പനികൾക്ക് കൂടുതൽ തടസ്സങ്ങളില്ലാതെ റിക്രൂട്ട് ചെയ്യാൻ ഈ സംവിധാനം വഴിയൊരുക്കും.
മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾക്കാണ് ഈ ഡിജിറ്റൽ സേവനം ലഭ്യമാകുക. അപേക്ഷ സമർപ്പണം, ആവശ്യമായ രേഖകൾ നൽകൽ എന്നിവ ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി പൂർണ്ണമായും ഓൺലൈനായി പൂർത്തിയാക്കാൻ സാധിക്കും. സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്നതിന്റെയും ഭരണപരമായ കാലതാമസം ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ നടപടി.
അതേസമയം, വിദേശത്തുനിന്ന് ജീവനക്കാരെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് ചെലവുകൾ, സർക്കാർ ഫീസുകൾ, ഇൻഷുറൻസ്, മറ്റ് സാമ്പത്തിക ഗ്യാരന്റികൾ എന്നിവയുടെ പൂർണ്ണ ഉത്തരവാദിത്തം തൊഴിലുടമ തന്നെ വഹിക്കണമെന്ന് മന്ത്രാലയം വ്യക്തമായി ഓർമ്മിപ്പിച്ചിട്ടുണ്ട്. തൊഴിലന്വേഷകരിൽ നിന്ന് തുക ഈടാക്കാൻ പാടില്ലെന്ന രാജ്യത്തെ തൊഴിൽ നിയമം പാലിച്ചാണ് ഈ നിർദ്ദേശം.
Content Highlights: The UAE has introduced a new digital work permit designed to simplify the recruitment and employment process for expatriate workers. The initiative is expected to streamline work permit procedures through digital services.