യുഎഇയിലെ സ്‌കൂളുകളിലെ മിഡ്-ടേം അവധി തീയതികളിൽ മാറ്റം; പ്രതിസന്ധിയിലായി മാതാപിതാക്കൾ

പെട്ടെന്നുണ്ടായ ഈ തീയതി മാറ്റം മൂലം രക്ഷിതാക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ സ്‌കൂൾ അധികൃതർ ഖേദം പ്രകടിപ്പിച്ചു.

യുഎഇയിലെ പുതിയ അധ്യയന വർഷം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, സ്‌കൂളുകളിലെ ഒക്ടോബർ മാസത്തിലെ അർദ്ധവാർഷിക അവധി തീയതികളിൽ (മിഡ്-ടേം ബ്രേക്ക്) മാറ്റം വരുത്തി അധികൃതർ. ഇത്തവണത്തെ അവധി ഒക്ടോബർ 12 മുതൽ 16 വരെ ആയിരിക്കുമെന്ന് അറിയിച്ച് ദുബായിലെ പ്രമുഖ സ്‌കൂളുകൾ രക്ഷിതാക്കൾക്ക് ഇമെയിൽ സന്ദേശങ്ങൾ അയച്ചു തുടങ്ങി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഒരു ആഴ്ച മുമ്പാണ് പുതിയ അവധി തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും ഏകീകൃത കലണ്ടറിന് അനുസൃതമായാണ് ഈ മാറ്റമെന്ന് ദുബായ് ബ്രിട്ടീഷ് സ്കൂൾ, സഫ ബ്രിട്ടീഷ് സ്കൂൾ, അറബ് യൂണിറ്റി സ്കൂൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ പുറപ്പെടുവിച്ച നോട്ടീസിൽ വ്യക്തമാക്കുന്നു. മുമ്പ് ഒക്ടോബർ 19 മുതൽ 23 വരെ നിശ്ചയിച്ചിരുന്ന അവധിയാണ് ഇപ്പോൾ ഒരു ആഴ്ച മുമ്പേ ആക്കിയിരിക്കുന്നത്. പെട്ടെന്നുണ്ടായ ഈ തീയതി മാറ്റം മൂലം രക്ഷിതാക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ സ്‌കൂൾ അധികൃതർ ഖേദം പ്രകടിപ്പിച്ചു.

അതേസമയം, അപ്രതീക്ഷിതമായ ഈ തീയതി മാറ്റം നിരവധി കുടുംബങ്ങളുടെ പ്ലാനുകളെയും വിദ്യാർത്ഥികളുടെ പഠനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുൻകൂട്ടി പ്രഖ്യാപിച്ച തീയതികൾ അനുസരിച്ച് അവധിക്കാല യാത്രകൾക്കായി ഫ്ലൈറ്റ് ടിക്കറ്റുകളും ടൂർ പാക്കേജുകളും ബുക്ക് ചെയ്ത പ്രവാസികൾ ഇപ്പോൾ വലിയ സാമ്പത്തിക നഷ്ടവും അങ്കലാപ്പിലുമാണ്. ബുക്കിംഗുകൾ റദ്ദാക്കാനോ തീയതി മാറ്റാനോ കഴിയുമോ എന്ന ആശങ്കയിലാണ് പല കുടുംബങ്ങളും.

ഉയർന്ന ക്ലാസുകളിൽ പഠിക്കുന്ന ബോർഡ് പരീക്ഷാ വിദ്യാർത്ഥികളെയും ഈ തീരുമാനം ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. എഎസ് (AS), എ ലെവൽ (A Level) പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് അവധി ദിവസങ്ങളിലും പരീക്ഷകൾ നടക്കുമെന്നതിനാൽ അവർക്ക് പ്രതീക്ഷിച്ച ഇടവേള ലഭിക്കില്ലെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. അതിനു തൊട്ടുപിന്നാലെ മാതൃകാ പരീക്ഷകൾ കൂടി വരുന്നതോടെ കുട്ടികളുടെ പഠനക്രമത്തെ ഇത് സാരമായി ബാധിക്കും.

അതിനിടെ ഷാർജയിലെ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഇതുവരെ മിഡ്-ടേം അവധിയെക്കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ഷാർജയിൽ ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തിദിനം മാത്രമുള്ളതിനാൽ പ്രത്യേകം അർദ്ധവാർഷിക അവധി നൽകിയാൽ സിലബസ് തീർക്കാൻ പ്രയാസമാകുമെന്ന വിലയിരുത്തലിലാണ് അധികൃതർ. ഫെബ്രുവരിയിൽ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ മൂന്ന് വർഷത്തെ അക്കാദമിക് കലണ്ടർ പ്രകാരം, സ്വകാര്യ സ്കൂളുകൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഒക്ടോബറിലെയും ഫെബ്രുവരിയിലെയും അവധികൾ ക്രമീകരിക്കാൻ പ്രാദേശിക വിദ്യാഭ്യാസ അധികൃതർ അനുമതി നൽകിയിരുന്നു.

Content Highlights: Changes in mid-term holiday dates announced by UAE schools have caused difficulties for many parents. Families who had planned trips and other arrangements are now facing uncertainty due to the revised school vacation schedule.

To advertise here,contact us