സ്വയം നിയന്ത്രിത വാഹനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഫെഡറൽ നിയമത്തിന് യുഎഇ അംഗീകാരം നൽകി. രാജ്യത്ത് ഡ്രൈവർലെസ് വാഹനങ്ങളുടെ പരീക്ഷണങ്ങളും വാണിജ്യ സേവനങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിലാണ് യുഎഇ പുതിയ നിയമം കൊണ്ടുവന്നത്. അബുദാബിയിലെ ഖസർ അൽ വതനിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം.
പുതിയ നിയമപ്രകാരം സ്വയം നിയന്ത്രിത വാഹനങ്ങളുടെ പരിശോധന, രജിസ്ട്രേഷൻ, ലൈസൻസിംഗ്, പുതിയ സാങ്കേതികവിദ്യകളുടെ പരീക്ഷണം എന്നിവയ്ക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതോടൊപ്പം വാഹന ഏജൻറുമാർ, ഓപ്പറേറ്റർമാർ, യാത്രക്കാർ എന്നിവരുടെ ഉത്തരവാദിത്വങ്ങളും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറൽ, പ്രാദേശിക സർക്കാർ ഏജൻസികളുടെ ചുമതലകളും സൂചിപ്പിക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദമായ സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിലൂടെ മലിനീകരണം കുറയ്ക്കുക, ഗതാഗതക്കുരുക്ക് നിയന്ത്രിക്കുക, റോഡ് സുരക്ഷ വർധിപ്പിക്കുക, അപകടങ്ങൾ കുറയ്ക്കുക എന്നിവയ്ക്ക് സഹായകരമാകുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. ഏഴ് എമിറേറ്റുകളിലുമായി സ്വയം നിയന്ത്രിത വാഹനങ്ങൾക്ക് ഒരേ നിയമവ്യവസ്ഥ നടപ്പാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പ്പായാണ് പുതിയ ഫെഡറൽ നിയമത്തെ കണക്കാക്കുന്നത്. ഇത് രാജ്യത്തുടനീളം ഏകീകൃത മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം ഈ മേഖലയിലെ നവീകരണങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുകയും ചെയ്യുന്നു. ദുബായിൽ ഇതിനകം തന്നെ സ്വയം ഓടുന്ന വാഹനങ്ങൾക്കായി പ്രത്യേക നിയമങ്ങൾ നിലവിലുണ്ട്.
2023 ൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വാണിജ്യാടിസ്ഥാനത്തിൽ ഡ്രൈവർലെസ് വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള നിയമങ്ങൾ നടപ്പാക്കിയിരുന്നു. ആർടിഎയുടെ പ്രത്യേക അനുമതിയില്ലാതെ ഒരു സ്വയം നിയന്ത്രിത വാഹനത്തിനും പൊതുവഴികളിൽ സർവീസ് നടത്താൻ കഴിയില്ല. 2030 ഓടെ ദുബായിലെ മൊത്തം യാത്രകളിൽ 25 ശതമാനവും സ്മാർട്ട്, ഡ്രൈവർലെസ് സംവിധാനങ്ങളിലൂടെ നടപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ദുബായ് കിരീടാവകാശി ഷെെഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്വയം ഓടുന്ന ടാക്സി സേവനങ്ങളുടെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. ആദ്യഘട്ടത്തിൽ 100 ഡ്രൈവർലെസ് ടാക്സികളാണ് സർവീസിനിറങ്ങുന്നത്. കഴിഞ്ഞ മാസം ബൈഡുവിന്റെ (Baidu) പൂർണമായും ഡ്രൈവർരഹിതമായ അപ്പോളോ ഗോ (Appolo Go) വാഹനങ്ങൾ ഊബർ പ്ലാറ്റ്ഫോമിലൂടെ ബുക്ക് ചെയ്യാനുള്ള സൗകര്യം ദുബായിൽ ആരംഭിച്ചിരുന്നു. ഊബർ എക്സ്, ഊബർ കംഫർട്ട് സേവനങ്ങൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ചില സാഹചര്യങ്ങളിൽ ഡ്രൈവർരഹിത വാഹനങ്ങൾ ലഭിക്കും. ആദ്യഘട്ടത്തിൽ ഉം സുഖൈം, ജുമൈറ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുക. പിന്നീട് മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും എന്ന് അധികൃതർ അറിയിച്ചു.
അബുദാബിയും സ്വയം നിയന്ത്രിത വാഹന രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. മേഖലയിലെ ആദ്യ പൂർണമായും ഡ്രൈവർ രഹിത വാഹനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയതും അബുദാബിയാണ്. കൂടാതെ ഇത്തരം വാഹനങ്ങളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പ്രത്യേക നീല നമ്പർ പ്ലേറ്റുകളും അബുദാബി അവതരിപ്പിച്ചിട്ടുണ്ട്. ഡ്രൈവർലെസ് ഗതാഗതത്തിന്റെ ഭാവിയിലേക്ക് യുഎഇ അതിവേഗം മുന്നേറുകയാണെന്നും പുതിയ നിയമം ഈ മേഖലയിലെ വളർച്ചയ്ക്ക് നിർണായക അടിത്തറയാകുമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlight: UAE has approved federal laws governing autonomous vehicles, establishing a legal framework for the development and use of self driving transport.