ഷാർജയിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സാമൂഹിക സുരക്ഷാ സഹായം ലഭിക്കുന്ന കുടുംബങ്ങൾക്കും മിനിമം പ്രതിമാസ വേതനം 20,000 ദിർഹമായി (ഏകദേശം 4.5 ലക്ഷത്തോളം ഇന്ത്യൻ രൂപ) ഉയർത്തി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. സെപ്റ്റംബർ മാസം മുതൽ ഈ വർധനവ് പ്രാബല്യത്തിൽ വരും. സ്വദേശി കുടുംബങ്ങളുടെ പ്രതിമാസ ജീവിതച്ചെലവുകളും ആവശ്യങ്ങളും മുൻനിർത്തി നടത്തിയ സമഗ്ര പഠനത്തിന് ശേഷമാണ് ഷാർജ ഭരണാധികാരിയുടെ നിർണ്ണായക തീരുമാനം. പ്രതിവർഷം 118.7 കോടിയിലധികം (1.187 ബില്യൺ) ദിർഹമിന്റെ സാമ്പത്തിക ബാധ്യതയാണ് ഇതിലൂടെ ഷാർജ സർക്കാർ ഏറ്റെടുക്കുന്നത്.
പദ്ധതിയുടെ പ്രധാന വിഹിതമായ 72 കോടിയിലധികം ദിർഹം ചെലവഴിച്ച് ഷാർജ സർക്കാരിലെ 17,776 ജീവനക്കാരുടെ വരുമാനമാണ് ഉയർത്തുന്നത്. ഇതിനുപുറമെ, സാമൂഹിക ആനുകൂല്യങ്ങൾ ലഭിക്കുന്ന 6,652 കുടുംബങ്ങൾക്ക് പ്രതിവർഷം 19.5 കോടിയിലധികം ദിർഹമിന്റെ സഹായം ലഭ്യമാകും. ഷാർജ സർവീസിൽ നിന്ന് വിരമിച്ച 2,251 പെൻഷൻകാർക്ക് 11.3 കോടി ദിർഹമും ഷാർജയ്ക്ക് പുറത്തുള്ള മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച 5,300 പൗരന്മാർക്ക് സപ്ലിമെന്ററി ഗ്രാന്റായി 15.9 കോടി ദിർഹമും ഈ പദ്ധതിയിലൂടെ മാസം തോറും ലഭിക്കും.
സ്വദേശി പൗരന്മാരുടെയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ക്ഷേമം ഉറപ്പാക്കാൻ തുടർച്ചയായ തീരുമാനങ്ങളാണ് ഷാർജ ഭരണാധികാരി കൈക്കൊള്ളുന്നത്. ഈ വർഷം ആദ്യ അഞ്ച് മാസങ്ങളിലായി 633 സ്വദേശികൾക്ക് തൊഴിൽ നൽകിയതിന് പിന്നാലെ 717 പ്രവാസികൾക്ക് കൂടി സർക്കാർ മേഖലയിൽ ജോലി നൽകാൻ ഉത്തരവിട്ടിരുന്നു. കൂടാതെ, തൊഴിൽ രഹിതരായ 410 സ്വദേശി ഉദ്യോഗാർത്ഥികൾക്കായി പ്രതിമാസം 6,000 ദിർഹം സ്റ്റൈപ്പൻഡോടെ പ്രത്യേക പരിശീലന പരിപാടിയും നടപ്പിലാക്കുന്നുണ്ട്. അടുത്തിടെ ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിലെ 238 ജീവനക്കാർക്ക് പ്രൊമോഷനും 56 പേർക്ക് പ്രകടന അധിഷ്ഠിത ബോണസും നൽകിയിരുന്നു.
തൊഴിൽ മേഖലയിൽ മാത്രമല്ല, ഉന്നത വിദ്യാഭ്യാസ രംഗത്തും വലിയ പിന്തുണയാണ് സർക്കാർ നൽകുന്നത്. ഷാർജയിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ സ്വദേശി വിദ്യാർഥികൾക്കും യുഎഇ വനിതകളുടെ മക്കൾക്കുമായി 4,434 സ്കോളർഷിപ്പുകളാണ് അടുത്തിടെ അനുവദിച്ചത്. കൂടാതെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സുഡാനീസ് പ്രവാസി സമൂഹത്തിലെ കുട്ടികൾക്കായി സ്ഥാപിച്ച 'സുഡാൻ പ്രൈവറ്റ് സ്കൂളിലെ' വിദ്യാർത്ഥികളിൽ നിന്ന് യാതൊരുവിധ ഫീസും ഈടാക്കരുതെന്നും നിലവിൽ വാങ്ങിയ ഫീസ് രക്ഷിതാക്കൾക്ക് തിരികെ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. ജനക്ഷേമത്തിനായി ഷാർജ സർക്കാർ നടപ്പിലാക്കുന്ന ചരിത്രപരമായ കരുതൽ നടപടികളുടെ തുടർച്ചയാണ് പുതിയ വേതന വർധനവ്.
Content Highlights: Sharjah has announced a significant update for government employees by setting a minimum monthly income of AED 20,000. The decision is aimed at improving employee welfare and financial stability.