ഷാർജയിലെ അൽ താവുൻ ടണൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി; നവംബറിൽ പൊതു​ഗതാ​ഗതത്തിനായി തുറക്കും

ഭാവിയിൽ അൽ നൂർ റോഡുമായി ബന്ധിപ്പിക്കുന്ന ഗതാഗത പാതയുടെ ഭാഗമാകാനും ഈ പദ്ധതി സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ

ഷാർജയിൽ നിന്ന് ദുബായിലേക്ക് യാത്രചെയ്യുന്ന യാത്രക്കാർക്ക് ആശ്വാസമാകുന്ന അൽ താവൂൻ ടണൽ പദ്ധതിയുടെ ആദ്യഘട്ടവും അനുബന്ധ റോഡ് വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കി ഷാർജ. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് മുന്നോടിയായി നവംബറിൽ പൊതുജനങ്ങളാ‍ക്കായി റോഡ് തുറന്നുകൊടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

അൽ താവുൻ റൗണ്ട്ബൗട്ടിന് കീഴിലൂടെ കടന്നുപോകുന്ന ടണലിന് ഏകദേശം 500 മീറ്റർ ദൈർഘ്യമുണ്ട്. ഇരുദിശകളിലുമായി മൂന്ന് ലെെനുകൾ വീതമുള്ള ടണൽ അൽ താവൂൻ സ്ട്രീറ്റിനെ അൽ നഹ്ദ പാലത്തോടും ദുബായിലേക്കുള്ള പ്രധാന റോഡ് ശൃംഖലയോടും ബന്ധിപ്പിക്കും. പദ്ധതിയുടെ ഭാഗമായി മണിക്കൂറിൽ ഏകദേശം 4200 വാഹനങ്ങൾ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ സിഗ്നൽ ജംഗ്ഷനും നിർമ്മിച്ചിട്ടുണ്ട്. ഇതിലൂടെ അൽ താവുൻ റൗണ്ട്ബൗട്ട് മേഖലയിലെ തിരക്ക് കുറയ്ക്കാനും ഷാർജയിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കാനും സാധിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗത പ്രവാഹം മെച്ചപ്പെടുകയും വാഹനക്കുരുക്ക് ഗണ്യമായി കുറയുകയും യാത്രക്കാരുടെ കാത്തിരിപ്പ് സമയം 85 ശതമാനം വരെ കുറയുകയും ചെയ്യുമെന്നാണ് അധികൃതർ പറ‍യുന്നത്. ആദ്യഘട്ടം നവംബറിൽ പൊതുജനങ്ങൾക്കായി തുറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അടുത്ത വർഷം (2027) ഫെബ്രുവരിയോടെ ടണലിന്റെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.

ടണൽ നിർമ്മാണത്തിനായി അൽ താവൂൻ റൗണ്ട്ബൗട്ടിലെ പ്രശസ്ത സ്മാരകം താൽക്കാലികമായി നീക്കം ചെയ്തിരുന്നു. പദ്ധതി പൂർത്തിയായ ശേഷം സ്മാരകം പുതുക്കി രൂപകൽപ്പന ചെയ്ത് പഴയ സ്ഥലത്ത് തന്നെ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. ദുബായിയെയും ഷാർജയെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതകളിലൊന്നായ അൽ താവൂൻ സ്ട്രീറ്റിലെ വർധിച്ചുവരുന്ന ​ഗതാ​ഗതക്കുരുക്ക് പരിഹരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഭാവിയിൽ അൽ നൂർ റോഡുമായി ബന്ധിപ്പിക്കുന്ന ഗതാഗത പാതയുടെ ഭാഗമാകാനും ഈ പദ്ധതി സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Content Highlight: Sharjah has completed the first phase of the Al Taawun Tunnel project, with the new infrastructure expected to open for public use in November and improve traffic movement across the area.

To advertise here,contact us