ജന്മദിന, വിവാഹ വാർഷിക തിയതികൾ ഒഴിവാക്കി; യഥേഷ്ടം നമ്പറുകൾ തിരഞ്ഞെടുത്തു, യുഎഇ ലോട്ടറി ആദ്യ വിജയിയായി വനിത

വിജയിയായ വിവരം തികച്ചും അപ്രതീക്ഷിതമായാണ് യുവതി അറിഞ്ഞത്

വർഷങ്ങളായി ജന്മദിനങ്ങളും വിവാഹ വാർഷിക തീയതികളും ഓർമ്മിപ്പിക്കുന്ന പ്രിയപ്പെട്ട അക്കങ്ങൾ തിരഞ്ഞെടുത്തായിരുന്നു 38-കാരിയായ സെൻ അരിയാൻ ഗാർസെലസ് എന്ന ഫിലിപ്പീൻസ് സ്വദേശിനി യുഎഇ ലോട്ടറി എടുത്തിരുന്നത്. എന്നാൽ, അടുത്തിടെ ആ പതിവ് ഉപേക്ഷിച്ച് യുഎഇ ലോട്ടറിയുടെ 'ഈസി പിക്ക്' (Easy Pick) സംവിധാനം വഴി റാൻഡം അക്കങ്ങൾ തിരഞ്ഞെടുക്കാൻ അവർ തീരുമാനിച്ചു. ആ ഒരൊറ്റ മാറ്റമാണ് ഗാർസെലസിന്റെ ജീവിതത്തിലേക്ക് 50 ലക്ഷം ദിർഹം (ഏകദേശം 11.5 കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനമായി എത്തിച്ചത്. 13 വർഷമായി ദുബായിൽ താമസിക്കുന്ന ഗാർസെലസ്, യുഎഇ ലോട്ടറിയിലെ ആദ്യത്തെ വനിതാ മില്യണയറാണ്.

വിജയിയായ വിവരം തികച്ചും അപ്രതീക്ഷിതമായാണ് ഗാർസെലസ് അറിഞ്ഞത്. ഇമെയിലിൽ അറിയിപ്പുകളൊന്നും വരാതിരുന്നതിനെ തുടർന്ന് ഇൻസ്റ്റാഗ്രാമിലൂടെയാണ് ആരോ 50 ലക്ഷം ദിർഹം നേടിയ കാര്യം അവർ കണ്ടത്. ജിജ്ഞാസയോടെ വിജയ അക്കങ്ങൾ പരിശോധിക്കാൻ ലോട്ടറി അക്കൗണ്ടിൽ ലോഗിൻ ചെയ്തപ്പോഴാണ് "അഭിനന്ദനങ്ങൾ, നിങ്ങൾ 50 ലക്ഷം ദിർഹം നേടിയിരിക്കുന്നു" എന്ന സന്ദേശം തെളിഞ്ഞത്. ആദ്യം തനിക്കും ഭർത്താവിനും അത് വിശ്വസിക്കാൻ സാധിച്ചില്ലെന്നും പിന്നീട് അടുത്ത സുഹൃത്തുക്കളെ വിളിച്ച് അത് സത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സന്തോഷക്കണ്ണീരണിഞ്ഞതെന്നും ഗാർസെലസ് പറഞ്ഞു.

സമ്മാനത്തുക ഉപയോഗിച്ച് കുടുംബത്തിനായി വലിയ പദ്ധതികളാണ് ഇവർ ലക്ഷ്യമിടുന്നത്. മകളുടെ ആഗ്രഹപ്രകാരം ഡിസ്‌നിലാൻഡ് സന്ദർശിക്കുക, മക്കളുടെ വിദ്യാഭ്യാസം ഉറപ്പാക്കുക, ഭർത്താവിന് ഒരു കാർ വാങ്ങി നൽകുക, ഒരു ബിസിനസ്സിൽ നിക്ഷേപിക്കുക എന്നിവയാണ് ആദ്യ പ്ലാനുകൾ.

വലിയ തുക സമ്മാനമായി ലഭിച്ചെങ്കിലും ദുബായ് വിട്ടുപോകാൻ ഇവർക്ക് ഉദ്ദേശ്യമില്ല. 13 വർഷം മുമ്പ് ഒരു ഡെന്റൽ അസിസ്റ്റന്റായി ദുബായിലെത്തിയ ഗാർസെലസ്, ഇവിടെ വച്ചാണ് ഭർത്താവിനെ കണ്ടുമുട്ടിയതും കുടുംബജീവിതം ആരംഭിച്ചതും. ദുബായിൽ സ്വന്തമായി ഒരു അപ്പാർട്ട്മെന്റ് വാങ്ങുക എന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ ഇവർ. പെട്ടെന്ന് ലഭിച്ച പണം വളരെ ഉത്തരവാദിത്തത്തോടെയും ബുദ്ധിപൂർവ്വവും മാത്രമേ ചെലവഴിക്കൂ എന്നും ഗാർസെലസ് വ്യക്തമാക്കുന്നു.

Content Highlights: A woman has emerged as the first winner of the UAE lottery after choosing her numbers freely rather than using significant dates such as birthdays and wedding anniversaries. Her approach to number selection proved successful, making her the lottery’s first winner.

To advertise here,contact us