സാങ്കേതികവിദ്യയില്‍ നിന്നല്ല, ഒരു പ്രശ്നത്തില്‍ നിന്നാണ് പുതിയ ചിന്തകള്‍ ആരംഭിക്കുന്നതെന്ന് വിശ്വസിക്കുന്ന യുവ പ്രതിഭയാണ് യുഎഇയില്‍ വളര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി ബഷാര്‍ നായിക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് വിവിധ സാമൂഹികവും സാങ്കേതികവുമായ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പദ്ധതികളിലൂടെ ശ്രദ്ധ നേടുകയാണ് പത്തൊമ്പത് വയസ്സുകാരനായ ബഷാര്‍ നായിക്. ബഷാറിന്റെ കാഴ്ചപ്പാടില്‍ എഐ ഒരു സാങ്കേതിക അത്ഭുതമല്ല, മറിച്ച് സങ്കീര്‍ണമായ വിവരങ്ങള്‍ വിശകലനം ചെയ്യാനും പാറ്റേണുകള്‍ കണ്ടെത്താനും മനുഷ്യര്‍ക്ക് മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നതുമായ ഒരു സംവിധാനമാണ്.
സ്കൂള്‍ പഠനകാലത്ത് മണ്ണിലെ ധാതുക്കളെക്കുറിച്ചുള്ള ഒരു പ്രൊജക്ടിലൂടെ ആരംഭിച്ച ബഷാന്‍ നായിക്കിന്റെ ഗവേഷണ യാത്ര പിന്നീട് യുഎഇയിലെ വാഹനങ്ങളുടെ ഇന്ധനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എഐ സംവിധാനത്തിലേക്ക് വ്യാപിച്ചു. ഒടുവില്‍ ഡീപ്ഫേക്ക് വീഡിയോകളും ഓണ്‍ലൈന്‍ തട്ടിപ്പുകളും തിരിച്ചറിയാന്‍ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലേക്കും എത്തി നില്‍ക്കുകയാണ്. 2007ല്‍ മുംബൈയില്‍ ജനിച്ച ബഷാര്‍ നായിക് മൂന്നുമാസം പ്രായമുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം യുഎഇയിലേക്കെത്തിയത്. ഷാര്‍ജയില്‍ വളര്‍ന്ന ബഷാര്‍ നായിക് ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ജുവൈസയില്‍ (SISJ) പഠനം പൂര്‍ത്തിയാക്കിയ ശേഷം നിലവില്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ഷാര്‍ജയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്.
യുഎഇയിലെ പുരോഗമനപരമായ ചിന്തകളും സാങ്കേതിക മുന്നേറ്റങ്ങളും സുസ്ഥിര വികസന കാഴ്ചപ്പാടുകളുമാണ് തന്റെ ആശയങ്ങള്‍ക്ക് പ്രചോദനമെന്ന് ബഷാര്‍ പറഞ്ഞു. യുവ പ്രതിഭകള്‍ക്ക് ആശയങ്ങള്‍ പരീക്ഷിക്കാനും പുതിയ പരിഹാരങ്ങള്‍ വികസിപ്പിക്കാനും യുഎഇ ഒരുക്കുന്ന അവസരങ്ങളാണ് തന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായതെന്നും ബഷാര്‍ കൂട്ടിച്ചേര്‍ത്തു. ഡീപ്ഫേക്ക് സാങ്കേതികവിദ്യയും ഓണ്‍ലൈന്‍ തെറ്റായ വാര്‍ത്താ പ്രചാരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവ കണ്ടെത്താനും തടയാനുമുള്ള എഐ അധിഷ്ഠിത സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ ലക്ഷ്യമെന്നും ബഷാര്‍ പറഞ്ഞു. സാങ്കേതികവിദ്യയെ സമൂഹത്തിന് ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കണമെന്ന സന്ദേശമാണ് ബഷാര്‍ നായിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് മാതാപിതാക്കളും പറഞ്ഞു.
Content Highlight: An Indian student in Sharjah has earned recognition for an innovative artificial intelligence project, highlighting the growing role of young innovators in technology and education.