യുഎസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎഇക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് രംഗത്തെത്തി. രാജ്യത്തിന്റെ വളർച്ചയും കൈവരിച്ച വലിയ നേട്ടങ്ങളും നേരിടാൻ സാധിക്കാത്തവരാണ് ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം വിമർശിച്ചു.
ദേശീയ നിർമാണത്തിനും വികസനത്തിനും മുൻഗണന നൽകുന്ന മികച്ച സമീപനമാണ് യുഎഇയുടേതെന്ന് അൻവർ ഗർഗാഷ് തൻ്റെ സമൂഹമാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. 'മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിന്റെ പുരോഗതിയിലാണ് യുഎഇ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.'
മറ്റുള്ളവർ നടത്തുന്ന വ്യാജപ്രചാരണങ്ങളിൽ ശ്രദ്ധിക്കാതെ വികസനത്തിന്റെ പാതയിൽ യുഎഇ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ യുഎഇ കൈവരിക്കുന്ന നേട്ടങ്ങളിൽ അസ്വസ്ഥരായ ചില കേന്ദ്രങ്ങളാണ് ഇത്തരം അപപ്രചാരണങ്ങൾക്ക് പിന്നിലെന്നാണ് ഗർഗാഷിൻ്റെ പ്രതികരണം.
Content Highlights: UAE diplomatic adviser Anwar Gargash has criticised campaigns targeting the UAE in connection with West Asian conflicts. He said such narratives are wrong and highlighted the country's position on regional issues.