നബിദിന അവധിയോടനുബന്ധിച്ച് തങ്ങളുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളുടെയും വിവിധ സേവന ചാനലുകളുടെയും സമയക്രമം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) പ്രഖ്യാപിച്ചു. പൊതുഅവധി ദിനത്തിലും ഉപഭോക്താക്കൾക്ക് സേവനങ്ങളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാനാണ് ഈ ക്രമീകരണമെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ സമയക്രമം അനുസരിച്ച്, അൽ അവീറിലെ പബ്ലിക് സർവീസസ് വിഭാഗം ഉപഭോക്താക്കളെ രാവിലെ ആറ് മുതൽ രാത്രി എട്ട് വരെ സ്വീകരിക്കും. അൽ മനാറ മുനിസിപ്പാലിറ്റി സെന്ററിലെയും അൽ ത്വവാറിലെ ഫ്രീ സോൺ വിഭാഗത്തിലെയും സേവനങ്ങൾ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും ലഭ്യമാകുക. അതേസമയം, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ 3 അറൈവൽസിലെ എയർപോർട്ട് സർവീസ് സെന്റർ ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും തടസ്സമില്ലാതെ പ്രവർത്തിക്കും.
സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്താതെ തന്നെ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ ജിഡിആർഎഫ്എയുടെ ഔദ്യോഗിക വെബ്സൈറ്റ് (gdrfad.gov.ae), 'ദുബായ് നൗ' (Dubai Now) ആപ്ലിക്കേഷൻ എന്നിവ വഴി 24 മണിക്കൂറും ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി 8005111 എന്ന കോൾ സെന്റർ നമ്പറിലും ബന്ധപ്പെടാം. നേരിട്ട് സേവന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുൻപ് ആവശ്യമായ രേഖകളും നടപടിക്രമങ്ങളും പൂർണ്ണമാണെന്ന് ഉറപ്പുവരുത്തണമെന്നും പരമാവധി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Content Highlights: Dubai GDRFA has announced the operating hours of its customer service centres during the Prophet’s Birthday holiday, helping residents and visitors plan their government service requirements accordingly.