ദുബായിൽ ഷെയർഡ് താമസങ്ങൾക്കുള്ള പുതിയ നിയമം പ്രാബല്യത്തിൽ; നിയമലംഘനത്തിന് കനത്ത പിഴ

പുതിയ നിയമപ്രകാരം കെട്ടിട ഉടമകൾക്കോ ലൈസൻസുള്ള ഏജൻസികൾക്കോ മാത്രമേ ഷെയറിങ് അടിസ്ഥാനത്തിൽ റൂമുകൾ വാടകയ്ക്ക് നൽകാൻ അനുവാദമുള്ളൂ

ദുബായിൽ അനധികൃത ഷെയറിങ് താമസസൗകര്യങ്ങൾ തടയുന്നതിനും താമസ സുരക്ഷ ഉറപ്പാക്കുന്നതിനുമായി തയ്യാറാക്കിയ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ദുബായിൽ ഇനി മുതൽ മുൻകൂട്ടിയുള്ള പെർമിറ്റുകളില്ലാതെ ഷെയർഡ് താമസസൗകര്യങ്ങൾ നൽകാൻ പാടില്ല. തൊഴിലാളികളുടെ കൂട്ടായ താമസത്തിനായുള്ള പ്രത്യേക ലേബർ ക്യാമ്പുകൾ ഒഴികെ, ദുബായിലെയും ഫ്രീ സോണുകളിലെയും എല്ലാ സ്വകാര്യ താമസകേന്ദ്രങ്ങൾക്കും ഈ നിയമം ബാധകമാണ്.

പുതിയ നിയമപ്രകാരം കെട്ടിട ഉടമകൾക്കോ ലൈസൻസുള്ള ഏജൻസികൾക്കോ മാത്രമേ ഷെയറിങ് അടിസ്ഥാനത്തിൽ റൂമുകൾ വാടകയ്ക്ക് നൽകാൻ അനുവാദമുള്ളൂ. റൂമുകളോ ബെഡ് സ്പേസുകളോ എടുത്ത് താമസിക്കുന്നവർ അത് മറ്റുള്ളവർക്ക് ഉപവാടകയ്ക്ക് നൽകുന്നത് പൂർണ്ണമായും നിരോധിച്ചു. നിയമലംഘനം നടത്തുന്നവർക്ക് 500 ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെയാണ് പിഴ തുക. ഒരു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പിഴ 10 ലക്ഷം ദിർഹം വരെയായി ഉയരും. കൂടാതെ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കൽ, കെട്ടിടങ്ങളിലേക്കുള്ള കുടിവെള്ള-വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിക്കൽ, കെട്ടിടം ഒഴിപ്പിക്കൽ തുടങ്ങിയ കർശന നടപടികളും അധികൃതർ സ്വീകരിക്കും.

അപ്പാർട്ട്‌മെന്റുകൾ, വില്ലകൾ, ടൗൺഹൗസുകൾ, റസിഡൻഷ്യൽ കോംപ്ലക്സുകൾ എന്നിവയുൾപ്പെടെ ആറ് തരം കെട്ടിടങ്ങളാണ് ഷെയറിങ്ങിനായി ഉപയോഗിക്കാൻ അനുമതിയുള്ളത്. കുടുംബങ്ങൾ, സ്ത്രീകൾ, പുരുഷന്മാർ, വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർക്ക് അനുമതിയുള്ള കേന്ദ്രങ്ങളിൽ ഒരുമിച്ച് താമസിക്കാം. നിലവിൽ ഇത്തരം സൗകര്യങ്ങൾ നൽകുന്ന ഉടമകൾക്കും കമ്പനികൾക്കും പുതിയ നിയമത്തിന് വിധേയമായി കാര്യങ്ങൾ ക്രമീകരിക്കാൻ 2026 ഓഗസ്റ്റ് 26 മുതൽ ഒരു വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയോ പെർമിറ്റ് ഇല്ലാതാവുകയോ ചെയ്താലും താമസക്കാരെ പെട്ടെന്ന് തെരുവിലേക്ക് ഇറക്കിവിടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇവർക്ക് പകരം താമസസൗകര്യം കണ്ടെത്തുന്നതിനായി നിശ്ചിത സമയം അനുവദിക്കും. സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്കും കമ്പനികൾ ജീവനക്കാർക്കും നൽകുന്ന അംഗീകൃത താമസസൗകര്യങ്ങൾക്കും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തനം തുടരാവുന്നതാണ്.

Content Highlights: New regulations governing shared accommodation have come into effect in Dubai, with heavy fines for violations. The rules aim to regulate shared living arrangements and ensure compliance with housing standards and requirements.

To advertise here,contact us