ദുബായില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ഇരുപത്താറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതോടെ എമിറേറ്റിലെ വിദ്യാലയങ്ങളില്‍ 17,000 പുതിയ സീറ്റുകള്‍ കൂടി പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് അന്താരാഷ്ട്ര യുണിവേഴ്സിറ്റികളും ഏഴ് സ്കൂളുകളും 17 നഴ്സറികളുമാണ് ദുബായില്‍ പുതിയ അധ്യയനവര്‍ഷത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. പുതുതായി ആരംഭിക്കുന്ന സ്കൂളുകളില്‍ നാലെണ്ണം ബ്രിട്ടീഷ് കരിക്കുലവും മൂന്നെണ്ണം ഇന്റര്‍നാഷണല്‍ ബാക്കലേററ്റ് രീതിയുമാണ് പിന്തുടരുന്നത്.
ഹാരോ ഇന്റര്‍നാഷണല്‍ സ്കൂള്‍, ക്വീന്‍ എലിസബത്ത് സ്കൂള്‍, റഗ്ബി സ്കൂള്‍ തുടങ്ങിയ പ്രമുഖ ബ്രിട്ടീഷ് സ്ഥാപനങ്ങളുടെ ക്യാമ്പസുകളും ഇതില്‍ ഉള്‍പ്പെടുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിന് കുട്ടികളെ സജ്ജരാക്കുന്ന ഏര്‍ലി ചൈല്‍ഡ്ഹൂഡ് സെന്ററുകളാണ് നഴ്സറികള്‍ക്ക് സമാനമായി ആരംഭിക്കുന്നത്. ഇത്തരം 17 കേന്ദ്രങ്ങളിലായി 1700 കുട്ടികള്‍ക്ക് ഈ വര്‍ഷം അധികം പ്രവേശനം നല്കാന് കഴിയുമെന്നാണ് അധികൃതര്‍ പറഞ്ഞത്.
ഉന്നത വിദ്യാഭ്യാസ മേഖലയിലും വലിയ മുന്നേറ്റമാണ് നടക്കുന്നത്. ലെബനനിലെ പ്രശസ്തമായ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ബെയ്റൂത്ത് (എ യു ബി) ദുബായ് ക്യാമ്പസ് 2026 സെപ്തംബറിലും ക്യു എസ് റാങ്കിങ്ങില്‍ ആഗോളതലത്തില്‍ നാല്‍പ്പത്തിയേഴാം സ്ഥാനത്തുള്ള പെക്കിങ് യൂണിവേഴ്സിറ്റി എച്ച് എസ് ബി സി ബിസിനസ് സ്കൂള്‍ (പി എച്ച് ബി എസ്) തങ്ങളുടെ എം ബി എ പ്രോഗ്രാമുകള്‍ 2027 ജനുവരിയിലും ദുബായില്‍ ആരംഭിക്കും. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സര്‍വകലാശാലാ പ്രവേശനത്തില്‍ 29 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Content Highlight: Dubai’s private education sector is expanding with 26 new institutions, including schools, early childhood centres, and higher education campuses, beginning operations in the new academic year.