ഇന്ത്യയിലെ യുഎഇ അംബാസഡറായി അബ്ദുള്ള സൈഫ് അൽ നുഐമി; രാഷ്ട്രപതി ദ്രൗപദി മുർമുവിന് അധികാരപത്രം സമർപ്പിച്ചു

രാഷ്ട്രപതി ദ്രൗപദി മുര്‍മു യുഎഇ നേതൃത്വത്തിനും ജനങ്ങള്‍ക്കും ആശംസകള്‍ അറിയിച്ചു

ഇന്ത്യയിലെ യുഎഇ അംബാസഡറായി ചുമതലയേറ്റ അബ്ദുള്ള സൈഫ് അല്‍ നുഐമി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അധികാരപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ഔദ്യോഗിക ചടങ്ങിലായിരുന്നു അധികാരപത്രം സമര്‍പ്പിച്ചത്. ചടങ്ങിനിടെ രാഷ്ട്രപതി ദ്രൗപദി മുര്‍മു യുഎഇ നേതൃത്വത്തിനും ജനങ്ങള്‍ക്കും ആശംസകള്‍ അറിയിച്ചു. ഒപ്പം യുഎഇയുടെ തുടര്‍ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പുതിതായി ചുമതലയേറ്റ അംബാസഡര്‍ക്ക് വിജയാശംസകളും നേര്‍ന്നു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് രാഷ്ട്രപതി ഉറപ്പുനല്‍കി. തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയിലെ യുഎഇയുടെ പ്രതിനിധിയായി സേവനമനുഷ്ഠിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അബ്ദുല്ല സൈഫ് അല്‍ നുഐമി പറഞ്ഞു. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ വിപുലീകരിക്കാനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദവും സമഗ്ര തന്ത്രപ്രധാന പങ്കാളിത്തവും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയങ്ങളായി. ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ഊര്‍ജം ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം കൂടുതല്‍ വികസിപ്പിക്കാനുള്ള സാധ്യതകളും ഇരുപക്ഷവും വിലയിരുത്തി. സമീപ വര്‍ഷങ്ങളിലായി ഇന്ത്യ - യുഎഇ ബന്ധം വിവിധ മേഖലകളില്‍ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ അംബാസഡറുടെ ചുമതലയേല്‍ക്കല്‍. സാമ്പത്തിക, വ്യാപാര, നയതന്ത്ര മേഖലകളിലെ സഹകരണം കൂടുതല്‍ വിപുലമാകുമെന്ന പ്രതീക്ഷയും ഇതോടെ ഉയര്‍ന്നിട്ടുണ്ടെന്നും ഇരുവരും വ്യക്തമാക്കി.

Content Highlight: UAE Ambassador Abdullah Saif Al Nuaimi presented his credentials to Indian President Droupadi Murmu at Rashtrapati Bhavan, marking a new chapter in India UAE diplomatic relations.

To advertise here,contact us