ദുബായിലെ ഡ്രൈവറില്ലാ ടാക്സി രംഗത്ത് നിർണായക ചുവടുവെയ്പ്പുമായി ആഗോള യാത്രാ ആപ്പായ ഊബർ. ചൈനീസ് ടെക് ഭീമനായ ബൈഡുവിന്റെ 'അപ്പോളോ ഗോ' ഡ്രൈവറില്ലാ റോബോടാക്സികൾ ഇനിമുതൽ ഊബർ ആപ്പ് വഴി ബുക്ക് ചെയ്യാം. ആദ്യ ഘട്ടത്തിൽ ജുമൈറ, ഉമ്മു സുഖീം എന്നീ മേഖലകളിലാണ് ഈ ഡ്രൈവറില്ലാ ടാക്സി സർവീസ് ലഭ്യമാവുക.
ദുബായിൽ ഡ്രൈവറില്ലാ ടാക്സികൾ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഊബറും ബൈഡുവിന്റെ അപ്പോളോ ഗോയും തമ്മിൽ കൈകോർത്തത്. ഓഗസ്റ്റ് 20 മുതൽ ഊബർ ആപ്പിൽ ഊബർഎക്സ് (UberX) അല്ലെങ്കിൽ ഊബർ കംബോർട്ട് (Uber Comfort) ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് അപ്പോളോ ഗോയുടെ ഡ്രൈവറില്ലാ വാഹനങ്ങൾ ലഭ്യമായിത്തുടങ്ങും. റോബോടാക്സിയിൽ തന്നെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഊബർ ആപ്പിലെ പ്രത്യേക ഓട്ടോണമസ് (Autonomous) ഓപ്ഷൻ തിരഞ്ഞെുടുക്കാം.
പൂർണ്ണമായും ഇലക്ട്രിക് വാഹനമായ അപ്പോളോ ഗോയുടെ ആറാം തലമുറയിൽപ്പെട്ട RT6 മോഡൽ കാറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മൂന്ന് യാത്രക്കാർക്ക് സുഖകരമായി യാത്ര ചെയ്യാൻ കഴിയുന്ന ഈ വാഹനത്തിൽ 30-ലധികം അത്യാധുനിക സെൻസറുകളും ലിഡാറുകളും ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ തത്സമയ നിരീക്ഷണവും തടസ്സങ്ങളില്ലാത്ത തത്സമയ കസ്റ്റമർ സപ്പോർട്ടും വാഹനത്തിലുണ്ടാകും.
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (RTA) പങ്കാളിത്തത്തോടെ ന്യൂ ഹൊറൈസൺ ലക്ഷ്വറി ട്രാൻസ്പോർട്ടാണ് ഈ ഫ്ലീറ്റ് നിയന്ത്രിക്കുന്നത്. 2030-ഓടെ ദുബായിലെ ആകെ യാത്രകളുടെ 25 ശതമാനവും ഡ്രൈവറില്ലാ ഗതാഗത സംവിധാനങ്ങളിലേക്ക് മാറ്റുക എന്ന ദുബായിയുടെ സ്വപ്ന പദ്ധതിക്ക് ഊർജ്ജം പകരുന്നതാണ് ഊബറിന്റെ ഈ പുതിയ നീക്കം.
Content Highlights: Uber has launched a robotaxi service in Dubai, enabling passengers to book autonomous vehicles through the Uber app as part of the city’s push for smart and self-driving transportation.