പ്രവാസികൾക്ക് സന്തോഷവാർത്ത; ഏഷ്യന്‍ കറന്‍സികളുടെ മൂല്യം യുഎഇ ദിര്‍ഹത്തേക്കാള്‍ കുറഞ്ഞു

ഇന്നത്തെ കണക്കുകൾ പ്രകാരം ഒരു യുഎഇ ദിര്‍ഹത്തിന് 26.03 ഇന്ത്യന്‍ രൂപ എന്ന നിരക്കാണ് ഉള്ളത്

പ്രവാസികൾക്ക് വീണ്ടും സന്തോഷവാർത്ത. ഏഷ്യന്‍ കറന്‍സികളുടെ മൂല്യം യുഎഇ ദിര്‍ഹത്തേക്കാള്‍ കുറഞ്ഞതിന് പിന്നാലെ പണമിടപാടുകള്‍ നടത്തുന്നതില്‍ പ്രവാസികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് യുഎഇ സാമ്പത്തിക വിദ​ഗ്ധർ പറഞ്ഞു. ഇന്ത്യന്‍ രൂപ, പാകിസ്താനി രൂപ, ഫിലിപ്പൈന്‍ പെസോ എന്നിവ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ കറന്‍സികളുടെ മൂല്യമാണ് യുഎഇ ദിര്‍ഹത്തേക്കാള്‍ കുറഞ്ഞിരിക്കുന്നത്. ഇതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് അനുകൂലമായ അവസരമാണ് വന്നിരിക്കുന്നത്.

കറന്‍സി വിപണിയിലെ ഈ മാറ്റം ഗള്‍ഫ് മേഖലയിലുള്ള പ്രവാസികളുടെ പണത്തിന് കൂടുതല്‍ മൂല്യം നല്‍കുകയാണ് ചെയ്യുന്നത്. ഇന്നുരാവിലെയുള്ള കണക്കുകള്‍ പ്രകാരം ഒരു യുഎഇ ദിര്‍ഹത്തിന് 26.03 ഇന്ത്യന്‍ രൂപ എന്ന നിരക്കാണ് വിനിമയ സ്ഥാപനങ്ങള്‍ നല്‍കുന്നത്.പാക്കിസ്താനി രൂപ ഒരു ദിര്‍ഹത്തിന് 75.59 എന്ന നിരക്കില്‍ മാറ്റമില്ലാതെ തുടരുമ്പോള്‍ ഫിലിപ്പൈന്‍ പെസോ 16.79 എന്ന നിലവാരത്തിലാണ് വിനിമയം ചെയ്യപ്പെടുന്നത്.

അമേരിക്കന്‍ ഡോളറുമായി യുഎഇ ദിര്‍ഹം നിശ്ചിത നിരക്കിന്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഡോളറിനെതിരെ ഏഷ്യന്‍ കറന്‍സികള്‍ക്കുണ്ടാകുന്ന എല്ലാ മൂല്യ ഇടിവുകളും ദിര്‍ഹത്തിന്റെ മൂല്യം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. വിപണിയിലെ ഈ അനുകൂല സാഹചര്യം മുതലെടുക്കാന്‍ പ്രവാസികള്‍ തങ്ങളുടെ പണം ഒറ്റയടിക്ക് അയക്കാതെ പല ഘട്ടങ്ങളിലായി വിഭജിച്ച് അയക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. നിലവിലെ മികച്ച നിരക്ക് പ്രയോജനപ്പെടുത്തുന്നതോടൊപ്പം കറന്‍സി മൂല്യം ഇനിയും ഇടിഞ്ഞാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ഇത് സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. നാട്ടിലേക്ക് വന്‍ തുകകള്‍ അയക്കുന്നതിന് മുന്‍പ് ബാങ്ക് സര്‍വീസ് ചാര്‍ജുകള്‍, മറഞ്ഞിരിക്കുന്ന വിനിമയ നിരക്കുകള്‍ എന്നിവ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് യുഎഇയിലെ സാമ്പത്തിക വിദഗ്ധര്‍ ഇടപാടുകാരോട് നിര്‍ദ്ദേശിച്ചു.

Content Highlight: Several Asian currencies remain weak against the UAE dirham, allowing expatriates to receive more value when sending money to their home countries

To advertise here,contact us