യുഎഇയിൽ റോഡപകടങ്ങൾ മൂലമുള്ള മരണനിരക്കിൽ വൻ കുറവ്. 2011-നെ അപേക്ഷിച്ച് റോഡ് ഗതാഗത മരണങ്ങളിൽ 74 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കർശനമായ നിയമപാലനം, കൃത്രിമബുദ്ധി (AI) അധിഷ്ഠിത ക്യാമറ സംവിധാനങ്ങൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, നിരന്തരമായ ബോധവൽക്കരണം എന്നിവയാണ് ഈ വലിയ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന ഉന്നതതല റോഡ് സുരക്ഷാ യോഗത്തിലാണ് ആഭ്യന്തര മന്ത്രാലയം ഈ വിവരങ്ങൾ പങ്കുവെച്ചത്. യുഎഇയിൽ 2008-ൽ ആയിരത്തിലധികം പേർ (1,072) റോഡപകടങ്ങളിൽ മരിച്ച സ്ഥാനത്തുനിന്നാണ് മരണനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുന്നത്. 2025-ൽ റോഡപകടങ്ങൾക്ക് പ്രധാന കാരണമായത് വാഹനം പെട്ടെന്ന് വെട്ടിച്ചു മാറ്റുന്നതാണെന്ന് മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇത്തരത്തിൽ 905 അപകടങ്ങളാണ് രേഖപ്പെടുത്തിയത്.
ദുബായിൽ മാത്രം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ മരണനിരക്ക് 91 ശതമാനത്തിലധികം കുറഞ്ഞു. 2007-ൽ ലക്ഷത്തിൽ 21.7 ആയിരുന്ന മരണനിരക്ക് 2024-ൽ 1.8 ആയി കുറഞ്ഞു. ഇതേ കാലയളവിൽ കാൽനടയാത്രക്കാരുടെ മരണനിരക്ക് 9.5-ൽ നിന്ന് 0.3 ആയും താഴ്ന്നു. സ്മാർട്ട് ട്രാഫിക് സംവിധാനങ്ങളിലെയും റോഡ് ഡിസൈനുകളിലെയും വൻ നിക്ഷേപമാണ് ഈ മാറ്റത്തിന് കാരണമായതെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
റോഡപകട മരണങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 'വിഷൻ 2033' പ്രഖ്യാപിച്ച് മുന്നേറുകയാണ് ദുബായ് പൊലീസ്. ഡ്രൈവിങ് രീതികൾ നിരീക്ഷിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താനുള്ള ഏകീകൃത സ്മാർട്ട് സംവിധാനങ്ങളും വികസിപ്പിച്ചു വരുന്നതായും ദുബായ് പൊലീസ് വ്യക്തമാക്കി.
Content Highlights: The UAE has recorded its lowest-ever road accident death rate, highlighting the country’s successful road safety initiatives. Improved infrastructure, strict traffic regulations, smart technologies, and public awareness campaigns have contributed to making UAE roads safer.