യുഎഇ നിവാസികളുടെ സാമ്പത്തിക ഇടപാടുകൾ എളുപ്പമാക്കാൻ പദ്ധതി; ജയ്‌വാൻ കാർഡുകൾ വരുന്നു

വിമാനത്താവളങ്ങളിൽ സൗജന്യ പ്രവേശനം, യാത്രാ ഇൻഷുറൻസ്, റീൽ സിനിമാസ് ഓഫറുകൾ എന്നിവ ജയ്വാൻ കാർഡുകളിലൂടെ ലഭിക്കും

യുഎഇ നിവാസികളുടെ ദിനംപ്രതിയുള്ള സാമ്പത്തിക ഇടപാടുകൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി അധികൃതർ. ഇതിനായി യുഎഇ കേന്ദ്രബാങ്കിന്റെ കീഴിലുള്ള 'അൽ എത്തിഹാദ് പേയ്‌മെന്റ്സ്' പുതിയ 'ജയ്‌വാൻ' ഡൊമസ്റ്റിക് പേയ്‌മെന്റ് കാർഡുകൾ പുറത്തിറക്കി. രാജ്യത്തിന്റെ പേയ്‌മെന്റ് സംവിധാനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കുന്നതിനൊപ്പം പ്രാദേശികവും അന്താരാഷ്ട്രീയവുമായ ആവശ്യങ്ങൾക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ജയ്‌വാൻ കാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നിലവിൽ ഡെബിറ്റ്, പ്രീപേഡ് രൂപങ്ങളിൽ ലഭ്യമാകുന്ന ജയ്‌വാൻ കാർഡുകൾ ഭാവിയിൽ ക്രെഡിറ്റ് കാർഡുകളായും ഉപഭോക്താക്കൾക്ക് ലഭിക്കും. സൂപ്പർമാർക്കറ്റ് ഷോപ്പിംഗ്, ഓൺലൈൻ പർച്ചേസുകൾ, എടിഎം പണം പിൻവലിക്കൽ, ടാക്സി ചാർജുകൾ, വൈദ്യുത-ജല ബില്ലുകൾ എന്നിവ അടയ്ക്കാൻ സാധാരണ ബാങ്ക് കാർഡുകളെപ്പോലെ തന്നെ ജയ്‌വാനും ഉപയോഗിക്കാം. ആപ്പിൾ പേ, ഗൂഗിൾ പേ, സാംസങ് പേ തുടങ്ങിയ ഡിജിറ്റൽ വാലറ്റുകളിൽ ഉടൻ തന്നെ കാർഡുകൾ ലഭ്യമായിത്തുടങ്ങും.

വിമാനത്താവളങ്ങളിൽ സൗജന്യ പ്രവേശനം, യാത്രാ ഇൻഷുറൻസ്, റീൽ സിനിമാസ് ഓഫറുകൾ എന്നിവ ജയ്വാൻ കാർഡുകളിലൂടെ ലഭിക്കും. കൂടാതെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, ഹെൽത്ത് സെന്ററുകൾ തുടങ്ങി 150-ലധികം പ്രമുഖ സ്ഥാപനങ്ങളിൽ പ്രത്യേക ഓഫറുകളും കാർഡ് ഉടമകൾക്ക് ആസ്വദിക്കാം.

ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് ജയ്‌വാൻ കാർഡുകളിൽ ഒരുക്കിയിരിക്കുന്നത്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇഎംവി ചിപ്പ് സാങ്കേതികവിദ്യ, കോൺടാക്റ്റ്‌ലെസ് പിൻ സുരക്ഷ, ഓൺലൈൻ പേയ്‌മെന്റുകൾക്കായുള്ള 3ഡി സെക്യൂർ വെരിഫിക്കേഷൻ എന്നിവ ഇടപാടുകൾ പൂർണ്ണമായും സുരക്ഷിതമാക്കുന്നു. യുഎഇക്ക് പുറമേ ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ ഘട്ടംഘട്ടമായി ജയ്‌വാൻ കാർഡുകൾ ഉപയോഗിക്കാനുള്ള സൗകര്യമൊരുങ്ങും. ഇതോടെ വിദേശയാത്രകളിൽ ഒന്നിലധികം കാർഡുകൾ കരുതേണ്ട ബുദ്ധിമുട്ടും യുഎഇ നിവാസികൾക്ക് ഒഴിവാകും.

യുഎഇയിൽ നിലവിൽ 11 സ്ഥാപനങ്ങളാണ് പദ്ധതിയിൽ അം​ഗമായിരിക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ ബാങ്കുകളും എക്സ്ചേഞ്ചുകളും ഇതിന്റെ ഭാഗമാകും. ജയ്‌വാൻ കാർഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ ബാങ്കുകളുമായി നേരിട്ട് ബന്ധപ്പെടാം.

Content Highlights: The UAE is preparing to roll out Jaywan cards as part of its efforts to simplify digital financial transactions for residents. The new domestic payment card initiative is expected to enhance payment security, reduce transaction costs, and support the country's growing cashless economy.

To advertise here,contact us