യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരു അവധിക്കാല യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പുതിയ ടൂറിസ്റ്റ് വിസാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്റര്‍ (ഐസിഎസി). ഇന്ത്യന്‍ വിസ, പാസ്പോര്‍ട്ട്, കോണ്‍സുലര്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന പുതിയ ഐസിഎസി പോര്‍ട്ടലിലാണ് ഈ മാര്‍ഗനിര്‍ദേശം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എങ്ങനെ അപേക്ഷിക്കാം, ആവശ്യമായ രേഖകൾ ഏതൊക്കെ, അപേക്ഷിക്കാൻ എത്ര ഫീസ് വരും എന്നിവയെല്ലാമാണ് ഐസിഎസി പുറത്തിറക്കിയിരിക്കുന്നത്. അപേക്ഷകര്‍ ആദ്യം ഇന്ത്യന്‍ വിസ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി വിസ അപേക്ഷ പൂര്‍ത്തിയാക്കിയ ശേഷം, സൗകര്യപ്രദമായ ഐസിഎസി കേന്ദ്രത്തില്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. ഇനി അഥവാ ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കാന്‍ സഹായം ആവശ്യമുള്ളവര്‍ക്ക് ഏതെങ്കിലും ഐസിഎസി ശാഖ സന്ദര്‍ശിച്ച് അപേക്ഷാ സഹായ സേവനം ലഭ്യമാക്കാനും സാധിക്കും. ഇന്ത്യന്‍ എംബസിയുടെ നിർദ്ദേശ പ്രകാരം, യുഎഇ പൗരന്മാര്ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ വിസ നിര്‍ബന്ധമാണ്. എന്നാല്‍, അവര്‍ക്ക് ഓണ്‍ലൈനായി ഇ-വിസ എളുപ്പത്തില്‍ ലഭിക്കുകയും ചെയ്യും എന്നും അധികൃതർ അറിയിച്ചു. കൂടാതെ, മുമ്പ് ഇന്ത്യന്‍ വിസ കൈവശം ഉണ്ടായിരുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി വിസ-ഓണ്‍-അറൈവല്‍ സൗകര്യവും പ്രയോജനപ്പെടുത്താം.
അപേക്ഷകര്‍ ഓണ്‍ലൈനായി ടൂറിസ്റ്റ് വിസ അപേക്ഷ പൂരിപ്പിച്ച ശേഷം ഐസിഎസി വെബ്സൈറ്റ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. ആവശ്യമായ രേഖകളും ഫോട്ടോഗ്രാഫുകളും തയ്യാറാക്കി വയ്ക്കുക. നിശ്ചയിച്ച സമയത്ത് തിരഞ്ഞെടുത്ത ഐസിഎസി കേന്ദ്രം സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടയ്ക്കുക. അപേക്ഷ സമര്‍പ്പിച്ചതിന്റെ രസീത് സൂക്ഷിക്കണം. അപേക്ഷയുടെ പുരോഗതി പരിശോധിക്കാനും പാസ്പോര്‍ട്ട് കൈപ്പറ്റാനുമിത് ആവശ്യമാണ്. ഐസിഎസി വെബ്സൈറ്റ് വഴി അപേക്ഷയുടെ നിലവിലെ സ്ഥിതി (സ്റ്റാറ്റസ്) പരിശോധിക്കാനും സാധിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം, ഐസിഎസി കേന്ദ്രത്തില്‍ നിന്ന് പാസ്പോര്‍ട്ട് നേരിട്ട് കൈപ്പറ്റുകയോ, അപേക്ഷ സമർപ്പിക്കുമ്പോൾ കൊറിയർ ഓപ്ഷന് തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ കൊറിയര്‍ വഴി സ്വീകരിക്കുകയോ ചെയ്യാനും സാധിക്കും.
അപേക്ഷകര്‍ ചില രേഖകളും കൈവശം വെക്കണം. യാത്ര നിശ്ചയിച്ചിരിക്കുന്ന തീയതി മുതല്‍ കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള ഒറിജിനല്‍ പാസ്പോര്‍ട്ട്, അതില്‍ കുറഞ്ഞത് രണ്ട് ഒഴിഞ്ഞ പേജുകള്‍ (blank pages) ഉണ്ടായിരിക്കണം. പാസ്പോര്‍ട്ടിലെ ബയോഗ്രാഫിക്കല്‍ (വ്യക്തിവിവര) പേജിന്റെ പകര്‍പ്പ്, ബാധകമാണെങ്കില്‍ സാധുവായ യുഎഇ റെസിഡന്‍സ് വിസയോ റെസിഡന്‍സ് പെര്‍മിറ്റോ, അതിന്റെ ഒരു പകര്‍പ്പ് സഹിതം സമർപ്പിക്കണം. ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് കളര്‍ ഫോട്ടോ (White background), ഓണ്‍ലൈനായി പൂരിപ്പിച്ച വിസ അപേക്ഷാ ഫോം എന്നിവയും ആവശ്യമാണ്.
കൂടാതെ ചില അപേക്ഷകര്‍ക്ക് മറ്റ് ചില രേഖകള്‍ കൂടി ആവശ്യമാണ്. മുന്‍ ഇന്ത്യന്‍ പൗരനാണെങ്കിൽ സറണ്ടര്‍ സര്‍ട്ടിഫിക്കറ്റും റദ്ദാക്കിയ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ പകര്‍പ്പും ആവശ്യമാണ്. കാബിന് ക്രൂ അംഗങ്ങൾ പൈലറ്റ്സ് എന്നിവരാണെങ്കിൽ ക്രൂ ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്, വീട്ടുജോലിക്കാരും ഗാര്‍ഹിക തൊഴിലാളികളും ആണെങ്കിൽ സ്പോണ്‍സറുടെ പാസ്പോര്‍ട്ടിന്റെ കോപ്പിക്കൊപ്പം സ്പോണ്സറില് നിന്നുള്ള നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റും (NOC) സമർപ്പിക്കണം. ഇനി മാധ്യമപ്രവര്‍ത്തകരും മാധ്യമ മേഖലയിലുള്ളവരും ആണെങ്കിൽ ജേര്‍ണലിസ്റ്റ് ഐഡി കാര്‍ഡോ പ്രസ്സ് അക്രഡിറ്റേഷനോ (Press Accreditation), കൂടാതെ യുഎഇയിലെ തൊഴിലുടമയില്‍ നിന്ന് സന്ദര്‍ശനം വിനോദസഞ്ചാര ആവശ്യത്തിന് മാത്രമാണെന്ന് സ്ഥിരീകരിക്കുന്ന കത്തും നൽകേണ്ടതാണ്. സ്വിസ് (Swiss) പൗരത്വമുള്ള അപേക്ഷകരാണെങ്കിൽ സ്ഥിരീകരിച്ച വിമാന റിസർവേഷൻ ടിക്കറ്റും ആവശ്യമാണ്. കൂടാതെ, അപേക്ഷകന്റെ പൗരത്വം, തൊഴില്‍, യാത്രയുടെ ഉദ്ദേശ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എംബസിയോ കോണ്‍സുലേറ്റോ ആവശ്യപ്പെട്ടാൽ കൂടുതല്‍ അനുബന്ധ രേഖകള്‍ ആവശ്യപ്പെടാമെന്നും എസിഎസി അറിയിച്ചിട്ടുണ്ട്.
ഇനി നിങ്ങളുടെ കൂടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉണ്ടെങ്കിൽ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും അതിന്റെ കോപ്പിയും ആവശ്യമാണ്. കൂടാതെ മാതാപിതാക്കൾ രണ്ടുപേരും ഒപ്പുവെച്ച സമ്മതപത്രം (Written Consent), ഇരുവരുടെയും പാസ്പോര്‍ട്ടിന്റെ കോപ്പികള്‍, പാസ്പോർട്ട് സമര്‍പ്പിക്കുമ്പോള്‍ ഉറപ്പായും ബയോഗ്രാഫിക്കല്‍ പേജും (Biographical Page) മറ്റ് പ്രധാന എന്‍ഡോഴ്സ്മെന്റ് പേജുകള്‍ (Endorsement Pages) ഉണ്ടെങ്കില്‍ അതും നിര്‍ബന്ധമായും ഉണ്ടെന്ന് ഉറപ്പു വരുത്തണം.
വിവിധ രാജ്യങ്ങളിലെ പൗരന്മാര്ക്കായി ടൂറിസ്റ്റ് വിസ ഫീസ് സംബന്ധിച്ച വിവരങ്ങളും ഐസിഎസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തേക്ക് സാധുതയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകൾക്ക് 391 ദിര്‍ഹം. (സര്‍ക്കാര്‍ ഫീസ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ICWF) ഫീസ്, അല്‍ഹിന്ദ് സര്‍വീസ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് ഈ ഫീസ്), ഒരു വര്‍ഷത്തില്‍ കൂടുതലും അഞ്ച് വര്‍ഷം വരെയുള്ളതുമായ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകൾക്ക് 751 ദിര്‍ഹം എന്നിങ്ങനെയാണ് ഫീസ്. അതേസമയം, ബംഗ്ലാദേശ്, മൊസാംബിക്ക്, സിംഗപ്പൂര്‍, ശ്രീലങ്ക, യുക്രൈന്, യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക എന്നിവിടങ്ങളിലെ പൗരന്മാര്ക്കായി പ്രത്യേകം ഫീസ് പട്ടികയും ഐസിഎസി പുറത്തിറക്കിയിട്ടുണ്ട്. അപേക്ഷകന്റെ പൗരത്വം, വിസയുടെ കാലാവധി, അടിയന്തര പ്രോസസിംഗ് (Urgent processing) ആവശ്യമാണോ എന്നതിനെ ആശ്രയിച്ച് ഫീസില്‍ വ്യത്യാസമുണ്ടാകും. ഐസിഎസി പ്രസിദ്ധീകരിച്ച എല്ലാ ഫീസുകളിലും നികുതി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlight: Indian tourist visa guidelines have been updated for travellers from the UAE. Check the latest rules, documents, and application requirements before planning your trip