യുഎഇയില്‍ അടുത്തമാസം ഇന്ധന വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ആഗോള എണ്ണ വില ബാരലിന് 100 ഡോളര്‍ കടന്നതിന് പിന്നാലെയാണ് യുഎഇയില്‍ ഓഗസ്റ്റില്‍ എണ്ണ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്കായ ബ്രെന്‍ഡ് ക്രൂഡ് ഏഴ് ശതമാനം കൂടി 100.78 ഡോളറിലെത്തിയിരുന്നു. അമേരിക്കന്‍ ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് (ഡബ്ല്യുടിഐ) അഞ്ച് ശതമാനം വര്‍ധിച്ച് 91.78 ഡോളറിലെത്തി. അബുദാബി കയറ്റുമതിയുടെ മാനദണ്ഡമായ മര്‍ബന്‍ ക്രൂഡ് 15 ശതമാനം ഉയര്‍ന്ന് 105.40 ഡോളറായും ഉയര്‍ന്നു.
നിലവില്‍ അടുത്തടുത്ത അഞ്ച് ട്രേഡിങ് സെഷനുകളിലും എണ്ണവില ഉയരുകയാണ്. ജൂലൈയുടെ തുടക്കത്തില്‍ ആഗോള എണ്ണ വില കുറഞ്ഞത് കാരണം ഈ മാസം പൊതുവേ എണ്ണവില കുറവായിരുന്നു. സൂപ്പര്‍ 98ന് ലിറ്ററിന് 3.40 ദിര്‍ഹവും സ്പെഷ്യല്‍ 95ന് 3.29 ദിര്‍ഹവും ഇ-പ്ലസ് 91ന് 3.21 ദിര്‍ഹവുമായിരുന്നു എണ്ണവില.
ഒരു മാസത്തെ ശരാശരി അന്താരാഷ്ട്ര എണ്ണവില കണക്കാക്കിയാണ് യുഎഇയില്‍ പെട്രോള്‍ ഡീസല്‍ വില കണക്കാക്കുന്നത്. ഈ മാസത്തെ ഇനിയുള്ള ദിവസങ്ങളിലെ എണ്ണവ്യാപാരത്തെ മുന്‍നിര്‍ത്തിയായിരിക്കും ഓഗസ്റ്റിലെ എണ്ണവില കണക്കാക്കുക. ഈ മാസം അവസാനത്തോടെ ബ്രെന്റ് ക്രൂഡ് ബാരലിന് 95 മുതല്‍ 100 ഡോളര്‍ വരെയുള്ള നിരക്കില്‍ തുടര്‍ന്നാല്‍ ഓഗസ്റ്റില്‍ ഇന്ധനവില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ എണ്ണവില 80 മുതല്‍ 85 ഡോളര്‍ വരെ താഴുകയാണെങ്കില്‍ വാഹനയാത്രക്കാര്‍ക്ക് വലിയ വിലവര്‍ധന നേരിടേണ്ടിവരില്ല.
പശ്ചിമേഷ്യയിലെ ഊര്ജവിതരണത്തെക്കുറിച്ചുള്ള പുതിയ ആശങ്കയാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും എണ്ണവില കുതിച്ചുയരാന്‍ കാരണം. സൗദി അറേബ്യയുടെ എണ്ണ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇതോട് കൂടി ഗള്‍ഫ് മേഖലയെ ലോക വിപണിയുമായി ബന്ധിപ്പിക്കുന്ന പ്രധാന കടല്‍ഗതാഗത പാതകള്‍ക്ക് വീണ്ടും തടസം നേരിടുമോയെന്ന ആശങ്കയാണ് ഉയരുന്നത്.
Content Highlights: Fuel prices in the UAE are likely to increase next month as global crude oil prices have crossed the $100-per-barrel mark