ആഗോള പാസ്‌പോർട്ട് റാങ്കിങ്ങിൽ വൻ കുതിച്ചുചാട്ടവുമായി യുഎഇ; ലോകത്തിൽ രണ്ടാം സ്ഥാനം

ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യുഎഇ ഇത്തവണ രണ്ടാം റാങ്ക് പങ്കിടുന്നത്.

ആഗോള നയതന്ത്ര രംഗത്തും യാത്രാ സ്വാതന്ത്ര്യത്തിലും സമാനതകളില്ലാത്ത മുന്നേറ്റവുമായി യുഎഇ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 153 രാജ്യങ്ങളിലേക്ക് കൂടി വിസ രഹിത പ്രവേശനം നേടിയെടുത്താണ് വൻശക്തികളെ പോലും പിന്തള്ളി യുഎഇയുടെ ചരിത്രക്കുതിപ്പ്. പ്രമുഖ ആഗോള പാസ്‌പോർട്ട് റാങ്കിങ് ഏജൻസിയായ ഹെൻലി ആൻഡ് പാർട്ണേഴ്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് യുഎഇ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയുടെ ഡാറ്റ അടിസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയിൽ, 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സൗകര്യമുള്ള സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്തുള്ളത്. കരുത്തുറ്റ ഏഷ്യൻ ശക്തികളായ ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യുഎഇ ഇത്തവണ രണ്ടാം റാങ്ക് പങ്കിടുന്നത്.

2006-ൽ വെറും 35 രാജ്യങ്ങളിലേക്ക് മാത്രം വിസ രഹിത പ്രവേശനമുണ്ടായിരുന്ന യുഎഇ പാസ്‌പോർട്ട് അന്ന് റാങ്കിങ്ങിൽ മധ്യനിരയിലായിരുന്നു. എന്നാൽ ശക്തമായ അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങൾ, സാമ്പത്തിക സഹകരണം, ആകർഷകമായ വിദേശ നിക്ഷേപ നയങ്ങൾ എന്നിവയിലൂടെ കഴിഞ്ഞ 20 വർഷത്തിനിടെ 153 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടി സൗജന്യ യാത്രാാനുമതി നേടാൻ യുഎഇക്ക് സാധിച്ചു. ഹെൻലി പാസ്‌പോർട്ട് സൂചികയുടെ ചരിത്രത്തിൽ ഒരു രാജ്യം കൈവരിക്കുന്ന ഏറ്റവും ഉയർന്ന മുന്നേറ്റമാണിത്.

ഒരു പാസ്‌പോർട്ടിന്റെ ശക്തി എന്നത് വെറുമൊരു യാത്രാ സൗകര്യം മാത്രമല്ലെന്നും അത് ആഗോള വിപണിയിൽ ആ രാജ്യത്തിനുള്ള സ്വാധീനത്തെയും സാമ്പത്തിക സുസ്ഥിരതയെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഹെൻലി ആൻഡ് പാർട്ണേഴ്‌സ് ചെയർമാൻ ഡോ. ക്രിസ്റ്റ്യൻ എച്ച്. കെയ്‌ലിൻ വ്യക്തമാക്കി.

Content Highlights: The UAE has achieved second place in the global passport rankings, reflecting the country's expanding international mobility and strong diplomatic ties. The improved ranking gives UAE passport holders broader visa-free or visa-on-arrival access to destinations worldwide.

To advertise here,contact us