ഫുജൈറയില്‍ നിയന്ത്രണം വിട്ട കാര്‍ ട്രക്കിലിടിച്ചു; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

വ്യാഴാഴ്ച ഉച്ചയോടെ ഫോസ് പെട്രോളിയം മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്

ഫുജൈറ-ഖോര്‍ഫക്കാന്‍ റോഡില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാര്‍ ഇടിച്ചുകയറി യുഎഇ പൗരയായ യുവതിയും (28) ഒരു വയസ്സുള്ള മകളും മരിച്ചു. അപകടത്തില്‍ യുവതിയുടെ ഭര്‍ത്താവിനും മൂന്ന് വയസുള്ള മകൾക്കും ഗുരുതരമായി പരിക്കേറ്റു.

വ്യാഴാഴ്ച ഉച്ചയോടെ ഫോസ് പെട്രോളിയം മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുടുംബം സഞ്ചരിച്ചിരുന്ന വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെക്കുറിച്ച് വിവരമറിഞ്ഞയുടന്‍ പോലീസ് പട്രോള്‍ സംഘവും ട്രാഫിക് സംഘവും അടിയന്തര രക്ഷാസേനയും സ്ഥലത്തെത്തി. പരിക്കേറ്റവരെ ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യക സംഘത്തെ നിയോഗിച്ചു. വാഹനം ഓടിക്കുമ്പോഴുണ്ടായ ശ്രദ്ധക്കുറവാണ് പെട്ടെന്നുള്ള നിയന്ത്രണം വിടലിനും അപകടത്തിനും കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് ഫുജൈറ പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സാലിഹ് മുഹമ്മദ് അബ്ദുള്ള അല്‍ ധന്‍ഹാനി അറിയിച്ചു.

വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗം ഉള്‍പ്പെടെയുള്ള ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കണമെന്നും റോഡില്‍ പൂര്‍ണ്ണ ശ്രദ്ധ പുലര്‍ത്തണമെന്നും പൊലീസ് ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

Content Highlight: A tragic road accident in Fujairah claimed the lives of a mother and her child after their car reportedly lost control and collided with a parked truck

To advertise here,contact us