ദുബായ് ആര്‍ടിഎയുടെ ഡ്രൈവറില്ലാ ടാക്‌സിയില്‍ യാത്രചെയ്യാന്‍ ഇനി 5 ദിര്‍ഹം

നിലവിൽ ദുബായിലെ പ്രധാന ജനവാസ-വിനോദസഞ്ചാര മേഖലകളായ ജുമൈറ, ഉമ്മുസുഖീം എന്നീ ഭാഗങ്ങളിലാണ് ഈ ഡ്രൈവറില്ലാ ടാക്സികൾ ഓടുന്നത്

അത്യാധുനിക സാങ്കേതികവിദ്യകളുടെ കാര്യത്തിൽ എപ്പോഴും ഒരുപടി മുന്നിൽ നിൽക്കുന്ന ദുബായ് വീണ്ടുമൊരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ദുബായിലെ റോഡ് ഗതാഗതവകുപ്പ് (ആർടിഎ) ഇപ്പോള്‍ സ്വയം നിയന്ത്രിത ടാക്‌സികള്‍ പൊതുജനങ്ങള്‍ക്കായി നൽകുന്നു. അഞ്ച് ദിര്‍ഹമാണ് ഇതില്‍ യാത്രചെയ്യാനുള്ള ചാര്‍ജ്. നേരത്തെ, അപ്പോളോ ഗോ ആപ്പിലെ ഈ സേവനം സൗജന്യമായി ലഭ്യമായിരുന്നു

നിലവിൽ ദുബായിലെ പ്രധാന ജനവാസ-വിനോദസഞ്ചാര മേഖലകളായ ജുമൈറ, ഉമ്മുസുഖീം എന്നീ ഭാഗങ്ങളിലാണ് ഈ ഡ്രൈവറില്ലാ ടാക്സികൾ ഓടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഹൈ-ഡെഫനിഷന്‍ ഡിജിറ്റല്‍ മാപ്പുകള്‍, ഡീപ് ലേണിംഗ് അല്‍ഗോരിതങ്ങള്‍ എന്നിവയാല്‍ പ്രവര്‍ത്തിക്കുന്ന ഒരു സംയോജിത സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെയാണ് സ്വയംനിയന്ത്രിത ടാക്‌സികള്‍ പ്രവര്‍ത്തിക്കുന്നത്.

ടാക്സി കമ്പനിയും ചൈനീസ് സാങ്കേതിക കമ്പനിയായ ബെയ്ഡുവും സംയുക്തമായി വികസിപ്പിച്ച 'അപ്പോളോ ഗോ' എന്ന മൊബൈൽ ആപ്പ് വഴിയാണ് ഈ ടാക്സികൾ പ്രധാനമായും ബുക്ക് ചെയ്യാൻ സാധിക്കുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്ത് യുഎഇ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി വഴി വളരെ വേഗത്തിൽ ഇതിൽ രജിസ്റ്റർ ചെയ്യാൻ കഴിയും. തുടർന്ന് യാത്രക്കാർക്ക് തങ്ങളുടെ ലൊക്കേഷനും പോകേണ്ട സ്ഥലവും മാപ്പിൽ തിരഞ്ഞെടുത്ത ശേഷം കേവലം 5 ദിർഹം നിരക്കിൽ റൈഡ് ഉറപ്പുവരുത്താം. ബുക്കിംഗ് പൂർത്തിയാകുമ്പോൾ തന്നെ ഡ്രൈവറില്ലാ ടാക്സി സ്വയം നിയന്ത്രിതമായി നിശ്ചിത പിക്ക്-അപ്പ് സ്ഥലത്തേക്ക് എത്തിച്ചേരുകയും ചെയ്യും. വാഹനം എത്തിക്കഴിഞ്ഞാൽ യാത്രക്കാർക്ക് തങ്ങളുടെ മൊബൈൽ ആപ്പിൽ ലഭിക്കുന്ന വൺ-ടൈം പാസ്‌വേഡ് കാറിന് പുറത്തുള്ള ടച്ച് സ്ക്രീനിൽ നൽകി ടാക്സിയുടെ വാതിലുകൾ അൺലോക്ക് ചെയ്യാം. ഉള്ളിൽ പ്രവേശിച്ച ശേഷം സീറ്റ് ബെൽറ്റ് ധരിച്ച് മുൻപിലെ സ്ക്രീനിലുള്ള 'സ്റ്റാർട്ട് ട്രിപ്പ്' ബട്ടൺ അമർത്തുന്നതോടെ യാത്ര ആരംഭിക്കും. റോഡിലെ സിഗ്നലുകളും മറ്റ് തടസ്സങ്ങളും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന അത്യാധുനിക സെൻസറുകളും ക്യാമറകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഈ കാർ സുരക്ഷിതമായി ഓടുന്നത്.

2030-ഓടെ ദുബായിലെ ആകെ പൊതുഗതാഗത യാത്രകളുടെ 25 ശതമാനവും ഇത്തരം ഡ്രൈവറില്ലാ വാഹനങ്ങളിലേക്ക് മാറ്റുക എന്ന ദുബായുടെ വലിയ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഏകദേശം 100 ഓളം വാഹനങ്ങളുമായി ആരംഭിച്ച ഈ പദ്ധതി വരും വർഷങ്ങളിൽ ആയിരത്തിലധികം ഡ്രൈവറില്ലാ ടാക്സികളായി ദുബായ് നഗരത്തിലുടനീളം വ്യാപിപ്പിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.

Content Highlight: Dubai RTA has introduced a five-dirham fare for rides on its driverless taxi service as part of its autonomous transport initiative

To advertise here,contact us