അബുദാബിയില്‍ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളെക്കാള്‍ ആളുകള്‍ക്ക് പ്രിയം ഹിഡന്‍ സ്‌പോട്ടുകള്‍

ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍

അബുദാബിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളെക്കാള്‍ പൊതുജനങ്ങള്‍ക്ക് പ്രിയം അധികമാരും അറിയാത്ത സ്ഥലങ്ങളാണെന്ന് പുതിയ സര്‍വേ. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇത്തരത്തിലുള്ള സ്ഥലങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതായി 73 ശതമാനത്തോളം പേര്‍ അഭിപ്രായപ്പെട്ടതായി സര്‍വേയില്‍ പറയുന്നു. സോഷ്യല്‍ മീഡിയയെക്കാള്‍ വ്യക്തിപരമായ ശുപാര്‍ശകളാണ് പുതിയ സ്ഥലങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ സഹായകരമെന്നും സര്‍വേ വ്യക്തമാക്കുന്നു. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

ഇതില്‍ ഭക്ഷണശാലകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പ്രാദേശികമായ കഫെകള്‍ റസ്റ്റോറന്റുകള്‍ എന്നിവ തേടി ആളുകള്‍ എത്തുന്നു. ആര്‍ട്ട് ഹൗസ് കഫെ ആണ് ആളുകള്‍ ഇഷ്ടപ്പെടുന്ന അപ്രധാന സ്ഥലങ്ങിലൊന്നായി യുഎഇയില്‍ മുന്നില്‍ നില്‍ക്കുന്നത്. കുടാതെ അല്‍ ഐനിലെ ഹിലി പുരാവസ്തു പാര്‍ക്ക്, ജബല്‍ ഹാഫിറ്റിലെ ക്യാമ്പിങ്, അല്‍ ദഫ്രയിലെ എമിറേറ്റ്‌സ് നാഷണല്‍ ഓട്ടോ മ്യൂസിയം എന്നിവയാണ് ആളുകൾ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല സ്ഥലങ്ങള്‍. കൂടാതെ ഹൗസ് ഓഫ് ആര്‍ട്ടിസന്‍സ്, കിഴക്കന്‍ കണ്ടല്‍ കാടുകള്‍, സാംസ്‌കാരിക ശാലകള്‍, മനാരത്ത് അല്‍ സാദിയത്ത്, അബുദാബി ഈന്തപ്പഴ മാര്‍ക്കറ്റുകള്‍, ന്യൂഹിയന്‍ കഫെ എന്നിവയും ആളുകളുടെ ഇഷ്ട സ്ഥലങ്ങളാണ്.

ശാന്തവും സമാധാനപരവുമായ അന്തരീക്ഷം തേടുന്നതിനാലാണ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെക്കാള്‍ ആളുകള്‍ ഇത്തരം സ്ഥലങ്ങള്‍ തേടിപ്പോകുന്നതിന് പ്രധാന കാരണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണം, സംസ്‌കാരം, പൈതൃക പ്രാധാന്യം എന്നിവയൊക്കെ മറ്റ് പ്രധാന ഘടകങ്ങളാണ്. സര്‍വേ പ്രകാരം 10ല്‍ 7ലേറെ യു.എ.ഇ നിവാസികള്‍ അബുദാബിയിലെ അധികമാരും അറിയാത്ത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മറ്റുള്ളവര്‍ക്ക് നിര്‍ദേശിക്കുന്നു. പുതിയ സ്ഥലങ്ങള്‍ കണ്ടെത്തുന്നതില്‍ സോഷ്യല്‍ മീഡിയയെക്കാള്‍ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ശുപാര്‍ശകള്‍ക്കാണ് കൂടുതല്‍ സ്വാധീനം ചെലുത്തുന്നത്.

വിനോദസഞ്ചാരികള്‍ മാത്രമല്ല, സ്വദേശികളും പ്രവാസികളും വാരാന്ത്യ യാത്രകള്‍ക്കായി ഇത്തരം കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രവണത വര്‍ധിക്കുകയാണ്. അബുദാബിയിലെ പ്രധാന ആകര്‍ഷണങ്ങള്‍ക്കൊപ്പം അത്രയൊന്നും പ്രസിദ്ധമല്ലാത്ത സ്ഥലങ്ങളും പരിചയപ്പെടുത്തുന്നതിലൂടെ എമിറേറ്റിലെ ടൂറിസം മേഖല കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കാനാണ് അധികൃതരുടെ ലക്ഷ്യം.

Content Highlight: Travellers in Abu Dhabi are increasingly exploring hidden gems instead of traditional tourist hotspots

To advertise here,contact us