പരിസ്ഥിതി സംരക്ഷണത്തിലും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിലും അറബ് ലോകത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ. യേൽ സർവകലാശാല പുറത്തുവിട്ട 2026-ലെ ആഗോള പരിസ്ഥിതി പ്രകടന സൂചികയിലാണ് യുഎഇ ഈ മികച്ച നേട്ടം കൈവരിച്ചത്. ഭരണകൂടവും സ്വകാര്യ മേഖലയും പൊതുജനങ്ങളും ഒരുപോലെ കൈകോർത്ത് നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത് അധികൃതർ വിലയിരുത്തി.
പരിസ്ഥിതി സംരക്ഷണം എന്നത് യുഎഇയെ സംബന്ധിച്ച് പെട്ടെന്നുണ്ടായ മാറ്റമല്ലെന്നും അത് രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണെന്നും കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രി ഡോ. ആംന ബിൻത് അബ്ദുള്ള അൽ ദഹാക് പ്രതികരിച്ചു. യുഎഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ കാണിച്ചുതന്ന ദീർഘവീക്ഷണത്തോടെയുള്ള പാതയിലൂടെയാണ് രാജ്യം ഇന്നും മുന്നോട്ടുപോകുന്നതെന്നും അവർ വ്യക്തമാക്കി.
മാലിന്യ സംസ്കരണത്തിലും സമുദ്ര വിഭവങ്ങളുടെ സുരക്ഷിതത്വത്തിലും 100ൽ 100 മാർക്കും നേടിയാണ് യുഎഇ ആഗോളതലത്തിൽ ഒന്നാമതെത്തിയത്. കടൽ ജീവനുകളെ ദോഷകരമായി ബാധിക്കുന്ന വലിയ വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം പൂർണ്ണമായി തടയാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ, മലിനജല സംസ്കരണത്തിൽ ആഗോളതലത്തിൽ 19-ാം സ്ഥാനവും രാജ്യം സ്വന്തമാക്കി.
പ്രകൃതിയെ വീണ്ടെടുക്കാൻ അത്യാധുനിക സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയ തോതിൽ യുഎഇ ഉപയോഗിക്കുന്നുണ്ട്. 2030-ഓടെ 10 കോടി കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ പകുതിയിലധികം രാജ്യം ഇതിനകം കൈവരിച്ചു കഴിഞ്ഞു. മനുഷ്യർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള തീരപ്രദേശങ്ങളിൽ യുഎഇ സ്വന്തമായി വികസിപ്പിച്ച എഐ ഡ്രോണുകൾ ഉപയോഗിച്ചാണ് വിത്തുകൾ വിതറുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെടികളുടെ വളർച്ചയും അന്തരീക്ഷ നിലവാരവും രാജ്യം തത്സമയം നിരീക്ഷിക്കുന്നുണ്ട്.
Content Highlights: The UAE has secured the top position in the Arab world for environmental protection achievements. The recognition highlights the country’s efforts in sustainability, conservation, and climate-related initiatives.