സൈറണുകള്‍ മുഴങ്ങുമ്പോള്‍ എന്ത് ചെയ്യണം? ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ

നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും പൊതുജനങ്ങള്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്

ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി യുഎഇ. ഇന്ന് രാവിലെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് യുഎഇ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും പൊതുജനങ്ങള്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

മിസൈല്‍ സംബന്ധമായ അറിയിപ്പുകള്‍ വരുമ്പോള്‍ ആളുകള്‍ വീടുകളിലേക്കോ, മറ്റേതെങ്കിലും സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ മാറണം. എല്ലാം ശെരിയായി എന്ന അടുത്ത അറിയിപ്പിന് ശേഷം മാത്രം പുറത്തേക്ക് പോകുക, ജനാല, ബാല്‍ക്കണികള്‍, ടെറസ് എന്നിങ്ങനെയുള്ള തുറന്ന പ്രദേശങ്ങളില്‍ നില്‍ക്കാതിരിക്കുക. കെട്ടിടങ്ങള്‍ക്കുള്ളിലോ, മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്കോ നീങ്ങുക തുടങ്ങിയ മുന്നറിയിപ്പുകളാണ് യുഎഇ നല്‍കുന്നത്.

മുന്നറിയിപ്പുകള്‍ക്കായി ഔദ്യോഗിക സൈറ്റുകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളെയോ ആശ്രയിക്കുക. മിസൈലുകള്‍, ഡ്രോണുകള്‍ അല്ലെങ്കില്‍ ആക്രമണങ്ങള്‍ തുടങ്ങിയവയുടെ ദൃശ്യങ്ങളോ വീഡിയോകളോ മൊബൈല്‍ ഫോണില്‍ പകര്‍ത്താതിരിക്കുക. ഇത് സാമൂഹ്യമാധ്യമത്തിലോ മറ്റുള്ളവര്‍ക്കോ പങ്കുവെക്കരുതെന്നും അധികൃതര്‍ പറയുന്നു. മറ്റുള്ളവരെ ഭയപ്പെടുത്താതിരിക്കാനാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത്യാഹിത ഘട്ടങ്ങളില്‍ അല്ലാതെ 999 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് വിളിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

പൊതുസ്ഥലങ്ങളില്‍ ആണെങ്കില്‍ പരിഭ്രാന്തരാവാതിരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. പെട്ടെന്ന് തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുക. തൂണുകള്‍, ബില്‍ബോര്‍ഡുകള്‍, കണ്ണാടി പ്രതലങ്ങള്‍ എന്നിവയില്‍ നിന്നും അകന്നു നില്‍ക്കുക. പുക നിറഞ്ഞതും മറ്റുമായ സ്ഥലങ്ങളിലാണ് ഉള്ളതെങ്കില്‍ മലര്‍ന്ന് കിടന്ന് തലയും മൂക്കും മൂടുന്ന രീതിയില്‍ സംരക്ഷിച്ച് നിര്‍ത്തുക.

മാളുകളിലോ കൊട്ടിടങ്ങള്‍ക്കുള്ളിലോ ആണെങ്കില്‍ ജനാലകള്‍ക്കരികില്‍ നിന്നും കണ്ണാടി പ്രതലങ്ങളില്‍ നിന്നോ അകന്ന് നില്‍ക്കണം. സുരക്ഷാ അധികൃതര്‍ പറയുന്നത് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുക. സ്റ്റെപ്പുകള്‍ ഉപയോഗിച്ച് പുറത്ത് കടക്കുക, ഒരിക്കലും ലിഫ്റ്റ് ഉപയോഗിക്കാന്‍ പാടില്ല. സുരക്ഷിതമാണെന്ന് അധികൃതര്‍ പറയുന്ന സ്ഥലങ്ങളിലേക്ക് മാത്രം പോകുക.

വാഹനം ഓടിക്കുകയാണെങ്കില്‍ വേഗത്തില്‍ നിങ്ങളുടെ സ്ഥലത്തേക്ക് യാത്ര തുടരുക. വാഹനം നിര്‍ത്തുകയോ ആക്രമണത്തിന്റെ ചിത്രങ്ങളോ, വീഡിയോകളോ എടുക്കാനോ പാടില്ല. നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ വേഗം വീടിനുള്ളിലേക്ക് കയറുക. മിസൈല്‍, ഡ്രോണ്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ അടുത്തേക്ക് പോകരുത്. പെട്ടെന്ന് തന്നെ അധികൃതരെ വിളിച്ച് സ്ഥലം കൃത്യമായി അറിയിക്കുക. സൈറണുകള്‍ മുഴങ്ങുമ്പോള്‍ കുട്ടികളെ പരിഭ്രാന്തിയിലാക്കാതിരിക്കുക, സത്യമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് കുട്ടികളെ ഭയപ്പെടുത്താതിരിക്കുക.

പ്രായമായവര്‍ക്കും ദുര്‍ബലരായവര്‍ക്കും കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുക. അതുപോലെ തന്നെ ഔദ്യോഗിക സ്ഥാപനങ്ങളില്‍ നിന്നുമാണെന്ന് പറഞ്ഞ് മൊബൈല്‍ ഫോണില്‍ വരുന്ന സംശയാസ്പദമായ ലിങ്കുകളിലും സന്ദേശങ്ങളിലും കയറാതിരിക്കുക, അവ വിശ്വസിക്കാതിരിക്കുക. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാതിരിക്കുക. പങ്കുവെയ്ക്കുന്നതിന് മുന്‍പ് അത് സത്യമാണെന്ന് ഉറപ്പുവരുത്തുക. സര്‍ക്കാര്‍ ഉത്തരവുകളും അറിയിപ്പുകളും മാത്രം വിശ്വസിക്കുക.

വളര്‍ത്തുമൃഗങ്ങളെ കെട്ടിടത്തിനുള്ളില്‍ സുരക്ഷിതരായി നിര്‍ത്തണം. ഭക്ഷണം, വെള്ളം എന്നിവ നല്‍കുക. സംഭവസ്ഥലങ്ങളുടെ അടുത്തേക്ക് വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകാതിരിക്കുക. വീട്ടുകാര്‍ താമസസ്ഥലത്ത് നിന്ന് മാറുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെയും കൂടെകൂട്ടണം. അധികൃതര്‍ പൊതുജനങ്ങളെ സുരക്ഷിതരാക്കാനാണ് ശ്രമിക്കുന്നതെന്നും അതുകൊണ്ട് തന്നെ ആളുകള്‍ സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ജാഗ്രതാ നിര്‍ദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ സുരക്ഷിതരായി നില്‍ക്കണമെന്നും അറിയിപ്പുണ്ട്.

ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ആക്രമിക്കപ്പെട്ടതിന് ശേഷം ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം ശക്തമാക്കുകയായിരുന്നു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞു കിടക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. സുരക്ഷയെയും ആഗോള ഊര്‍ജ്ജ വിതരണത്തെയും പ്രതിസന്ധിയിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: The UAE has issued public safety guidance, advising residents to follow official instructions amid the ongoing West Asia conflict.

To advertise here,contact us