മാന്യമായ വസ്ത്രധാരണം,സുരക്ഷയ്ക്ക് ഭീഷണിയായ വസ്തുക്കള്‍ പാടില്ല;പെരുമാറ്റച്ചട്ടം പുറത്തിറക്കി ഇത്തിഹാദ് റെയില്‍

സുരക്ഷയേറിയതും സൗകര്യപൂര്‍വവുമായിട്ടുള്ള യാത്രയ്ക്ക് വേണ്ടിയാണ് വ്യവസ്ഥകള്‍ ഇത്തിഹാദ് റെയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

യാത്രക്കാര്‍ക്കായി പെരുമാറ്റ ചട്ടം തയ്യാറാക്കി ഇത്തിഹാദ് റെയില്‍. മാന്യമായ വസ്ത്രധാരണം, പുകവലി നിരോധനം, പകര്‍ച്ച വ്യാധികള്‍ പിടിപ്പെട്ടവരെ റെയിലില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് പുറത്തിറക്കിയത്. സുരക്ഷയേറിയതും സൗകര്യപൂര്‍വവുമായിട്ടുള്ള യാത്രയ്ക്ക് വേണ്ടിയാണ് വ്യവസ്ഥകള്‍ ഇത്തിഹാദ് റെയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. 

യാത്രക്കാര്‍ക്കുള്ള പുതിയ പാസഞ്ചര്‍ ചാര്‍ട്ട് പ്രകാരം ഇത്തിഹാദ് റെയിലില്‍ യാത്ര ചെയ്യുമ്പോഴും റെയില്‍വേ സ്‌റ്റേഷനുകളില്‍ നില്‍ക്കുമ്പോഴും മാന്യമായ വസ്ത്രങ്ങള്‍ ധരിക്കണം. റിവീലിങ്ങ് വസ്ത്രങ്ങള്‍, അധിക്ഷേപകരമായ ചിത്രങ്ങളോടു കൂടിയ വസ്ത്രങ്ങള്‍, മുദ്രാവാക്യങ്ങളോ അക്ഷരങ്ങളോ ഉള്ള വസ്ത്രങ്ങള്‍ എന്നിവ പ്രാദേശിക സംസ്‌കാരവും മാനദണ്ഡങ്ങളും അനുസരിച്ച് നിരോധിച്ചിരിക്കുന്നു.

ഈ ചട്ടങ്ങള്‍ പ്രകാരം ട്രെയിനില്‍ യാത്ര ചെയ്യാന്‍ യോഗ്യരല്ലാത്ത ആളുകളെ യാത്രയില്‍ നിന്നും തടയാന്‍ ഇത്തിഹാദ് റെയില്‍ അധികാരികള്‍ക്ക് അനുവാദമുണ്ടെന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു. റെയില്‍വേ സ്റ്റേഷന്‍, റെയില്‍ തുടങ്ങി ടിക്കറ്റെടുത്ത് യാത്ര ചെയ്യാന്‍ കഴിയുന്ന എല്ലാ സ്ഥലങ്ങളിലും ഇത്തരം ആളുകള്‍ക്ക് വിലക്കുണ്ട്. ഇവിടങ്ങളിലെല്ലാം തന്നെ യാത്രക്കാരോട് ബഹുമാനത്തോടെ പെരുമാറണമെന്നും അധികൃതര്‍ അറിയിച്ചു. അശ്ലീല പ്രയോഗങ്ങളോ, അധിക്ഷേപ പ്രയോഗങ്ങളോ ഉപയോഗിക്കാന്‍ പാടില്ല. മറ്റുള്ളവരെ മോശപ്പെടുത്തുന്നതോ ഭയപ്പെടുത്തുന്നതോ ആയ ഭാഷകള്‍ ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

അധികൃതര്‍ പറയുന്നതനുസരിച്ച് യാത്രക്കാര്‍ ക്യൂ പാലിക്കണം. അല്ലാത്ത പക്ഷം അത് നിയമലംഘനമാണ്. റെയില്‍വേ വസ്തുക്കള്‍ നശിപ്പിക്കുവാനോ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആയ വസ്തുക്കള്‍ യാത്രക്കാര്‍ കൈവശം വെക്കുന്നതും നിയമലംഘനമാണ്. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും പുകവലി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. സിഗരറ്റ്, സിഗാര്‍, പൈപ്പ്, ഇലക്‌ട്രോണിക് സിഗരറ്റുകള്‍, വേപ്പിംഗ് ഉപകരണങ്ങള്‍, സമാനമായ മറ്റെന്തെങ്കിലും സാധനങ്ങള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു.

ഇത്തിഹാദ് റെയിലില്‍ പുകവലിക്കുന്നതിനായി പ്രത്യേകം സ്ഥലങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അത്തരം സ്ഥലങ്ങളില്‍ നിന്ന് മാത്രം പുകവലിക്കുക. കൂടാതെ തീപ്പെട്ടി, ലൈറ്റര്‍ അല്ലെങ്കില്‍ അത്തരം തീ കത്താന്‍ സാധ്യതയുള്ള വസ്തുക്കള്‍ റെയിലില്‍ കൊണ്ടുപോകാന്‍ പാടില്ല. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതും വില്‍ക്കുന്നതും യുഎഇ നിയമപ്രകാരം നിരോധിച്ചിരിക്കുന്നതാണ്. ആയതിനാല്‍ ഇത്തരത്തിലുള്ള വസ്തുക്കള്‍ റെയിലില്‍ കൊണ്ടുപോകാനോ ഉപയോഗിക്കാനോ പാടില്ല.

റെയിലിലെ വാതിലില്‍ നില്‍ക്കുന്നതും മറ്റ് യാത്രക്കാരെ റെയിലില്‍ കയറാന്‍ സമ്മതിക്കാതിരിക്കുന്നതും നിരോധിച്ചിരിക്കുന്നു. എമര്‍ജന്‍സി ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും അനാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഭിക്ഷ യാജിക്കുക, പരസ്യങ്ങളുടെ സര്‍വീസുകള്‍ നടത്തുക, സാധനങ്ങള്‍ വില്‍ക്കുക എന്നിവയും റെയിലില്‍ നിരോധിച്ചിരിക്കുന്നു.

ഇത്തിഹാദ് റെയിലില്‍ നിന്ന് ഇത്തരത്തിലുള്ള ചട്ടലംഘനം ചെയ്യുകയാണെങ്കില്‍ ആ വ്യക്തി യുഎഇ നിയമപ്രകാരം നിയമനടപടിക്ക് വിധേയനാകുമെന്ന് റെയില്‍ അധികൃതര്‍ അറിയിച്ചു. കൂടാതെ എന്തെങ്കിലും സാധനങ്ങള്‍ നശിപ്പിച്ചത് ശ്രദ്ധയില്‍ പെട്ടാല്‍ നഷ്ടപരിഹാരം ചുമത്തുമെന്നും അറിയിച്ചു. മൊബൈല്‍ ഫോണുകള്‍, ടാബ്‌ലെറ്റുകള്‍, ലാപ്‌ടോപുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ ഉപയോഗിക്കണമെന്നും ചട്ടത്തില്‍ പറയുന്നു. ഓഡിയോ കേള്‍ക്കുകയാണെങ്കില്‍ സഹയാത്രക്കാരെ ശല്യപ്പെടുത്താതെ ഹെഡ്‌ഫോണ്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlight: Etihad Rail has outlined regulations covering dress code, smoking, public health, and passenger conduct

To advertise here,contact us