യുഎഇയിലെ പ്ലസ് ടു ഉന്നത വിജയികൾക്ക് വമ്പൻ ഓഫർ; ഷാർജ യൂണിവേഴ്സിറ്റിയിൽ ഫ്രീയായി പഠിക്കാം

പഠനം പൂർത്തിയാകുന്നത് വരെയുള്ള മുഴുവൻ ട്യൂഷൻ ഫീസും ഈ സ്കോളർഷിപ്പിലൂടെ ഭരണകൂടം വഹിക്കും.

യുഎഇയിലെ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷകളിൽ മികച്ച വിജയം സ്വന്തമാക്കിയ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ച് ഷാർജ ഡെപ്യൂട്ടി റൂളറും ഷാർജ യൂണിവേഴ്സിറ്റി പ്രസിഡന്റുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി. ഈ സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഷാർജ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഏതൊരു അക്രഡിറ്റഡ് ബിരുദ പ്രോഗ്രാമുകളിലും തികച്ചും സൗജന്യമായി പഠിക്കാൻ സാധിക്കും. 2025–2026 അധ്യയന വർഷത്തിൽ വിവിധ സ്ട്രീമുകളിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയ സ്വദേശികളും വിദേശികളുമായ വിദ്യാർത്ഥികൾക്കാണ് ഈ സുവർണ്ണാവസരം ലഭിക്കുക. പഠനം പൂർത്തിയാകുന്നത് വരെയുള്ള മുഴുവൻ ട്യൂഷൻ ഫീസും ഈ സ്കോളർഷിപ്പിലൂടെ ഭരണകൂടം വഹിക്കും.

മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ഉപരിപഠനം തുടരാനും ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം തന്നെ ഭാവിയിലെ തൊഴിൽ മേഖലയ്ക്ക് അനുയോജ്യരായ മിടുക്കരായ പ്രൊഫഷണലുകളെ വാർത്തെടുക്കാനുള്ള സർവ്വകലാശാലയുടെ ശ്രമങ്ങൾക്ക് ഇത് കൂടുതൽ കരുത്തുപകരും.

ഹൈസ്കൂൾ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അവരുടെ കുടുംബാംഗങ്ങളെയും ഷെയ്ഖ് സുൽത്താൻ പ്രത്യേകം അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും മികച്ച അക്കാദമിക് നേട്ടങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചു. ഉയർന്ന നിലവാരമുള്ള അക്കാദമിക് പ്രോഗ്രാമുകളിലൂടെ കഴിവുള്ള വിദ്യാർത്ഥികളെ ആകർഷിക്കാൻ ഷാർജ യൂണിവേഴ്സിറ്റി എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിനും യുഎഇയുടെ ഭാവി വികസനത്തിനും വലിയ സംഭാവനകൾ നൽകാൻ കെൽപ്പുള്ള ഒരു പുതിയ തലമുറയെ വളർത്തിയെടുക്കാൻ ഇത്തരം തീരുമാനങ്ങൾ കാരണമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Content Highlights: High-achieving Plus Two students in the UAE have received a major opportunity to study at the University of Sharjah without tuition fees. The initiative aims to support talented students and encourage academic excellence.

To advertise here,contact us