ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സൈബർ തട്ടിപ്പുകാർ കൂടുതൽ ശക്തരാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കടുത്ത ജാഗ്രതാ നിർദ്ദേശവുമായി ദുബായിലെ സൈബർ സുരക്ഷാ വിദഗ്ധർ. മുൻകാലങ്ങളിൽ വ്യാജ ഇ-മെയിലുകളിലും സന്ദേശങ്ങളിലും ധാരാളം വ്യാകരണ തെറ്റുകളും സ്പെല്ലിംഗ് പിശകുകളും ഉണ്ടാകാറുണ്ടായിരുന്നു. എന്നാൽ ഇന്ന് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തികച്ചും ഔദ്യോഗികമെന്ന് തോന്നിക്കുന്ന തരത്തിൽ, തെറ്റുകളൊന്നുമില്ലാത്ത ഇ-മെയിലുകളും സന്ദേശങ്ങളും നിർമ്മിക്കാൻ തട്ടിപ്പുകാർക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഭാഷയോ എഴുത്തിലെ ശൈലിയോ നോക്കി മാത്രം തട്ടിപ്പുകൾ തിരിച്ചറിയുക ഇനി എളുപ്പമാകില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഭാഷാപരമായ സന്ദേശങ്ങൾക്ക് പുറമെ, ആളുകളുടെ ശബ്ദവും മുഖവും വ്യാജമായി നിർമ്മിക്കുന്ന വോയ്സ്-വീഡിയോ ഡീപ്ഫേക്കുകളും തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഒരാളുടെ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ ശബ്ദത്തിലും രൂപത്തിലും വരെ വ്യാജ സന്ദേശങ്ങൾ നിങ്ങളെ തേടിയെത്തിയേക്കാം. ഇത്തരം സാഹചര്യങ്ങളിൽ, പെട്ടെന്ന് പണമോ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെട്ട് കടുത്ത സമ്മർദ്ദം ചെലുത്തുന്ന രീതികളെയാണ് പ്രധാന അപകടസൂചനയായി കാണേണ്ടതെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നെന്ന വ്യാജേന 'ഉടൻ പണമടയ്ക്കണം, അല്ലെങ്കിൽ അക്കൗണ്ട് റദ്ദാക്കും' എന്ന രീതിയിൽ വരുന്ന സന്ദേശങ്ങളെ പൂർണ്ണമായും അവിശ്വസിക്കണമെന്ന് സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഫോണിൽ വരുന്ന ഒടിപി നമ്പറുകളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ യാതൊരു കാരണവശാലും ആരുമായും പങ്കുവെക്കരുത്. കൂടാതെ, ഇന്റർനെറ്റിൽ ലഭ്യമായ സൗജന്യ ചാറ്റ്ബോട്ടുകളിൽ പാസ്പോർട്ട്, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള സ്വകാര്യ രേഖകൾ അപ്ലോഡ് ചെയ്യുകയോ വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുത്. ഇത്തരം വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണെന്നും എപ്പോഴും ഡിജിറ്റൽ ഇടപാടുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും ദുബായിലെ സൈബർ സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
Content Highlights: Dubai authorities have urged residents to stay alert against voice-based scams. Fraudsters may imitate the voices of friends or family members and ask for money, making cyber security awareness essential.