ദുബായ് സിറ്റി വാക്കില്‍ സന്ദര്‍ശകര്‍ക്ക് ആശ്വാസം; ഒരു മണിക്കൂര്‍ പാര്‍ക്കിങ് സൗകര്യം

ഒരു മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിലും 5 ദിര്‍ഹം വീതം പാര്‍ക്കിങ്ങിന് വേണ്ടി ഈടാക്കും

സന്ദര്‍ശകര്‍ക്ക് അനുയോജ്യമായ സൗകര്യങ്ങളുമായി ദുബായ് സിറ്റി വാക്ക്. തടസമില്ലാത്ത, ടിക്കറ്റ് ഇല്ലാത്ത പാര്‍ക്കിങ്ങ് സൗകര്യം സിറ്റി വാക്കില്‍ ഒരുക്കിയതായി പാര്‍ക്കിന്‍ കമ്പനി അറിയിച്ചു. സിറ്റി വാക്കില്‍ ചെലവഴിക്കുന്ന ആദ്യത്തെ ഒരു മണിക്കൂറില്‍ പാര്‍ക്കിങ് സൗജന്യമാണ്. ഒരു മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിലും 5 ദിര്‍ഹം വീതം പാര്‍ക്കിങ്ങിന് വേണ്ടി ഈടാക്കും.

പാര്‍ക്കിന്‍ അക്കൗണ്ടിലൂടെ സ്വയമേവ ഈ തുക ഈടാക്കുന്നതായിരിക്കും. പാര്‍ക്കിന്‍ അക്കൗണ്ട് ഇല്ലാത്തതോ പാര്‍ക്കിന്‍ അക്കൗണ്ടില്‍ ആവശ്യത്തിന് തുക ഇല്ലാത്തതോ ആയ ആളുകള്‍ക്ക് നല്‍കുന്ന പേയ്‌മെന്റ് ലിങ്ക് വഴി പണം അടക്കാം. ബൊളേവാര്‍ഡിലെ സന്ദര്‍ശകര്‍ക്ക് ആദ്യത്തെ 30 മിനിറ്റായിരിക്കും പാര്‍ക്കിങ് സൗജന്യമായിരിക്കുക. അതിന് ശേഷം ഓരോ മണിക്കൂര്‍ വീതം 20 ദിര്‍ഹം ഈടാക്കും. ഇവിടെ സന്ദര്‍ശകരുടെ സാലിക് അക്കൗണ്ടില്‍ നിന്നായിരിക്കും പണം ഈടാക്കുകയെന്ന് സിറ്റി വാക്കിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാര്‍ക്കിങ്ങ് സൗജന്യമായിരിക്കും. പാര്‍ക്കിങ്ങ് ആധുനികവത്കരിക്കുക, കാത്തിരിപ്പ് സമയം കുറയ്ക്കുക, പ്രവേശന-എക്‌സിറ്റ് പോയിന്റുകളിലെ തിരക്ക് കുറയ്ക്കുക, ടിക്കറ്റിനായുള്ള തിരക്കുകള്‍ കുറയ്ക്കുക തുടങ്ങിയവ ലക്ഷ്യമാക്കിയിട്ടാണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഈ സൗകര്യം ലഭിക്കുന്നതിന് വേണ്ടി പാര്‍ക്കിന്‍ ആപ്പിലൂടെയോ സിറ്റി വാക്കിലെ ഔട്ട്‌ലെറ്റില്‍ നിന്നോ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ സാധൂകരിക്കേണ്ടതാണ്. അടുത്തിടെ ടിക്കറ്റിലാത്ത സ്മാര്‍ട്ട് പാര്‍ക്കിങ്ങ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി അല്‍ ഖുറൈര്‍ സെന്ററുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ പാര്‍ക്കിന്‍ കമ്പനി ഒപ്പിട്ടിരുന്നു.

Content Highlights: Dubai's City Walk has enhanced the visitor experience with the introduction of a barrier-free, ticketless parking system

To advertise here,contact us