ബുര്‍ജ് ഖലീഫയില്‍ വ്യത്യസ്തമായ, മനോഹരമായ ലൈറ്റുകളും ഡിസൈനുകളും കാണുമ്പോള്‍ ഇതെങ്ങനെയെന്ന് അത്ഭുതം തോന്നാറില്ലേ…ഈ അത്ഭുതം ഒരുക്കാൻ അവസരം നൽകുകയാണ് ബുര്‍ജ് ഖലീഫയുടെ ഡെവലപറായ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനി എമാര്‍ പ്രോപ്പര്‍ട്ടീസ്. ബുർജ് ഖലീഫയെ മനോഹരമാക്കുന്ന ലൈറ്റുകളും ഡിസൈനുകളും ഒരുക്കാൻ ലോകമെമ്പാടുമുള്ള കലാകാരന്മാരെ ക്ഷണിച്ചിരിക്കുകയാണ് എമാർ.
opencall@emaar.ae എന്ന ഇ മെയിലിലേക്കാണ് ഡിസൈനുകളുടെ എൻട്രി അയക്കേണ്ടത്. MP4 പ്രിവ്യൂ ആയിട്ടാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള മ്യൂസിക് അടങ്ങുന്ന ഡിസൈൻ എന്‍ട്രികള്‍ അയക്കേണ്ടത്. യഥാര്‍ത്ഥ പ്രൊജക്ഷന്റെ ഉയര്‍ന്ന റെസല്യൂഷന്‍ എംഒവി ഫയലും ഒപ്പം പ്രത്യേകം ഓഡിയോ ഫയലും അയക്കണം. എല്ലാ വിഷ്വലുകളും മ്യൂസിക്കും യഥാര്‍ത്ഥമായിരിക്കണം, കോപ്പി റൈറ്റ് ഉണ്ടാകരുത്. ഈ ഡിസൈനിനെ കുറിച്ചുള്ള 300 വാക്കില്‍ കുറയാത്ത ഒരു കുറിപ്പും എൻട്രിക്കൊപ്പം അയക്കണം.
എഐ ഉപയോഗിച്ച് കൊണ്ടുള്ള ഡിസൈനുകള്‍ സ്വീകരിക്കുന്നതായിരിക്കില്ല. പ്രൊജക്ഷന് യുഎഇയുടെ സാംസ്കാരിക മൂല്യങ്ങളുമായി ചേര്‍ന്ന് പോകുന്നതുമായിരിക്കണം. ക്രിയേറ്റിവിറ്റി, ഒറിജിനാലിറ്റി, ഇംപാക്ട്, സാങ്കേതികതയുടെ സാധ്യതകള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും എന്‍ട്രികള്‍ വിലയിരുത്തി വിജയിയെ നിര്‍ണയിക്കുക. ജൂലൈ എട്ട് മുതല്‍ എൻട്രികൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് 18ന് രാത്രി 11. 59 ന് എൻട്രികൾ സമർപ്പിക്കാനുള്ള സമയം അവസാനിക്കും.
നേരത്തെയും കലാകാരന്മാരെ ഇത്തരത്തിൽ ബുർജ് ഖലീഫയിൽ ഡിസൈനുകൾ പ്രദർശിപ്പിക്കാൻ വിളിച്ചിരുന്നെങ്കിലും യുഎഇയിലെ താമസക്കാര്‍ക്ക് മാത്രമായിരുന്നു അവസരം. എന്നാല്‍ ഇത്തവണ ലോകത്തിലെ ആര്‍ക്ക് വേണമെങ്കിലും ഇതിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. വിജയിയുടെ എല്‍ഇഡി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം കഴിഞ്ഞ തവണ 100,000 ദിര്‍ഹത്തിൻ്റെ സമ്മാനവുമുണ്ടായിരുന്നു. നിലവില്‍ ഇത്തവണത്തെ സമ്മാനത്തുക അറിയിച്ചിട്ടില്ല
Content Highlights: Entries are being invited to create a special design for display on Burj Khalifa, Dubai’s iconic landmark.