അബുദാബിയിൽ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരിൽ നിന്നും താൽക്കാലിക വിപണികളിൽ നിന്നും സാധനങ്ങൾ വാങ്ങരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി അധികൃതർ. ഇത്തരം കച്ചവടക്കാരിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾക്ക് യാതൊരുവിധ ഗുണനിലവാര പരിശോധനയും ഉണ്ടാകാറില്ലെന്നും ഇത് വാങ്ങുന്നവരുടെ ആരോഗ്യത്തെപ്പോലും ദോഷകരമായി ബാധിച്ചേക്കാമെന്നും അബുദാബി സിറ്റി മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകുന്നു. അംഗീകൃതവും ലൈസൻസുള്ളതുമായ കടകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം.
നിയമവിരുദ്ധമായ ഇത്തരം വഴിയോരക്കച്ചവടം പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് മാത്രമല്ല, നഗരത്തിന്റെ ഭംഗിയെയും വ്യവസ്ഥാപിതമായ കാഴ്ചയെയും ഇത് മോശമായി ബാധിക്കുന്നുണ്ട്. ലൈസൻസില്ലാത്ത കച്ചവടക്കാരെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്ന് മുൻസിപ്പാലിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയുടെ നിർദേശപ്രകാരം, ഇത്തരം ഇടങ്ങളിൽ വിൽക്കപ്പെടുന്ന സാധനങ്ങൾ കൃത്യമായ ആരോഗ്യ-നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാറില്ല. അതിനാൽ ഔദ്യോഗികമായി ലൈസൻസ് ഉള്ള മാളുകളിൽ നിന്നും കടകളിൽ നിന്നും മാത്രം സാധനങ്ങൾ വാങ്ങുക.
പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന ഇത്തരം തെറ്റായ പ്രവണതകൾ തടയുന്നതിൽ സമൂഹത്തിന് വലിയൊരു പങ്കുണ്ട്. സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഉത്പന്നങ്ങൾ മാത്രം വിപണിയിൽ ഉറപ്പാക്കാൻ അനധികൃത കച്ചവടങ്ങൾ ഇല്ലാതാക്കേണ്ടതുണ്ട്. നഗരത്തിൽ എവിടെയെങ്കിലും ഇത്തരം നിയമവിരുദ്ധമായ വഴിയോരക്കച്ചവടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അബുദാബി ഗവൺമെന്റിന്റെ കോൺടാക്ട് സെന്റർ നമ്പറായ 800555 എന്ന നമ്പറിൽ 24 മണിക്കൂറും പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാവുന്നതാണ്.
അതിനിടെ വഴിയോരക്കച്ചവടവും ലൈസൻസില്ലാത്ത വ്യാപാരങ്ങളും പൂർണ്ണമായും ഇല്ലാതാക്കുന്നതിനായി അബുദാബി സിറ്റി മുൻസിപ്പാലിറ്റി ബുധനാഴ്ച വിപുലമായ ഒരു ബോധവത്ക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ അബുദാബിയിലെ വിവിധ ജനവാസ കേന്ദ്രങ്ങളിലും വാണിജ്യ മേഖലകളിലും നേരിട്ടെത്തി ജനങ്ങളുമായി സംസാരിക്കുകയും ശരിയായ കച്ചവട രീതികളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു.
Content Highlights: Abu Dhabi authorities have advised residents not to buy products from street vendors, warning about possible risks related to unregulated sales and product quality.